Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ
Vishu Songs In Malayalam Movies: കണിക്കൊന്നപ്പൂക്കളും വിഷുസദ്യയുമൊക്കെ പ്രധാനികളാണെങ്കിലും വിഷു നാളിൽ മറക്കാൻ പറ്റാത്ത മറ്റൊന്ന് കൂടിയുണ്ട്, ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന വിഷുപ്പാട്ടുകൾ.

നാളെ മേടം ഒന്ന്. പുത്തൻ പ്രതീക്ഷകളോടെയും പ്രാർഥനകളോടെയും മലയാളികൾ വിഷുപ്പുലരിയെ വരവേൽക്കും. കണിക്കൊന്നപ്പൂക്കളും വിഷുസദ്യയുമൊക്കെ പ്രധാനികളാണെങ്കിലും വിഷു നാളിൽ മറക്കാൻ പറ്റാത്ത മറ്റൊന്ന് കൂടിയുണ്ട്, ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന വിഷുപ്പാട്ടുകൾ.
കണികാണും നേരം കമലനേത്രന്റെ…
വിഷുനാളിൽ മലയാളി മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഗാനമാണ് കണി കാണും നേരം. 1964ൽ ഇറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലെ ഗാനം. പൂന്താനത്തിന്റെ വരികൾക്ക് ജി. ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഗാനം പി.ലീലയും രേണുകയും ചേര്‍ന്നാണ് ആലാപിച്ചിരിക്കുന്നത്.
ചെത്തി മന്ദാരം തുളസി…
അടിമകൾ എന്ന ചിത്രത്തിലെ ഗാനം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുശീലാമ്മയാണ്.
മൗലിയിൽ മയിൽപ്പീലി ചാർത്തി…
രവീന്ദ്രന്റെ ഈണത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ നന്ദനത്തിലെ ഈ പാട്ട് മറക്കാൻ ഒരു മലയാളിക്കും കഴിയില്ല. കെ. എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പൊന്നിൻ കണിക്കൊന്ന പോലെ മലയാളി മനസ്സിൽ തിളങ്ങുന്ന മറ്റൊരു വിഷുപാട്ട്. ദേവാസുരം എന്ന ചിത്രത്തിലെ ഈ ഗാനം എംജി ശ്രീകുമാറും അരുന്ധതിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എംജി രാധാകൃഷ്ണന്റേതാണ് സംഗീതം.
കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാൽ…
അമ്മയെ കാണാൻ എന്ന ചിത്രത്തിൽ എസ്. ജാനകി ആലപിച്ച ഗാനം. കെ രാഘവൻ സംഗീതം പകർന്ന ഗാനം എഴുതിയത് പി ഭാസ്കരനാണ്. പ്രണയഗാനമാണെങ്കിലും വിഷു ഓർമകളിൽ ഈ പാട്ടിനും സ്ഥാനമുണ്ട്.