Vishu Movie Releases 2025: ‘ബസൂക്ക’ മുതൽ ‘ആഭ്യന്തര കുറ്റവാളി’ വരെ; വിഷു തകർപ്പനാക്കാൻ തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ ഇതാ
Vishu 2025 Movie Releases List: മമ്മൂട്ടി സ്റ്റെലിഷ് ലുക്കിൽ എത്തുന്ന 'ബസൂക്ക'യും, അടിയുടെ പൊടിപൂരവുമായി 'ആലപ്പുഴ ജിംഖാന'യും, ചിരിപ്പിക്കാൻ' മരണമാസും' ഉൾപ്പടെ ഈ വിഷുക്കാലം ആഘോഷമാക്കാൻ എത്തുകയാണ്.

സിനിമ പ്രേമികൾ കാത്തിരുന്ന വിഷുക്കാലം വരവായി. പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ് ഇത്തവണ വിഷു കളറാക്കാൻ തീയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടി സ്റ്റെലിഷ് ലുക്കിൽ എത്തുന്ന ‘ബസൂക്ക’യും, അടിയുടെ പൊടിപൂരവുമായി ‘ആലപ്പുഴ ജിംഖാന’യും, ചിരിപ്പിക്കാൻ’ മരണമാസും’ ഉൾപ്പടെ ഈ വിഷുക്കാലം ആഘോഷമാക്കാൻ എത്തുകയാണ്. അതേസമയം, മാർച്ച് അവസാന വാരം പ്രദർശനം ആരംഭിച്ച മോഹൻലാലിൻറെ ‘എമ്പുരാനും’ ബോക്സ് ഓഫീസിൽ ഇപ്പോഴും വിജയകുതിപ്പ് തുടരുകയാണ്.
വിഷു റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ നോക്കാം:
1. ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ബസൂക്ക’. ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡ്, തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറിൽ ജിനു വി അബ്രഹാമും ടോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബസൂക്ക’ ഏപ്രിൽ 10ന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
2. ആലപ്പുഴ ജിംഖാന
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സിങ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്ലാൻ ബി മോഷൻ പിക്ചേർസിൻ്റെയും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ 10ന് ‘ആലപ്പുഴ ജിംഖാന’ തിയേറ്ററുകളിലേക്ക് എത്തും.
3. മരണമാസ്
ബേസിൽ ജോസഫിനെ നായകനാക്കി സംവിധായാകൻ ശിവപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. ബേസിലിന് പുറമെ രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ 10നാണ് ‘മരണമാസ്’ തിയേറ്ററുകളിൽ എത്തുന്നത്.
4. ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടൈയ്നര്‍ വിഭാഗത്തിൽപെടുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ്. ചിത്രത്തിൽ ആസിഫ് അലിക്ക് പുറമെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരും അണിനിരക്കുന്നു. ‘ആഭ്യന്തര കുറ്റവാളി’ ഏപ്രില്‍ 17ന് തിയേറ്ററിലെത്തും.
5. ഗുഡ് ബാഡ് അഗ്ലി
മലയാളം മാത്രമല്ല അജിത്ത് നായകനായ തമിഴ് ചിത്രവും ഇത്തവണ വിഷുവിന് എത്തുന്നുണ്ട്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അജിത്തിന് പുറമെ ചിത്രത്തിൽ തൃഷ, സുനിൽ, പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഏപ്രിൽ 10ന് ‘ഗുഡ് ബാഡ് അഗ്ലി’ തീയേറ്ററുകളിൽ എത്തും.