Vishak Nair: ‘സ്വന്തം പേജ് എഡിറ്റ് ചെയ്തതിന് വിക്കിപീഡിയ എന്നെ ബ്ലോക്ക് ചെയ്തു; അങ്ങനെയാണ് അവരുടെ പോളിസി’: വിശാഖ് നായർ
Wikipedia Blocked Me Says Vishak Nair: തൻ്റെ സ്വന്തം പേജ് എഡിറ്റ് ചെയ്തതിന് വിക്കിപീഡിയ തന്നെ ബ്ലോക്ക് ചെയ്തു എന്ന് വെളിപ്പെടുത്തി വിശാഖ് നായർ. താൻ ഇടയ്ക്കിടെ തൻ്റെ പേജ് എഡിറ്റ് ചെയ്യാറുണ്ടായിരുന്നു എന്നും ഒരു ദിവസം വിക്കിപീഡിയ തന്നെ ബ്ലോക്ക് ചെയ്തെന്നും വിശാഖ് നായർ പ്രതികരിച്ചു.

സ്വന്തം പേജ് എഡിറ്റ് ചെയ്തതിന് വിക്കിപീഡിയ തന്നെ ബ്ലോക്ക് ചെയ്തു എന്ന് നടൻ വിശാഖ് നായർ. വിക്കിപീഡിയയിലെ സ്വന്തം പേജ് സ്വയം എഡിറ്റ് ചെയ്യരുതെന്നും അതാണ് വിക്കിപീഡിയയുടെ നിലപാടെന്നും വിശാഖ് നായർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് കൊടുത്ത ഇൻ്റർവ്യൂവിലാണ് വിശാഖ് നായർ ഇക്കാര്യം വ്യക്തമാക്കിയത്. തൻ്റെ ഏറ്റവും പുതിയ സിനിമ ഓഫീസർ ഓൺ ഡ്യൂട്ടി തീയറ്ററുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് താരത്തിൻ്റെ പ്രതികരണം.
“ഞാൻ തന്നെ പോയി വിക്കിപീഡിയയിൽ, വിശാഖിൻ്റെ അടുത്ത പടം ഇതാണ്, വിശാഖ് സൂപ്പറാണ് എന്നൊക്കെ എഴുതിത്തള്ളും. കഴിഞ്ഞ ദിവസം വിക്കിപീഡിയ എന്ന ബ്ലോക്ക് ചെയ്തു ബ്രോ. എൻ്റെ പേരിൽ ഒരു പേജുണ്ടെങ്കിൽ അത് നമ്മൾ എഡിറ്റ് ചെയ്യാൻ പാടില്ല എന്നതാണ് അവരുടെ പോളിസി. നമ്മുടെ ടീം അത് ചെയ്യാൻ പാടില്ല. അങ്ങനെയാണ് എല്ലാവരും ചെയ്യുന്നത്. പക്ഷേ, അത് ചെയ്യാൻ പാടില്ല. ഞാൻ എൻ്റെ ഒരു മണ്ടത്തരത്തിനും ഹോണസ്റ്റിക്കുമൊക്കെ ആയിട്ട് അവർക്ക് മെയിൽ ചെയ്തു. ‘സർ, ഇതെൻ്റെ അക്കൗണ്ടാണ്, ഞാനാണ് ഇത് ചെയ്യുന്നത്’ എന്നൊക്കെപ്പറഞ്ഞപ്പോൾ അവർ ഒരു ലെങ്തി റിപ്ലേ അയച്ചു. ‘വിക്കിപീഡിയയിൽ അങ്ങനെ ചെയ്യാൻ പാടില്ല. അത് ആൾക്കാർക്കുള്ളതാണ്. അവർ വന്ന് ചെയ്തോളും. ഇനി ഇത് ചെയ്യരുതെ’ന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്തു.”- വിശാഖ് നായർ പ്രതികരിച്ചു.
ഗണേഷ് രാജിൻ്റെ പ്രഥമ സംവിധാന സംരംഭമായ ‘ആനന്ദം’ എന്ന സിനിമയിലൂടെയാണ് വിശാഖ് നായർ സിനിമാഭിനയം ആരംഭിച്ചത്. 2016 ലാണ് ആനന്ദം റിലീസായത്. പിന്നീട് ഷബാഷ് മിത്തു എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറി. എമർജൻസി എന്ന ബോളിവുഡ് സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




ജിത്തു അഷ്റഫിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീറിൻ്റേതായിരുന്നു തിരക്കഥ. മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത് നായർ, സിബി ചവറ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. കുഞ്ചാക്കോ ബോബനൊപ്പം പ്രിയാമണി, ജഗദീഷ് എന്നിവരും സിനിമയിൽ അഭിനയിച്ചു. റോബി വർഗീസ് രാജ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ ചമൻ ചാക്കോ എഡിറ്റിങ് നിർവഹിച്ചു. ജേക്ക്സ് ബിജോയ് ആണ് സംഗീതം. ഈ വർഷം ഫെബ്രുവരി 20നാണ് സിനിമ തീയറ്ററിൽ റിലീസായത്. ഏകദേശം 12 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഇപ്പോൾ 50 കോടിയോളം രൂപ തീയറ്ററിൽ നിന്ന് നേടിയിട്ടുണ്ടെന്നാണ് വിവരം.