Viral News: പഠിച്ച സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു; വല്ലാത്ത പ്രതികാരം തന്നെ
തുര്‍ക്കി നടന്‍ കാഗ്ലര്‍ എര്‍ത്തുഗ്രുല്‍ ആണ് താന്‍ പഠിച്ച സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്ത് തരിപ്പണമാക്കിയത്
നാം ഓരോരുത്തരും വളരുമ്പോള്‍ നമ്മള്‍ പഠിച്ചെടുക്കുന്ന കാര്യങ്ങളില്‍ നല്ലതും ചീത്തയുമുണ്ടാകും. ഇത് പഠിച്ചെടുക്കാന്‍ നമ്മളെ സഹായിക്കുന്നതോ നമ്മുടെ വീടോ സ്‌കൂളോ ആയിരിക്കും. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ് അവരുടെ ചുറ്റുപാട്. നമ്മള്‍ക്ക് വന്നുചേരുന്ന പല അനുഭവങ്ങള്‍ അത് നല്ലതോ ചീത്തയോ ആയി കൊള്ളട്ടെ, അതിന്റെ ഓര്‍മകളെല്ലാം നാം മരിക്കുവോളം നമ്മെ പിന്തുടരും.
മധുരമുള്ള ഓര്‍മകള്‍ മനസിലേക്ക് ഓടിയെത്തുമ്പോള്‍ മുഖത്ത് വിരിയുന്നത് പുഞ്ചിരിയാണെങ്കില്‍ കയ്‌പ്പേറിയ ഓര്‍മകള്‍ നമ്മെ വീണ്ടും വീണ്ടും മുറിപ്പെടുത്തും. അതിനെ മറികടക്കാന്‍ പല വഴികള്‍ നോക്കിയാലും നടക്കാതെ വരികയും ചെയ്യും. ഓര്‍മകളെ മായ്ച്ചുകളയാന്‍ അത്ര എളുപ്പമല്ലല്ലോ. അതു വളരെയധികം ശരിവെക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തുര്‍ക്കിയില്‍ നിന്നുള്ളതാണ് ആ വാര്‍ത്ത. തുര്‍ക്കിയിലെ ഒരു നടനാണ് ആ വാര്‍ത്തയ്ക്ക് പിന്നില്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ നിരന്തരം തല്ലിയ അധ്യാപകരോടുള്ള പ്രതികാരം കൊണ്ടുചെന്നെത്തിച്ചത് എന്തിലാണെന്ന് അറിയാമോ? ആ സ്‌കൂള്‍ വിലയ്ക്ക് വാങ്ങി ആ കെട്ടിടം തകര്‍ത്ത് തരിപ്പണമാക്കുന്നതിലേക്കാണ്.
തുര്‍ക്കി നടന്‍ കാഗ്ലര്‍ എര്‍ത്തുഗ്രുല്‍ ആണ് താന്‍ പഠിച്ച സ്‌കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്ത് തരിപ്പണമാക്കിയത്. സ്‌കൂള്‍ തകര്‍ത്തതിന് ശേഷം അതിന്റെ അവശിഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ എപ്പോഴും എന്നെ തല്ലുമായിരുന്നു. അതുകൊണ്ട് ഞാന്‍ പഠിച്ച സ്‌കൂള്‍ ഞാന്‍ വാങ്ങി. അത് മുഴുവനും പൊളിച്ചു. അതിന്റെ സ്ഥാനത്ത് ഞാന്‍ ഇനി ഒന്നും നിര്‍മ്മിക്കില്ല. ആ അവശിഷ്ടങ്ങള്‍ എന്നിലുണ്ടായ ആഘാതം പോലെ എന്നും നിലനില്‍ക്കെട്ടെ,’ എര്‍ത്തുഗ്രല്‍ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിമിഷനേരം കൊണ്ടാണ് ചിത്രം ആളുകള്‍ ഏറ്റെടുത്തത്. നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും മറ്റുചിലര്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണുണ്ടാത്. സ്‌കൂള്‍ തകര്‍ത്തതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ആരാധകന്‍ എഴുതിയത് ഇങ്ങനെയാണ്. ‘ ഒരു കലാകാരനെന്ന നിലയില്‍ നിങ്ങളോടുള്ള ബഹുമാനം അനന്തമാണ്. പക്ഷെ ഇങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് വിശ്വസിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. നിങ്ങളുടെയും നിങ്ങളുടെ അധ്യാപകരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്, പക്ഷെ നിങ്ങള്‍ സ്‌കൂളിനെ ആകെ നശിപ്പിച്ചു. അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല,’ ആരാധകന്‍ എഴുതി.
പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തല്ലു കിട്ടിയ, വിജയിച്ച തലമുറകള്‍ മുതിര്‍ന്നവരോട് ബഹുമാനവും അച്ചടക്കവും ഉള്ളവരുമാണ് എന്നും നിങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ ജീവിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ നല്ലതുവരട്ടെയെന്നും ചിലര്‍ എഴുതി.
അഫിലി ആസ്‌ക് എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ല്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ലൈ അവാര്‍ഡും 2021 ലെ ഒരു ടിവി സീരീസിലെ മികച്ച നടനുള്ള ടെസ്‌കിലാറ്റിലെ അഭിനയത്തിന് ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ലൈ അവാര്‍ഡും കാഗ്ലര്‍ എര്‍ത്തുഗ്രുലിന് ലഭിച്ചിട്ടുണ്ട്.