5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Balabhaskar Death Case: വയലിൻ പ്രാണനായിരുന്നൊരാൾ… ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ?

Violinist Balabhaskar Death Case Update: 2018 സെപ്റ്റംബർ 25ന് ഞെട്ടലോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്ത കേരളം കേട്ടത്.

Balabhaskar Death Case: വയലിൻ പ്രാണനായിരുന്നൊരാൾ… ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ?
Violinist Balabhaskar (image Credits: Social Media)
athira-ajithkumar
Athira CA | Updated On: 03 Dec 2024 13:52 PM

വയലിനിസ്റ്റ് ബാലഭാസ്കർ! മലയാളികളുടെ നെഞ്ചിലെ വിങ്ങൽ. പ്രായഭേദമന്യേയുള്ള സം​ഗീതപ്രേമികളുടെ പ്രിയങ്കരനായ വയലിനിസ്റ്റായിരുന്നു ബാലഭാസ്കർ. സം​ഗീതത്തിന്റെ എല്ലാ രാ​ഗങ്ങളും ശ്രുതികളും അർത്ഥങ്ങളുമെല്ലാം ഈ പേരിനൊപ്പമുണ്ട്. സം​ഗീതമായിരുന്നു ബാലുവിന്റെ ജീവശ്വാസം. വയലിൻ കമ്പികൾ കൊണ്ട് സം​ഗീതത്തിന്റെ മാന്ത്രിക ലോകത്തിലേക്ക് മലയാളിയെ നയിച്ച അനശ്വര പ്രതിഭ. പാതിവഴിയിൽ താളവും ശ്രുതിയും ഉപേക്ഷിച്ച് സം​ഗീതത്തോട് പോലും യാത്ര പറയാതെ ഈ ലോകത്ത് നിന്ന് ബാലു വിടപ്പറഞ്ഞപ്പോൾ അനാഥമായതും വയലിൻ സം​ഗീതമാണ്.

ആറ് വർഷങ്ങൾക്ക് ശേഷം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അർജുൻ എന്ന പേരിലൂടെ കേരളം വീണ്ടും ചർച്ചചെയ്യുകയാണ്. 2018 സെപ്റ്റംബർ 25ന് ഞെട്ടലോടെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്ത കേരളം കേട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ അപടകത്തിൽ വച്ച് തന്നെ മകൾ തേജസ്വനി ബാല ഈ ലോകത്തോട് വിട പറഞ്ഞു. വയലിൻ കമ്പികളിൽ ശ്രുതി മീട്ടാനായി ബാലഭാസ്കർ തിരിച്ചുവരുന്ന പ്രതീക്ഷയിലായിരുന്നു സം​ഗീതലോകം. പ്രാർത്ഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ടിന് ബാലു നാടിനെ കണ്ണീരണിയിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കേസിന്റെ നാൾവഴികൾ

ലോക്കൽ പൊലീസ് കേസന്വേഷിച്ചതിലൂടെ ദൂരുഹതകൾ ഒരോന്നായി പുറത്തുവന്നു. ഒക്ടോബർ 18-ന് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്ന് ഡ്രെെവർ അർജുൻ മൊഴി നൽകി. എന്നാൽ ഈ മൊഴി തള്ളിക്കൊണ്ട് നവംബർ 3-ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രം​ഗത്തെത്തിയതോടെ കേസ് മാറിമറിഞ്ഞത്. 2019 ജനുവരി 29-ന് അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറി. ബാലഭാസ്കറിന്റെ സഹപ്രവർത്തകരായ വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും 2019-ന് ജൂൺ 1-ന് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് കേസ് അടുത്തഘട്ടത്തിലേക്ക് പോകുന്നത്.

ക്രെെംബ്രാഞ്ച് സംഘവും ലക്ഷമിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ​ഗ്ധ സമിതി അർജുൻ ആയിരിക്കാം വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. കാറിലുണ്ടായിരുന്ന സ്വർണവും പണവും തന്റേതെന്ന് ലക്ഷ്മി പറഞ്ഞു. ഇതിനിടയിലായാണ് ബാലഭാസ്കറിനെ ഒരു സംഘം മർദ്ദിച്ചെന്ന് വെളിപ്പെടുത്തലുമായി കലാഭവൻ സോബി ക്രെെംബ്രാഞ്ചിന് രഹസ്യമൊഴി നൽകിയത്. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി 2019 ജൂൺ 19-ന് വാഹനാപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. സ്വർണക്കടത്ത് സംഘങ്ങൾക്ക് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് ക്രെെംബ്രാഞ്ച് ഹെെക്കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണം

ബാലഭാസ്കറിന്റെ കുടുംബത്തിന്റെ നിരന്തരമായ അഭ്യർത്ഥന പ്രകാരം 2019 ഡിസംബർ 10-ന് അന്വേഷണം സിബിഐക്ക് കെെമാറി. സിബിഐ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ ഷോബി, അർജുൻ എന്നിവരെ നുണ പരിശോധനയ്ക്ക് ഹാജരാക്കി. 2020 നവംബറിൽ ബാലഭാസ്കറിനെ ഒരു സംഘം മർദ്ദിച്ചെന്ന ഷോബിയുടെ മൊഴി കള്ളമാണെന്ന് റിപ്പോർട്ട് വന്നു. ബാലഭാസ്കറിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് 2021 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഫെബ്രുവരി 2-ന് മനപൂർവ്വമല്ലാത്ത നരഹത്യക്ക് അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് 2022 മാർച്ച് 16-ന് ബാലഭാസ്കറിന്റെ മാതാപിതാകൾ ഹർജി നൽകിയെങ്കിലും അപകടമരണം തന്നെയാണെന്ന് ആവർത്തിച്ച് കോടതി ജൂലെെയിൽ ഹർജി തള്ളി.  മകന്റെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്കറിന്റെ അച്ഛൻ 2023 ഓ​ഗസ്റ്റ് 23-ന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഒക്ടോബർ 5-ന് മരണത്തിൽ സംശയം ഉന്നയിച്ച് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 20 സംശയങ്ങളാണ് കോടതി ഉന്നയിച്ചത്.

അർജുൻ്റെ അറസ്റ്റ്

ബാലഭാസ്‌കറിന്റെ ഡ്രെെവർ അർജുൻ കെ നാരയണനെ പെരിന്തൽമണ്ണ സ്വർണ കവർച്ചാ കേസിൽ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് ബാലുവിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ആക്ഷേപം വീണ്ടും ചർച്ചയായത്. എന്നാൽ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ഹെെക്കോടതിയുടെ സംശയത്തിന്മേൽ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് ഇനിയും പൂർണമായും പുറത്തുവന്നിട്ടില്ല. ഹെെക്കോടതി ഉന്നയിച്ച സംശയങ്ങളിൽ സിബിഐ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന എന്നാണ് വിവരം.

മകന്റെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് വീണ്ടും പിതാവ് ഉണ്ണി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു. ബാലഭാസ്കറിന്റെ മരണത്തിന് ശേഷമാണ് അർജുൻ പ്രതിയായ കേസുകളെ കുറിച്ച് പുറം ലോകം അറിയുന്നത്. ഡ്രൈവർ അർജുന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സിബിഐക്ക് കിട്ടിയ തുറുപ്പുചീട്ടാണ് അർജുന്റെ നിലവിലെ അറസ്റ്റെന്നാണ് ബാലഭാസ്കറിന്റെ സുഹൃത്തുകൾ പറയുന്നത്. പൊലീസിനും സിബിഐയും അർജുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. സഹതാപത്തിന്റെ മുഖംമൂടിയിൽ ലക്ഷമിയുടെ മൊഴിയും കൃത്യമായി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. സഹതാപമല്ല ഇനി വേണ്ടത്. സത്യം തെളിയിക്കുക എന്നതാണ്. വടക്കുംനാഥ ക്ഷേത്രത്തിൽ നിന്ന് ബാലുവും കുടുംബവും എന്തിനാണ് അതിവേ​ഗം തിരുവനന്തപുരത്തേക്ക് മടങ്ങി എന്നതും അന്വേഷണ സംഘം കണ്ടെത്തേണ്ടതുണ്ട്- ബാലുവിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജോയ് തമ്മലം പറഞ്ഞു.

സിനിമയിലെ സം​ഗീത സംവിധാനത്തെക്കാൾ ബാലു ഇഷ്ടപ്പെട്ടത് താൻ മൂന്ന് വയസുമുതൽ കൂടെ കുട്ടിയ വയലിനോടാണ്. യേശുദാസ്, കെ.എസ്.ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖർക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളിൽ ബാലു ഭാ​ഗമായി. ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന അത്രയും ഉയരത്തെത്തിയാണ് ബാലുവിന്റെ വിടപറച്ചിൽ. ബാലഭാസ്കറിനോടുള്ള ഇഷ്ടം മൂലം തന്റെ മകന് അതേ പേര് നൽകിയ അമ്മമാരുള്ള ലോകമാണിത്. എല്ലാവരും ആ​ഗ്രഹിക്കുന്നതും ഒന്ന് മാത്രം സത്യം പുറത്ത് വരണം.