Vincy Aloshious: ‘നടന്റെയോ സിനിമയുടെയോ പേര് പറയാൻ ഉദ്ദേശിച്ചിട്ടില്ല, പൊലീസിൽ പരാതി നൽകില്ല, കൂടെ നിന്നവർക്ക് നന്ദി ‘: വിൻസി അലോഷ്യസ്
Vincy Aloshious About Shine Tom Chacko’s Misbehavior at Shooting Location: നടനെതിരെ പോലീസിൽ പരാതി നൽകില്ലെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും വിൻസി അലോഷ്യസ് പറഞ്ഞു.

തിരുവനന്തപുരം: സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടി വിൻസി അലോഷ്യസ്. വളരെ രഹസ്യമായിട്ടാണ് താൻ പരാതി സമർപ്പിച്ചതെന്നും, ഒന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വിൻസി പറഞ്ഞു. നടന്റെയോ സിനിമയുടെയോ പേര് പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ആരോപണം നടനെതിരെയാണ് സിനിമയ്‌ക്കെതിരെ അല്ലെന്നും നടി പ്രതികരിച്ചു. സംഭവത്തിന് പിന്നാലെ സംവിധായകൻ നടന് താക്കീത് നൽകിയിരുന്നുവെന്നും വിൻസിപറയുന്നു. നടനെതിരെ പോലീസിൽ പരാതി നൽകില്ലെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിൻസിയുടെ പ്രതികരണം.
അതേസമയം, ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഫിലിം ചേംബറിൽ വിൻസി അലോഷ്യസ് പരാതി നൽകി. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്ക് മോശം അനുഭവമുണ്ടായത്. നേരത്തെ, ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമായിരുന്നു വിൻസി വെളിപ്പെടുത്തിയത്. നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ആ നടൻ ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനും ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. നടിയുടെ പരാതിയിൽ ചേംബർ തിങ്കളാഴ്ച ചർച്ചനടത്തും.
വിൻസിയ്ക്ക് പരാതിയുണ്ടെങ്കിൽ വിഷയത്തിൽ നടപടിയെടുക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിൻസി നടനെതിരെ പരാതി നൽകില്ലെന്ന നിലപാടിലാണ്. എങ്കിലും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണം ഉള്ളതിനാൽ സംഭവത്തിൽ എക്സൈസും നടപടിയെടുത്തേക്കും. അതേസമയം, കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം താൻ ഇനി അഭിനയിക്കില്ലെന്ന് വിൻസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയത്.
ALSO READ: ലഹരി പരിശോധന; ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
ലഹരി ഉപയോഗിച്ച പ്രധാന നടനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അദ്ദേഹം പ്രധാന കഥാപാത്രമായതിനാൽ ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടിയെന്നും നടി പറഞ്ഞിരുന്നു. തന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് ശരിയാക്കാൻ പോയപ്പോൾ എല്ലാവരുടെ മുൻപിൽ വച്ച് തന്നോട് ആ നടൻ മോശമായി പെരുമാറിയെന്നും വിൻസി വെളിപ്പെടുത്തിയിരുന്നു.