Vinayakan: ‘സിനിമ തൻ്റെ കുടുംബ സ്വത്താണോ? സിനിമ നിർമിക്കണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി’; ജി സുരേഷ്കുമാറിനെതിരെ നടൻ വിനായകൻ
Vinayakan Criticizes G Suresh Kumar: അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് തന്റെ ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.

ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. മലയാള സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജി സുരേഷ് കുമാർ നേരത്തെ രംഗത്ത് വന്നിരുന്നു. അതിനെ വിമർശിച്ചു കൊണ്ടാണ് വിനായകൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് തന്റെ ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.
‘സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ’ എന്ന് ചോദിച്ചുകൊണ്ടാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നും, താൻ ഒരു സിനിമ നടനാണ്, സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും, വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഇന്ത്യ ആണെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. ജയ്ഹിന്ദ് പറഞ്ഞുകൊണ്ടാണ് നടൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിനായകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
മലയാള സിനിമാ നിർമാതാക്കൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജി സുരേഷ് കുമാർ നേരത്തെ രംഗത്തെത്തിയത്. 100 കോടി ഷെയർ വന്ന ഒരു മലയാള സിനിമ കാണിച്ചു താരം കഴിയുമോ എന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. നിർമാതാക്കൾ അല്ല തങ്ങളുടെ സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് പറയുന്നതെന്നും, താരങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാർ ആരോപിച്ചു. സ്വന്തം ഗതികേട് അറിയാവുന്ന നിർമാതാക്കൾ ഒരിക്കലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷമിറങ്ങിയ 200 സിനിമകളിൽ 24 സിനിമകൾ മാത്രമാണ് വിജയിച്ചതെന്നും, വെറും 12 ശതമാനം മാത്രമാണ് വിജയ ശതമാനം എന്നും സുരേഷ് കുമാർ പറഞ്ഞു. 176 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞെന്നും, കഴിഞ്ഞ വർഷം നിർമാതാക്കൾക്ക് ഉണ്ടായ നഷ്ടം 650 – 700 കോടിക്കിടയിലാണെന്നും, പല നിർമാതാക്കളും നാടുവിട്ടു പോകേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
നിർമാതാവിന് ഒരു രീതിയിലും സിനിമ എടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോൾ മലയാളം സിനിമ പോയിക്കൊണ്ടിരിക്കുന്നത്. ഇതിലെ ഏറ്റവും പ്രധാന പ്രശ്നം നടീനടന്മാരുടെ പ്രതിഫലമാണ്. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര പ്രതിഫലമാണ് താരങ്ങൾ വാങ്ങുന്നത്. അവർ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാൻ ഇനി സാധിക്കില്ലെന്നും സുരേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. അതിനിടെ, താരങ്ങൾ സിനിമ നിർമിക്കുന്നതിന് വിമർശിച്ചും സുരേഷ് കുമാർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു.