Surya-Vikram Movie: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ശങ്കർ
Vikram and Suriya to Reunite After 21 Years: 21 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ 'പിതാമകൻ' എന്ന ചിത്രത്തിലാണ് സൂര്യയും വിക്രമും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചത്.

നടന്മാരായ സൂര്യയും വിക്രമും. (Image Credits: Twitter)
ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. 2003-ൽ പുറത്തിറങ്ങിയ ‘പിതാമകൻ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നത് ഇപ്പോഴാണ്. ‘വീരയുഗ നായകൻ വേൽപ്പാരി’ എന്ന തമിഴിലെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം എന്നാണ് വിവരം.
എസ് വെങ്കടേഷ് എഴുതിയ ‘വീരയുഗ നായകൻ വേൽപ്പാരി’ എന്ന നോവലിന്റെ അവകാശം ശങ്കർ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ലോക്ക്ഡൌൺ സമയത്ത് തന്നെ ഈ ചിത്രത്തിന്റെ ഡ്രാഫ്റ്റ് പൂർണമാക്കിയതായും, മൂന്ന് ഭാഗങ്ങളായാണ് ചിത്രം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ശങ്കർ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു.
21 വർഷങ്ങൾക്ക് മുൻപ് ബാല സംവിധാനം ചെയ്ത ‘പിതാമകൻ’ എന്ന ചിത്രത്തിലാണ് സൂര്യയും വിക്രമും ഇതിന് മുന്നേ ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രം അന്ന് ബോക്സ്ഓഫീസിൽ വലിയ വിജയം കൈവരിച്ചിരുന്നു. ‘പിതാമകനി’ലെ പ്രകടനത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. പിന്നീട് 2007-ൽ ‘അനതാരു’ എന്ന പേരിൽ ഈ ചിത്രം കന്നടയിൽ റീമെയ്ക്കും ചെയ്തിരുന്നു. അതിൽ ദർശൻ തൂഗുദീപ, ഉപേന്ദ്ര റാവോ എന്നിവരാണ് അഭിനയിച്ചത്.
ശങ്കർ- വിക്രം കൂട്ടുക്കെട്ടിൽ ഒരുങ്ങിയ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. ‘അന്യൻ’, ‘ഐ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. എന്നാൽ, സൂര്യയും ശങ്കറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. ഹിന്ദി ചിത്രമായ 3 ഇഡിയറ്റ്സിന്റെ റീമേക്കായ ‘നൻപനിൽ’ വിജയ്ക്ക് പകരം ആദ്യം സൂര്യയെ ആയിരുന്നു നായകനായി പരിഗണിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ സൂര്യക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല.