5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tamizhaga Vetri Kazhagam: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ പതാക നാളെ പുറത്തിറക്കും; 1000 തിയേറ്ററുകളിൽ പതാകയുയർത്തും

Tamizhaga Vetri Kazhagam Party Flag : പതാകയിൽ വിജ‌യ്‌യുടെ ചിത്രം ഉൾക്കൊള്ളിച്ചതിനു നേരെ വലിയ വിമർശനമാണ് ഉയരുന്നുത്. എംജിആർ പോലും ഇത്തരത്തിൽ സ്വന്തം ചിത്രം പതാകയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ ഇതിനോട് പ്രതികരിച്ചു. പാർട്ടിയുടെ സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്നാണ് സൂചനകൾ.

Tamizhaga Vetri Kazhagam: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ പതാക നാളെ പുറത്തിറക്കും; 1000 തിയേറ്ററുകളിൽ പതാകയുയർത്തും
Actor Vijay.
neethu-vijayan
Neethu Vijayan | Published: 21 Aug 2024 10:09 AM

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (Tamizhaga Vetri Kazhagam) പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ 10.30-ന് നടത്തുന്ന ചടങ്ങിൽ വിജയയാണ് പതാകയുയർത്തുക. മഞ്ഞ നിറത്തിലുള്ളതായിരിക്കും പതാകയെന്നാണ് സൂചന ലഭിക്കുന്നത്. അങ്ങനെയെങ്കിൽ മറ്റ് പ്രചാരണ സാമഗ്രികളും മഞ്ഞനിറത്തിൽത്തന്നെയാകും. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഇപ്പോൾ മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

തമിഴ്നാട്ടിലെ പ്രധാന നേതാക്കൾകൂടാതെ കേരളമടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പതാക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് സാധ്യത. ചടങ്ങിനുശേഷം തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കൊടിമരം സ്ഥാപിക്കാനും അവിടെ പതാകയുയർത്താനും വിജയ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളിൽവേണം ആദ്യം കൊടിമരം സ്ഥാപിക്കേണ്ടത്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: ‘ഗോട്ട്’ ട്രെയ്ലർ പുറത്ത് വിട്ടു; ഡബിൾ റോളില്‍ വിജയ്, ആവേശത്തോടെ ആരാധകർ

പുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്യുന്ന തിയേറ്ററുകളിൽ പാർട്ടി പതാകയുയർത്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 1000 തിയേറ്ററുകളിൽ പതാകയുയർത്താനാണ് പാർട്ടി ഒരുങ്ങുന്നത്. പാർട്ടി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങളും അതിവേ​ഗം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി പല സ്ഥലങ്ങളും പരിഗണിക്കുന്നുണ്ട്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയാണ് ഇതിനായി ഏറ്റവുമൊടുവിൽ പരിഗണിച്ചിരിക്കുന്നത്. അടുത്തമാസം സമ്മേളനം നടത്താനും പിന്നീട് സംസ്ഥാന പര്യടനം ആരംഭിക്കാനുമാണ് വിജയ്‌യുടെ നീക്കം.

ടിവികെയുടെ പതാകയെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇന്നലെ സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. അതിൽ നടൻ്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. നടുവിലായി ചുവന്ന വൃത്തത്തിൽ വിജയ്‌യുടെ ചിത്രമുണ്ട്. പതാകയിൽ വിജ‌യ്‌യുടെ ചിത്രം ഉൾക്കൊള്ളിച്ചതിനു നേരെ വലിയ വിമർശനമാണ് ഉയരുന്നുത്. എംജിആർ പോലും ഇത്തരത്തിൽ സ്വന്തം ചിത്രം പതാകയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ ഇതിനോട് പ്രതികരിച്ചു.

തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആദ്യ തീരുമാനം തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു. എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് സമ്മേളനം മാറ്റിയത്.