Vijay Sethupathi: ’96ന്റെ കഥ ആദ്യം കേട്ടപ്പോൾ കൊറിയൻ സിനിമ കോപ്പിയടിച്ചതാണെന്നാണ് കരുതിയത്’: വിജയ് സേതുപതി
Vijay Sethupathi About 96 Movie: സംവിധായകൻ തന്നോട് ആദ്യമായി '96'ന്റെ കഥ പറയാൻ വന്നപ്പോൾ ഏതെങ്കിലും കൊറിയൻ സിനിമയുടെ കോപ്പിയടി ആയിരിക്കുമെന്നാണ് കരുതിയതെന്നും കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു തുടുപ്പ് തോന്നിയെന്നും വിജയ് സേതുപതി പറയുന്നു.

തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയ സിനിമകളിൽ ഒന്നാണ് 2018ൽ പുറത്തിറങ്ങിയ ’96’. വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച റാമിന്റെയും ജാനുവിന്റെയും പറയാതെ പോയ പ്രണയം ഇന്നും പലരുടെയും ഉള്ളിൽ ഒരു വിങ്ങലാണ്. പ്രണയവും സ്‌കൂൾ കാലഘട്ടവും ആവിഷ്കരിച്ച ഈ സിനിമയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ’96’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടൻ വിജയ് സേതുപതി.
സംവിധായകൻ തന്നോട് ആദ്യമായി ഈ സിനിമയുടെ കഥ പറയാൻ വന്നപ്പോൾ ഏതെങ്കിലും കൊറിയൻ സിനിമയുടെ കോപ്പിയടി ആയിരിക്കുമെന്നാണ് കരുതിയതെന്നും കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു തുടുപ്പ് തോന്നിയെന്നും വിജയ് സേതുപതി പറയുന്നു. ഏറെ വർഷങ്ങളായി താൻ സ്‌കൂൾ റീയൂണിയനിൽ പങ്കെടുക്കാറുണ്ടെന്നും ആ നൊസ്റ്റാൾജിയ ഉള്ളതുകൊണ്ടാണ് തനിക്ക് കഥ വല്ലാതെ ഇഷ്ടപെട്ടതെന്നും നടൻ കൂട്ടിച്ചേർത്തു. വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
“സംവിധായകൻ സി പ്രേംകുമാർ ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ആദ്യം കരുതിയത് ഏതോ കൊറിയൻ സിനിമ കോപ്പിയടിച്ചതാകുമെന്നാണ്. എന്നാൽ, കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിലൊരു തുടിപ്പ് അനുഭവപ്പെട്ടു. 1996ൽ തഞ്ചാവൂരിലെ ഒരു സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ഒരുകൂട്ടം വിദ്യാർഥികൾ 20 വർഷത്തിന് ശേഷം ഒത്തുകൂടുന്ന ഒരു കഥയാണ്. അതിൽ നൊസ്റ്റാൾജിയയുടെ കുളിരു മാത്രമല്ല, റാമിന് ജാനുവിനോടുള്ള ഉള്ളുതൊട്ട പ്രണയവും ഉണ്ട്.
ഞാൻ കഴിഞ്ഞ എട്ടു വർഷമായി സ്‌കൂൾ സുഹൃത്തുക്കളോടൊപ്പം റീയൂണിയനിൽ പങ്കെടുക്കാറുണ്ട്. ആ നൊസ്‌റ്റാൾജിയ ഉള്ളതുകൊണ്ട് തന്നെ കഥ എനിക്ക് വല്ലാതെ ഇഷ്ടമായി. ഓപ്പണിങ് സോങ്ങാണ് കുറച്ച് ബുദ്ധിമുട്ടി ചെയ്‌തത്. ആൻഡമാനിൽ ആയിരുന്നു ആദ്യത്തെ ഷോട്ടുകൾ. പിന്നെ കൊൽക്കത്ത, ജയ്‌പൂർ, ജയ്‌സാൽ മീർ, കുളു മണാലി എന്നിങ്ങനെ. രാത്രി മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലത്തേക്കെത്തും. എന്നിട്ട് പകൽ ഷൂട്ടിങ് കഴിഞ്ഞ ശേഷം പിന്നെയും യാത്ര. ഈ യാത്രകൾക്കിടെ കാറിൽ സുഖമായി കിടന്നുറങ്ങും.
സിനിമയിൽ എന്നേക്കാൾ വളരെ സീനിയറാണ് തൃഷ. നേരിൽ കാണുന്നതുവരെ ഒരു ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ അടുത്ത വീട്ടിലെ കുട്ടിയെ പോലെ വളരെ അടുപ്പത്തിൽ അവർ ഇടപെട്ടത് കൊണ്ട് എല്ലാം കൂൾ ആയി. മിക്ക ഷോട്ടുകളും ആദ്യ ടേക്കിൽ തന്നെ ഓക്കെയാക്കാൻ കഴിഞ്ഞു. ആ സെറ്റിൻ്റെ മൊത്തത്തിൽ ഉള്ള എനർജിയായിരുന്നു അതിനുള്ള കാരണം” വിജയ് സേതുപതി പറയുന്നു.