Vijay Sethupathi: ‘ഇങ്ങോട്ട് വിളിച്ച് കല്യാണത്തിന് വന്ന് വിജയ് സേതുപതി മൂന്ന് ലക്ഷം രൂപ തന്നു’; അദ്ദേഹം ഒരു നല്ല മനുഷ്യനെന്ന് മണികണ്ഠൻ കെ
Vijay Sethupathi - Manikandan K: ശരിയായി ക്ഷണിക്കാതെ തന്നെ വിജയ് സേതുപതി തൻ്റെ സഹോദരിയുടെ വിവാഹത്തിന് വന്ന് മൂന്ന് ലക്ഷം രൂപ തന്നെന്ന് തമിഴ് നടനും തിരക്കഥാകൃത്തുമായ മണികണ്ഠൻ കെ. അദ്ദേഹവും അജിത്തും തന്നോട് വലിയ സ്നേഹമാണ് കാണിക്കുന്നതെന്നും മണികണ്ഠൻ കെ പറഞ്ഞു.

വിജയ് സേതുപതി ഒരു നല്ല മനുഷ്യനെന്ന് തമിഴ് നടനും തിരക്കഥാകൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായ മണികണ്ഠൻ കെ. സഹോദരിയുടെ കല്യാണം എവിടെയെന്ന് ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചിട്ട് കല്യാണം കൂടി മൂന്ന് ലക്ഷം രൂപയും തന്നിട്ടാണ് അദ്ദേഹം പോയതെന്നും മണികണ്ഠൻ കെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതിയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുണ്ട്.
“എപ്പഴോ കണ്ടപ്പോ ഞാൻ അദ്ദേഹത്തോടെ സഹോദരിയുടെ കല്യാണമാണെന്ന് പറഞ്ഞിരുന്നു. കല്യാണക്കുറിയൊക്കെ കൊടുത്ത് നല്ല രീതിയിലൊന്നുമല്ല വിളിച്ചത്. കല്യാണം കഴിഞ്ഞ് എല്ലാവരും പോയി. അത് കഴിഞ്ഞ് മണ്ഡപത്തിലേക്ക് വരണമല്ലോ. അപ്പോൾ എനിക്ക് അദ്ദേഹത്തിൻ്റെ കോൾ വന്നു. ‘ഇന്നല്ലേടാ നിൻ്റെ പെങ്ങളുടെ കല്യാണം’ എന്ന് അദ്ദേഹം ചോദിച്ചു. ‘അതെ, ഇപ്പഴാണ് കഴിഞ്ഞത്’ എന്ന് ഞാൻ പറഞ്ഞു. ‘ഡാ പൊട്ടാ. ഒരു കാര്യം ചെയ്യ്, നീ ലൊക്കേഷൻ അയക്ക്’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ‘കല്യാണം കഴിയാറായെ’ന്ന് ഞാൻ പറഞ്ഞു. ‘ഒരു 20 മിനിട്ട് നേരം കൂടി ഉണ്ടാവില്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, ‘ഉണ്ടാവും.’ അങ്ങനെ 20 മിനിട്ടിൽ അദ്ദേഹം മണ്ഡപത്തിലെത്തി. വന്നിട്ട് എൻ്റെ അച്ഛനോടും അമ്മയോടും, ‘നിങ്ങൾ തന്നെയാണോ ഇവനെ പെറ്റത്’ എന്ന് എന്നെ കളിയാക്കി തമാശയ്ക്ക് ചോദിച്ചു. ‘നല്ല മകനെയാണ് പെറ്റത്. നന്നായി വരും’ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ ഒരു മൂന്ന് ലക്ഷം രൂപ എടുത്ത് തന്നു. ഞാൻ പറഞ്ഞു, ‘വേണ്ട അണ്ണാ’. ‘നീ വെച്ചോ. ആവശ്യം വരും’ എന്ന് പറഞ്ഞ് നിർബന്ധപൂർവം പണം തന്നിട്ട് അദ്ദേഹം പോയി. പിന്നീട് മണ്ഡപം വാടകയടക്കം എല്ലാം കൊടുത്തിട്ട് ബാക്കി 700 രൂപയാണ് കയ്യിലുണ്ടായിരുന്നത്. ആ മൂന്ന് ലക്ഷം രൂപ ഉള്ളതുകൊണ്ട് കടം വാങ്ങാതെ ചിലവുകളെല്ലാം നടന്നു. ഒരു നല്ല മനുഷ്യൻ. അദ്ദേഹവും അജിത്തണ്ണനും. എന്നെ അവർക്ക് വലിയ ഇഷ്ടമാണ്.”- മണികണ്ഠൻ പറഞ്ഞു.




നിർമ്മാതാവും അഭിനേതാവുമായ വിജയ് സേതുപതി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 1996ൽ ലവ് ബേർഡ് എന്ന സിനിമയിലൂടെ ആദ്യമായി അഭിനയിച്ച അദ്ദേഹം 2010ൽ ‘തേന്മെർകു പറുവക്കാട്രു’ എന്ന സിനിമയിലൂടെ ആദ്യമായി നായകനായി. പിന്നീട് കന്നഡ, മലയാളം, തെലുങ്ക് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ട്.