Vijay Sethupathi Bigboss: ഇനി കളി മാറും; ബിഗ്‌ബോസ് അവതാരകനായി വിജയ് സേതുപതി
Vijay Sethupathi Announced as New Host for Bigg Boss Tamil: ബിഗ്‌ബോസിൽ കമൽ ഹാസന് പകരം ആരെന്ന ചോദ്യത്തിന് ഉത്തരം വന്നു. ഷോയുടെ അവതാരകൻ നടൻ വിജയ് സേതുപതി.
ചെന്നൈ: ഒട്ടേറെ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ്‌ബോസ് തമിഴിന്റെ എട്ടാം സീസണിലെ അവതാരകനായി നടൻ വിജയ് സേതുപതി.
കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും പിന്മാറിയതോടെ അടുത്തതാര് എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ പല വമ്പൻ താരങ്ങളുടെയും പേരുകളും വന്നിരുന്നു. അതിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത് വിജയ് സേതുപതിയെ അവതാരകനായി കൊണ്ടുവരണം എന്നാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി.
വിജയ് ടിവി ഒരു പ്രമോ പുറത്തിറക്കിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിഗ്‌ബോസ് ഷോയുടെ അവതാരകനാവാൻ നാട്ടുകാരിൽ നിന്നും അഭിപ്രായങ്ങൾ തേടുന്ന വിജയ് സേതുപതിയെയാണ് പ്രമോയിൽ കാണാൻ സാധിക്കുക. ഷോ അവതരിപ്പിക്കുന്നതിനുള്ള അടവുകൾ പഠിക്കണമെങ്കിൽ നാട്ടിൽ ഇറങ്ങി നടക്കണമെന്ന് ഡ്രൈവർ പറയുന്നു. അത് പ്രകാരം പച്ചക്കറി മാർക്കറ്റ്, സലൂൺ, ബസ് തുടങ്ങിയ ഇടങ്ങളിൽ പോയി വിജയ് സേതുപതി ഉപദേശം സ്വീകരിക്കുന്നതാണ് പ്രമോയിൽ ഉള്ളത്. ‘ഇത്തവണ ആളും പുതിയത്, കളിയും പുതിയത്’ എന്നാണ് ബിഗ്‌ബോസ് സീസൺ എട്ടിന്റെ ടാഗ്‌ലൈൻ.
‘മക്കൾ സെൽവൻ’ എന്നറിയപ്പെടുന്ന വിജയ് സേതുപതി, ഏതൊരു വിഷയത്തിലും തുറന്ന അഭിപ്രായം പറയുന്നയാളാണ്. കൂടാതെ മുൻപ് മറ്റ് ഷോകൾ അവതരിപ്പിച്ച പരിചയവും താരത്തിന് ഉണ്ട്. വിജയ് സേതുപതി സൺ ടിവിയിൽ മാസ്റ്റർ ഷെഫ്, നമ്മ ഊര് ഹീറോ തുടങ്ങിയ പരിപാടികളുടെ അവതാരകൻ ആയിരുന്നു. അതുകൊണ്ട് തന്നെ ബിഗ്‌ബോസ് ഷോയുടെ പ്രമോ പുറത്ത് വന്നതും ആവേശത്തിലാണ് ആരാധകർ. താരത്തിന് നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗത്ത് വന്നത്.
ബിഗ്‌ബോസ് തമിഴ് സീസൺ 8 സംപ്രേക്ഷണം ചെയ്യുന്നത് വിജയ് ടിവിയാണ്. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഷോ സ്ട്രീം ചെയ്യും. ഗ്രാൻഡ് പ്രീമിയർ എന്നാണുന്നുള്ള കാര്യം പ്രഖ്യാപിച്ചട്ടില്ല. ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ‘മഹാരാജ’യാണ് വിജയ് സേതുപതി നായകനായെത്തിയ ഒടുവിലത്തെ ചിത്രം. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. 2024-ൽ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചിത്രം എന്ന റെക്കോർഡ് കൂടി ‘മഹാരാജ’ക്ക് സ്വന്തമായുണ്ട്.
ALSO READ: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം
അതേസമയം, തന്റെ സിനിമ പ്രതിബദ്ധതകൾ കാരണം ബിഗ്‌ബോസിൽ നിന്നും പിന്മാറുന്നതായി കമൽ ഹാസൻ അറിയിച്ചിരുന്നു. സമൂഹ മാധ്യമം വഴിയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ബിഗ്‌ബോസ് അവതാരകൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദിയുണ്ടെന്നും താരം പറഞ്ഞിരുന്നു. അടുത്ത സീസണിൽ അദ്ദേഹം തിരിച്ചു വരുമെന്നാണ് ലഭിക്കുന്ന സൂചന.
ഏഴ് വർഷത്തോളം ബിഗ്‌ബോസ് തമിഴിന്റെ അവതാരകനായിരുന്നു കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ 2024 ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ്‌ബോസ് തമിഴ് ഷോ അവതരിപ്പിച്ചത് കമൽ ഹാസൻ തന്നെയാണ്. ഷോ അവതരിപ്പിക്കുന്നതിനു 130 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആറ് സീസണുകളിൽ നിന്നും വിപരീതമായി ഏഴാം സീസണിൽ കമൽ ഹാസൻ വിവിധ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇത് കാരണമാണ് അദ്ദേഹം ഷോയിൽ നിന്നും പിന്മാറിയത് എന്നും അഭ്യൂഹമുണ്ട്.