Goat Trailer Out: ‘ഗോട്ട്’ ട്രെയ്ലർ പുറത്ത് വിട്ടു; ഡബിൾ റോളില്‍ വിജയ്, ആവേശത്തോടെ ആരാധകർ
GOAT Movie Trailer Released: ദളപതി വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഗോട്ടി'ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ചുരുങ്ങിയ സമയംകൊണ്ട് ട്രെയ്ലർ ശ്രദ്ധ നേടുകയാണ്.
ദളപതി വിജയ് നായകനാവുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ഗംഭീര ആക്ഷൻ രംഗങ്ങളും ഉണ്ടെന്ന സൂചന നൽകിക്കൊണ്ടാണ് ട്രെയ്ലറിന്റെ വരവ്. 2.51 മിനിറ്റ് ദൈർഗ്യമുള്ള ട്രെയ്ലർ പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ 60 ലക്ഷത്തോളം പേരാണ് കണ്ടത്. വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ആണ്. കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബർ 5 ന് തീയേറ്ററുകളിൽ എത്തും.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരിയാണ്. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, യോഗി ബാബു, അജ്മൽ അമീർ, ലൈല, പാർവതി നായർ, അജയ് രാജ്, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ്, വി ടി വി ഗണേഷ് , മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ‘ഗോട്ട്’ എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാഷ്ട്രീയത്തിൽ സജീവം ആവുന്നതിന് മുൻപ് താരം ഒരു ചിത്രത്തിൽ കൂടെ നായക വേഷത്തിലെത്തും. അജിത് നായകനായ ‘തുനിവ്’ എന്ന ചിത്രം സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് വിജയുടെ അവസാന സിനിമ സംവിധായകൻ ചെയ്യുക. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് സാമന്ത റൂത്ത് പ്രഭുവായിരിക്കും എന്നാണ് വിവരം. ഒക്ടോബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. തമിഴ് വെട്രി കഴകം എന്ന പാർട്ടിയുടെ സ്ഥാപകനായ വിജയ്, സിനിമ പ്രതിബദ്ധതകൾ പൂർത്തിയാക്കിയതിനു ശേഷം രാഷ്‌ടീയത്തിൽ സജീവമാകും.
ഛായാഗ്രഹണം – സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, കലാസംവിധാനം- ബി ശേഖർ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, സരവകുമാർ, രഞ്ജിത് വേണുഗോപാൽ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, രാംകുമാർ, ഗോവിന്ദരാജ്, ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.