Thalapathy 69: ബാറ്റൺ കൈമാറുന്നതിന് മുൻപ് ഒരിക്കൽ കൂടി; ‘ദളപതി 69’ പ്രഖ്യാപനം വന്നു
നടൻ വിജയെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ദളപതി 69' പ്രഘ്യപാനം വന്നു.
നാല് പതിറ്റാണ്ട് നീണ്ടു നിന്ന അഭിനയ ജീവിതത്തോട് വിടപറയുന്നതിന് മുൻപായി ഒരിക്കൽ കൂടി ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ നടൻ വിജയ് ഒരുങ്ങുന്നു. ദളപതി വിജയുടെ 69-ആമത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. ‘തീരൻ’, ‘തുനിവ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ എച്ച് വിനോദാണ് ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
‘ജനാധിപത്യത്തിന്റെ ദീപം വഹിക്കുന്നവൻ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രാഷ്ട്രീയം പ്രമേയമാക്കിയുള്ള ചിത്രമായിരിക്കും എന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. കെ വി എൻ പ്രൊഡക്ഷൻറ് ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തീയറ്ററുകളിൽ എത്തും.
We are beyond proud & excited to announce that our first Tamil film is #Thalapathy69, directed by the visionary #HVinoth, with music by the sensational Rockstar @anirudhofficial 🔥
Super happy to collaborate with the one and only #Thalapathy @actorvijay ♥️
The torch bearer of… pic.twitter.com/Q2lEq7Lhfa
— KVN Productions (@KvnProductions) September 14, 2024
അതെ സമയം, പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ദി ലവ് ഫോര്‍ ദളപതി എന്ന തലക്കെട്ടോട് കൂടി കെ വി എൻ പ്രൊഡക്ഷൻറ്സ് വിജയ്ക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കേരളത്തിലെ വിജയ് ആരാധകരും ആ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. വിജയ് എന്ന സിനിമ നടൻ ആരാധകരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ വീഡിയോ കാട്ടിതരുന്നു. ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു നിങ്ങൾ. 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പോകുന്നതിന് മുൻപായി അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ഇത്. തമിഴക വെട്രി കഴകം എന്ന വിജയുടെ പാർട്ടിക്ക് അടുത്തിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചത്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അതേസമയം, വിജയ് നായകനായ ചിത്രം ദ ഗോട്ട് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങി അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ബോക്സ്ഓഫീസിൽ 300 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകള്‍ ഏറെ ശ്രദ്ധ നേടി. കൂടാതെ, പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.