Allu Arjun Case: കേസ് പിൻവലിക്കാൻ തയാർ, അല്ലു അർജുൻ നിരപരാതി; മരിച്ച യുവതിയുടെ ഭർത്താവ്
Revathi husband Bhaskar About Allu Arjun Case: ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. സിനിമയുടെ പ്രദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങവെ അപ്രതീക്ഷിതമായെത്തിയ അല്ലു അർജുനെ കാണാൻ ആളുകൾ ഓടികയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകനും പരുക്കേറ്റിരുന്നു.
പുഷ്പ 2 കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. സൂപ്പർ സ്റ്റാർ അല്ലു അർജുനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കാൻ തയ്യാറെന്ന് സംഭവത്തിൽ മരിച്ച യുവതിയുടെ ഭർത്താവ്. ഡിസംബർ നാലിനാണ് 35കാരിയായ രേവതിയുടെ മരണത്തിനിടയാക്കിയ സംഭവം നടക്കുന്നത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. സിനിമയുടെ പ്രദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങവെ അപ്രതീക്ഷിതമായെത്തിയ അല്ലു അർജുനെ കാണാൻ ആളുകൾ ഓടികയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകനും പരുക്കേറ്റിരുന്നു.
ഇപ്പോഴിതാ അല്ലു അർജുനെ അറസ്റ്റ് ചെയ്ത് മണിക്കൂറകൾക്കിപ്പുറമാണ് യുവതിയുടെ ഭർത്താവ് ഭാസ്ക്കർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അല്ലു അർജുൻ സംഭവത്തിൽ കുറ്റക്കാരനല്ലെന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ഭാസ്‌കർ വ്യക്തമാക്കി. കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് ഭാസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. ”അറസ്റ്റിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, എൻ്റെ ഭാര്യയുടെ മരണത്തിലേക്ക് നയിച്ച തിക്കിനും തിരക്കിനും അല്ലു അർജുന് ഒരു ബന്ധവുമില്ല. അല്ലു അർജുൻ്റെ അറസ്റ്റിനെക്കുറിച്ച് പോലീസ് തന്നെ അറിയിച്ചില്ല. ” അദ്ദേഹം പറഞ്ഞു.
യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെ 105, 118 (1) വകുപ്പുകൾ പ്രകാരമാണ് അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തത്. പോലീസ് എഫ്ഐആറിൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. വേദിയിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും സുരക്ഷാ നടപടികളിലുമുള്ള അനാസ്ഥയാണ് ഇത്തരത്തിലൊരു സംഭവത്തിന് കാരണമായതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം, അല്ലു അർജുൻ തൻ്റെ ദുഃഖം രേകപ്പെടുത്തികൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. യുവതിയുടെ കുടുംബത്തിന് ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റ കുട്ടിയുടെ എല്ലാ ചികിൽസാച്ചെലവും താൻ വഹിക്കുമെന്നും കുടുംബത്തിൻ്റെ ഏതാവശ്യവും നിറവേറ്റുമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞിരുന്നു.
അല്ലു അർജുൻ്റെ അറസ്റ്റ്
തിക്കിലും തിരക്കിലുപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചില നാടകീയ രംഗങ്ങൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടൻ്റെ അറസ്റ്റിൽ പോലീസ് സ്റ്റേഷനിലും അദ്ദേഹത്തിൻ്റെ വീട്ടിലും നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ റസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അല്ലുവിനെ നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ റിമാൻഡിന് വിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. അതിന് പിന്നാലെ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളുകയും ചെയ്തു. നാടകീയ രംഗങ്ങൾക്കൊടുവിൽ തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ആശ്വാസമായി താൽക്കാലിക ജാമ്യം അനുവദിക്കുകയായിരുന്നു.
ALSO READ: അല്ലു അർജുന് താത്കാലികാശ്വാസം; ഇടക്കാല ജാമ്യം നൽകി തെലങ്കാന ഹൈക്കോടതി
റിമാൻഡിൽ വിട്ട കോടതിവിധിക്കെതിരെ താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. സന്ധ്യാ തിയേറ്ററിലെ ജീവനക്കാരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പുഷ്പ 2 ദ റൂൾ
സൂപ്പർ ഹിറ്റായ പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂൾ പ്രദർശനത്തിനെത്തിയത്. സുകുമാർ ബന്ദ്റെഡ്ഡി സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിച്ചത്. അല്ലു അർജുനെക്കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന,സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ 100 കോടി രൂപ നേടിയ ചിത്രം ആദ്യ ദിവസം തന്നെ ആഗോള തലത്തിൽ 294 കോടി രൂപ കൈവരിച്ചു. ഇതോടെ ആർആർആർ, ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങളെയെല്ലാം പുഷ്പ 2 പിന്നിലാക്കി.