Vettaiyan: രജനികാന്തിന്റെ ‘വേട്ടൈയ്യൻ’ വരുന്നു; കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവിസിന്
Vettaiyan Movie Updates: വേട്ടയ്യന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസും, ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോയും സ്വന്തമാക്കി.
രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ‘വേട്ടയ്യ’ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിന്. ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രജനികാന്തിന്റെ ചിത്രങ്ങളായ ജയിലറും ലാൽ സലാമും, കൂടാതെ തങ്കലാൻ, ലിയോ, ഗോട്ട്, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് തന്നെയാണ്.
“കേരളത്തിലെ വേട്ടയ്യന്റെ വിതരണത്തിനായി വീണ്ടും ഗോകുലം മൂവീസുമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ചേട്ടൻ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുകയാണ്” എന്ന കുറിപ്പോട് കൂടെയാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവെച്ചത്. അതെ സമയം, വേട്ടയ്യന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോയാണ്. ഭീമൻ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നു.
Excited to reunite with @GokulamMovies for VETTAIYAN 🕶️ distribution in Kerala! 🤝 Chettan is making his way to God’s Own Country! 🔥#Vettaiyan 🕶️ Releasing on 10th October in Tamil, Telugu, Hindi & Kannada!@rajinikanth @SrBachchan @tjgnan @anirudhofficial @LycaProductions… pic.twitter.com/LpCqalLX07
— Vettaiyan (@VettaiyanMovie) September 12, 2024
‘വേട്ടയ്യൻ’ ദീപാവലി റിലീസായി ഒക്ടോബർ ഒന്നിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, തെലുങ്ക് താരം റാണ ദഗ്ഗുബട്ടി എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി എം സുന്ദർ, രോഹിണി, റാവോ രമേശ്, രമേശ് തിലക് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ‘ജയ് ഭീം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ടി ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കറാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനം ഇപ്പോൾ ട്രെൻഡിങ്ങാണ്. ‘മനസ്സിലായോ’ എന്ന ടൈറ്റിലും, പാട്ടിനിടയ്ക്ക് വരുന്ന ‘ചേട്ടൻ’ വിളിയും ആരാധകരുടെ ശ്രദ്ധ നേടി. രജനികാന്തിനൊപ്പം മഞ്ജു വാര്യരും ആടിത്തിമിർത്ത ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഈ ഗാനം പാടിയിട്ടുള്ള മലേഷ്യ വാസുദേവൻ 13 വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു. ആ ഗായകന്റെ ശബ്ദത്തിനൊപ്പം യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവരും കൂടെ പാടിയിട്ടുണ്ട്. മരിച്ചുപോയ ഗായകന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുനസൃഷ്ടിച്ചത്.