Deb Mukherjee: മുതിർന്ന നടൻ ദേബ് മുഖർജി അന്തരിച്ചു
Deb Mukherjee: ഇന്ത്യൻ സിനിമാ മേഖലയിലെ പ്രശസ്ത കുടുംബമായ മുഖർജി കുടുംബാംഗമാണ് ദേബ്. സംബന്ധ് എന്ന ചിത്രത്തിലൂടെയാണ് ദേബ് സിനിമയിലെത്തുന്നത്. പ്രശസ്ത സംവിധായകൻ അയൻ മുഖർജിയുടെ പിതാവാണ്.

മുംബൈ: പ്രശസ്ത സംവിധായകൻ അയൻ മുഖർജിയുടെ പിതാവും മുതിർന്ന നടനുമായ ദേബ് മുഖർജി (83) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ പവൻ ഹാൻസിൽ നടക്കും.
ഇന്ത്യൻ സിനിമാ മേഖലയിലെ പ്രശസ്ത കുടുംബമായ മുഖർജി കുടുംബാംഗമാണ് ദേബ്. 1941 നവംബർ 22ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ജനനം. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടെയും സതീദേവിയുടെയും മകനാണ്. ഇന്ത്യൻ സിനിമയ്ക്ക് ദേബ് മുഖർജി നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. സംബന്ധ് എന്ന ചിത്രത്തിലൂടെയാണ് ദേബ് സിനിമയിലെത്തുന്നത്. ‘അഭിനേത്രി’, ‘ഏക് ബാർ മുസ്കുരാദോ’, ‘ആൻസൂ ബാൻ ഗയേ ഫൂൾ’, ‘കിംഗ് അങ്കിൾ’, ‘കാമിനേ’, ‘മേം തുളസി തേരേ ആംഗൻ കി’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശക്തമായ പ്രകടനം കാഴ്ചവച്ചു.
സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരാണ് മക്കൾ. പ്രശസ്ത സംവിധായകൻ അശുതോഷ് ഗവാരികർ മരുമകനാണ്. ‘വേക്ക് അപ്പ് സിദ്’, ‘യേ ജവാനി ഹേ ദീവാനി’, ‘ബ്രഹ്മാസ്ത്ര: പാർട്ട് വൺ – ശിവ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അയൻ മുഖർജി.
നടന്മാരായ അശോക് കുമാർ, അനൂപ് കുമാർ, ഗായകൻ കിഷോർ കുമാർ എന്നിവർ ദേബ് മുഖർജിയുടെ അമ്മയുടെ സഹോദരങ്ങളാണ്. നടൻ ജോയ് മുഖർജി, സംവിധായകനും തിരക്കഥാകൃത്തുമായ ഷോമു മുഖർജി എന്നിവരാണ് സഹോദരങ്ങൾ. നടി തനുജയാണ് ഷോമു മുഖർജിയുടെ ഭാര്യ. നടിമാരായ കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ദേബ് മുഖർജിയുടെ ബന്ധുക്കളാണ്.
വ്യാജ വാഹനാപകട കേസുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; പത്തനംതിട്ട ഗ്രേഡ് എസ്ഐക്കെതിരെ കേസ്
തിരുവനന്തപുരം: വ്യാജരേഖ നിർമിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട ഗ്രേഡ് എസ്ഐക്കെതിരെ കേസ്. പോത്തൻകോട് സ്വദേശി ഷായ്‌ക്കെതിരെയാണ് കേസെടുത്തത്. 2019ൽ അപകടം നടന്നതായി കാണിച്ച് 161/19 എന്ന നമ്പറിൽ ഷാ വ്യാജമായി കേസ് രജിസ്റ്റർ ചെയ്ത് ഇൻഷുറൻസ് തുക തട്ടിയെന്നാണ് പരാതി.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) വ്യാജ ഒപ്പിട്ട് രേഖകൾ കോടതിയിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019ൽ സംഭവം നടക്കുമ്പോൾ വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരുന്നു ഷാ.