Venu Kunnappilly: ‘കുറച്ച് ഷൂട്ട് ചെയ്തതിന്റെ ആത്മവിശ്വാസത്തില്‍ ആ ആക്ടര്‍ മോശമായി സംസാരിച്ചു, മൊത്തം കട്ട് ചെയ്തിട്ട് അയാളെ മാറ്റി’
Venu Kunnappilly Interview: പുതിയ നിര്‍മാതാക്കള്‍ക്ക് സംവിധായകരെയും, ആര്‍ട്ടിസ്റ്റനെയുമൊക്കെ ഭയങ്കര പേടിയാണ്. അഭിനേതാക്കളോട് എഗ്രിമെന്റ് എന്ന വാക്ക് പോലും സംസാരിക്കില്ല. ബിസിനസുള്ള അഭിനേതാക്കള്‍ മുന്നില്‍ ഇഷ്ടംപോലെ സിനിമകള്‍ റെഡിയായിട്ട് നില്‍ക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ആക്ടര്‍ ഡേറ്റ് നല്‍കിയിട്ട് അദ്ദേഹത്തിന്റെ അടുത്ത് എഗ്രിമെന്റുമായി ചെന്ന് സൈന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഗെറ്റൗട്ട് അടിക്കുമെന്നും വേണു കുന്നപ്പിള്ളി

നിര്‍മാതാവായി ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളത്തിന് ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് വേണു കുന്നപ്പിള്ളി. മാളികപ്പുറം, 2018, രേഖാചിത്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചതാണ്. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വേണു കുന്നപ്പിള്ളി. ഇതുവരെ പത്ത് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ ഒരു സിനിമയില്‍ ഒരു നടന്‍ മോശമായി സംസാരിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
”എന്റെ സിനിമാ ജീവിതത്തില്‍ 10 സിനിമയാണ് ഇതുവരെ ചെയ്തത്. അതില്‍ ഒരു സിനിമയില്‍ ഒരു ആക്ടര്‍ എന്നെ വിളിച്ച് കുറച്ച് തര്‍ക്കിച്ചു. മെയിന്‍ ആക്ടറൊന്നുമല്ല. മോശമായിട്ട് സംസാരിച്ചു. അപ്പോള്‍ ആ ആക്ടറെ വച്ച് കുറച്ച് ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് അത് മൊത്തം കട്ട് ചെയ്തിട്ട് അയാളെ മാറ്റി. അതുവരെ ഷൂട്ട് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് പുള്ളി സംസാരിക്കാന്‍ വന്നത്”-നടന്റെ പേര് പരാമര്‍ശിക്കാതെ വേണു കുന്നപ്പിള്ളി വ്യക്തമാക്കി.




പുതിയ നിര്‍മാതാക്കള്‍ക്ക് സംവിധായകരെയും, ആര്‍ട്ടിസ്റ്റിനെയുമൊക്കെ ഭയങ്കര പേടിയാണെന്നും അദ്ദേഹം പറഞ്ഞു. അവരോട് ചോദിച്ചാല്‍ ഒച്ചയെടുക്കുമോ, ഷൗട്ട് ചെയ്യുമോ അല്ലെങ്കില്‍ അവര്‍ ഇത് ഇട്ടിട്ട് പോകുമോയെന്ന ചിന്തയാണ്. അഭിനേതാക്കളോട് എഗ്രിമെന്റ് എന്ന വാക്ക് പോലും സംസാരിക്കില്ല. അത്യാവശ്യം ബിസിനസുള്ള അഭിനേതാക്കള്‍ മുന്നില്‍ ഇഷ്ടംപോലെ സിനിമകള്‍ റെഡിയായിട്ട് നില്‍ക്കുന്നുണ്ട്. അപ്പോള്‍ അങ്ങനെയുള്ള ഒരു ആക്ടര്‍ ഡേറ്റ് നല്‍കിയിട്ട് അദ്ദേഹത്തിന്റെ അടുത്ത് ഒരു എഗ്രിമെന്റുമായി ചെന്ന് സൈന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഗെറ്റൗട്ട് അടിക്കും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആരും അതിന് തയ്യാറാകുന്നില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.
ബിസിനസുള്ള ആക്ടേഴ്‌സ് വളരെ മോശമായിട്ട് തന്നെയായിരിക്കും പെരുമാറാന്‍ പോകുന്നത്. അതാണ് വാസ്തവം. എങ്ങനെയാണ് ഈഗോ വച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവരെ കണ്ടുപഠിക്കണം. ഒരാള്‍ നമ്മുടെ അടുത്ത് വന്ന് എന്തെങ്കിലും പറഞ്ഞാല്‍ മറുപടി കൊടുക്കുന്നതിന് കുറച്ചു സെക്കന്‍ഡുകളെങ്കിലും ചിന്തിക്കും. എന്നാല്‍ ഇവര്‍ ഓണ്‍ ദ സ്‌പോട്ടിലാണ് മറുപടി നല്‍കുന്നത്. ഒരു ബിസിനസുമില്ലാതെ വെറുതെ വീട്ടില്‍ വാട്‌സാപ്പും നോക്കിയിരിക്കുന്ന ആളുകളും അതുപോലത്തെ സംവിധായകരും എന്ത് എഗ്രിമെന്റ് വേണമെങ്കിലും സൈന്‍ ചെയ്‌തോളുമെന്നും അദ്ദേഹം വ്യക്തമാക്കി.