Varshangalkku Shesham OTT: പറഞ്ഞതിലും ഒരു ദിവസം മുമ്പെ എത്തി; ‘വർഷങ്ങൾക്കു ശേഷം’ ഒടിടി സംപ്രേഷണം ആരംഭിച്ചു
Varshangalkku Shesham OTT Platform : ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തിയ വർഷങ്ങൾക്കു ശേഷം, 56 ദിവസങ്ങൾ നീണ്ട പ്രദർശനത്തിനൊടുവിലാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്.
Varshangalkku Shesham OTT Updates : വിനീത് ശ്രീനിവാസൻ്റെ മൾട്ടി സ്റ്റാറർ ചിത്രം വർഷങ്ങൾക്കു ശേഷം ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചു. പ്രണവ് മോഹൻലാൽ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ജൂൺ ഏഴാം തീയതി മുതൽ ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പ് ജൂൺ ആറാം തീയതി വർഷങ്ങൾക്കു ശേഷം സിനിമ ഒടിടിയിൽ എത്തിയിരിക്കുകയാണ്. സോണി ലിവാണ് വർഷങ്ങൾക്കു ശേഷം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏപ്രിൽ 11ന് റിലീസായ ചിത്രം രണ്ട് മാസങ്ങൾ കൊണ്ടാണ് ഒടിടിയിൽ എത്തി ചേർന്നിരിക്കുന്നത്. ചിത്രത്തിൽ പ്രണവ്, ധ്യാൻ, നിവിൻ എന്നിവർക്ക് പുറമെ കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, ഷാൻ റഹ്മാൻ, നീത പിള്ള, ദീപക് പറമ്പോൾ തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. ഈ താരനിരയ്ക്ക് പുറമെ ചിത്രത്തിൽ അസിഫ് അലി അതിഥി വേഷത്തിലും എത്തിയിരുന്നു.
ബോക്സ്ഓഫീസിൽ മികച്ച ഓപ്പണിങ് നേടിയ ചിത്രം പിന്നീട് ക്ലാശ് റിലീസായി എത്തിയ ഫഹദ് ഫാസിലിൻ്റെ ആവേശം സിനിമയുടെ തേരോട്ടത്തിൽ അടിയറ പറയുകയായിരുന്നു. മികച്ച ഇൻഷ്യൽ കളക്ഷൻ നേടിയ വർഷങ്ങൾക്കു ശേഷം ആഗോള ബോക്സഓഫീസിൽ സ്വന്തമാക്കിയത് 80 കോടിയിൽ അധികമാണ് എന്നാണ് പ്രമുഖ ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്ക്നിക്ക് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും മാത്രമായി 37 കോടിം ഓവർസീസ് കളക്ഷനായി 36.5 കോടിയുമാണ് ചിത്രത്തിൻ്റെ ബോക്സ്ഓഫീസ് നേട്ടം.
വിനീത് തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് വിർഷങ്ങൾക്കു ശേഷം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാമനാഥാണ്. വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.