Vaikom Vijayalakshmi : ആദ്യ ഭർത്താവ് തൻ്റെ കലയെ പിന്തുണക്കാത്ത ആളായിരുന്നു; പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് വൈക്കം വിജയലക്ഷ്മി
Vaikom Vijayalakshmi Previous Marriage : തൻ്റെ ആദ്യ ഭർത്താവ് കലയെ പിന്തുണയ്ക്കാത്ത ആളായിരുന്നു എന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ പുനർവിവാഹത്തെപ്പറ്റി ആലോചിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു.
പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഇനി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാൾ കലയെ പ്രോത്സാഹിപ്പിക്കുന്ന ആളാവണം എന്നും അവർ മനോരമ ഓൺലൈനോട് പ്രതികരിച്ചു.
ആദ്യ ബന്ധം കനത്ത പരാജയമായിരുന്നു എന്ന് വിജയലക്ഷ്മി പറഞ്ഞു. തൻ്റെ കലയെ പിന്തുണയ്ക്കാത്ത ആളായിരുന്നു ഭർത്താവ്. ജീവിതത്തിൻ്റെ പകുതിയിലല്ലേ ഭർത്താവൊക്കെ കടന്നുവരുന്നത്. പക്ഷേ, ഞാൻ ജനിക്കുമ്പോൾ മുതൽ കല എനിക്കൊപ്പമുണ്ടായിരുന്നു. അത് മാറ്റിനിർത്തേണ്ട കാര്യമില്ലല്ലോ. വിവാഹമോചനത്തിനു ശേഷം താൻ സന്തോഷവതിയാണ് എന്നും വിജയലക്ഷ്മി പ്രതികരിച്ചു.
കാഴ്ചപരിമിതിയുള്ള ആൾ എന്ന നിലയിൽ എവിടെയും ആരും മാറ്റി നിർത്തിയിട്ടില്ല. ആളുകൾ കൂടുതൽ കരുതൽ നൽകി. സഹപ്രവർത്തകരെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. റെറ്റിനയ്ക്കാണ് പ്രശ്നമെന്ന് ഒരു വിഭാഗം ഡോക്ടർമാരും തലച്ചോറിൻ്റെ പ്രശ്നമാണെന്ന് മറ്റൊരു വിഭാഗം ഡോക്ടർമാരും പറഞ്ഞു. 2019ൽ അമേരിക്കയിൽ വച്ച് ചികിത്സ ആരംഭിച്ചെങ്കിലും കാഴ്ച കിട്ടുമെന്ന് ഉറപ്പ് പറയാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അമേരിക്കയിൽ പിന്നെ പോയിട്ടില്ല. ശരിയായ പ്രശ്നമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഇസ്രയേലിലെ ഡോക്ടർമാർ ഏറെക്കുറെ കാഴ്ച തിരികെ ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ഒരുപാട് കടമ്പകളുണ്ട്. അതൊക്കെ വേഗം സാധ്യമാകുമെന്ന് കരുതുന്നു.
വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ച് കിട്ടി എന്ന തരത്തിൽ കുറച്ചുനാൾ മുൻപ് പുറത്തുവന്ന വാർത്തകളോടും വിജയലക്ഷ്മി പ്രതികരിച്ചു. ‘തനിക്ക് കാഴ്ചലഭിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് വായിച്ചിട്ട് പലരും അത്തരത്തിൽ പെരുമാറി. മുന്നിൽ വന്നുനിന്നിട്ട് ആരാണ് താൻ എന്ന് പറയാമോ എന്നൊക്കെ ചോദിച്ചു. അതൊക്കെ ബുദ്ധിമുട്ടിച്ചിരുന്നു. ആ സമയത്ത് അവരോട് ദേഷ്യപ്പെട്ടിരുന്നു. ഒരു ചെറിയ പ്രകാശം മാത്രമേ തനിക്ക് കാണാൻ കഴിയൂ. പകലും രാത്രിയും തിരിച്ചറിയാം. അല്ലാതെ മറ്റൊന്നും കാണാനാവില്ല എന്നും വിജയലക്ഷ്മി പറഞ്ഞു.
കാഴ്ചപരിമിതിയിലും മനോഹരമായ ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ ഇടം പിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞയും ചലച്ചിത്ര ഗായികയും ഗായത്രീവീണ വായനക്കാരിയുമായ വിജയലക്ഷ്മി സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന പാട്ടിലൂടെയാണ് പിന്നണി ഗായികയായി ശ്രദ്ധിക്കപ്പെടുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ മലയാളം പതിപ്പിൽ വിജയലക്ഷ്മി പാടിയ ‘ആരിവൻ ആരിവൻ’, ഒരു വടക്കൻ സെൽഫിയിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ ഏറെ ഹിറ്റായതാണ്. മലയാളം കൂടാതെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും വൈക്കം വിജയലക്ഷ്മി പാടിയിട്ടുണ്ട്.