Amaran: രാജ്യത്തിനായി വീരമൃത്യുവരിച്ച മേജർ മുകുന്ദ് ‘അമരന്‍’ ആയ കഥ
Amaran Movie: ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച ധീരനായ ഒരു സൈനിക ഉദ്യോഗസ്ഥന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘അമരൻ’. ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച ധീരനായ ഒരു സൈനിക ഉദ്യോഗസ്ഥന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്കയുടെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്.
ആരാണ് മേജർ മുകുന്ദ് ?
1983 ഏപ്രിൽ 12ന് കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു മുകുന്ദിന്റെ ജനനം. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനാണ് മുകുന്ദ്. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിലായിരുന്നു
ഹൈസ്കൂൾ വിദ്യാഭ്യാസം. പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു. പിതാവ് തമിഴ്നാട്ടിലേക്കു സ്ഥലം മാറിയതോടെ മുകുന്ദിന്റെ പഠനവും അവിടെയായി. ഇന്ത്യൻ ആർമിയുടെ പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാരായിരുന്നു. അതുകൊണ്ട് തന്നെ മുകുന്ദിന്റെ രക്തത്തിൽ അലിഞ്ഞതാണ് സൈനിക യൂണിഫോം. 2005-ൽ സൈന്യത്തിൽ ചേരാൻ അദ്ദേഹത്തിനു അവസരം ലഭിച്ചു. 2006-ൽ രാജപുത് റെജിമെൻ്റിൻ്റെ 22 രാജപുത് ബറ്റാലിയനിലേക്ക് ലെഫ്റ്റനൻ്റായി അദ്ദേഹം കമ്മീഷൻ ചെയ്യപ്പെട്ടു. 2008-ൽ ക്യാപ്റ്റനായി മുൻകാല പ്രമോഷൻ ലഭിച്ചു. ഈ കാലയളവിൽ ലെബനനിലെ യുണൈറ്റഡ് നേഷൻസിന്റെ ഒരു മിഷൻ്റെ ഭാഗമായി പ്രവർത്തിച്ചു. 2012 ഒക്ടോബർ 18-ന് മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതിന്റെ ഭാഗമായി അതേവർഷം ഡിസംബറിൽ രാഷ്ട്രീയ റൈഫിൾസിൻ്റെ 44-ാം ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷൻ ചെയ്യുകയും ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിയമിക്കുകയും ചെയ്തു. 2014 ഏപ്രിൽ 25ന് നടന്ന ഖാസിപത്രി ഓപ്പറേഷനിൽ അദ്ദേഹം വീരമൃത്യു വരിച്ചു. 2015-ൽ മരണാനന്തരം പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകി രാജ്യം ആ ധീരജവാനെ ആദരിച്ചു.
ആരാണ് ഇന്ദു റബേക്ക വർഗീസ് ?
പത്തനംതിട്ട മാരാമൺ സ്വദേശിയും തിരുവനന്തപുരം പേരൂർക്കട കോലത്ത് ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ ഡോ.ജോർജ് വർഗീസിന്റെയും അക്കാമ്മയുടെയും മകളാണ് ഇന്ദു റബേക്ക. ബെംഗളൂരുവിലെ ഡിഗ്രി പഠനം പൂർത്തിയാക്കിയ ഇന്ദു 2004ൽ മാസ് കമ്യൂണിക്കേഷനിൽ പിജി പഠിക്കാൻ മദ്രാസ് ക്രിസ്ത്യൻ കോളജിൽ (എംസിസി) ചേർന്നു. ഇതേസമയം എംസിസിയിൽ ജേണലിസത്തിൽ പിജി ഡിപ്ലോമ പഠിക്കുകയായിരുന്നു മുകുന്ദ്. ഇവിടെ വച്ച് ഇരുവരും കണ്ടുമുട്ടുകയും സൗഹൃദത്തിലാകുകയായിരുന്നു. ഇത് പിന്നീട് പ്രണയത്തിൽ എത്തി. തുടർന്ന് ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ദു റെബേക്ക വർഗീസിനെ മുകുന്ദ് വിവാഹം ചെയ്യ്തു. 2009 ഓഗസ്റ്റ് 28നായിരുന്നു വിവാഹം. 2011 മാർച്ച് 17നാണ് മുകുന്ദ്–ഇന്ദു ദമ്പതികൾക്ക് മകൾ ആർഷ്യ ജനിക്കുന്നത്.
മുകുന്ദിന്റെ മരണശേഷം മൂന്ന് വർഷം ബെംഗളൂരുവിലെ ആർമി സ്കൂളിൽ അധ്യാപികയായി ജോലി നോക്കി. 2017ലാണ് എജ്യുക്കേഷനിൽ പിജി ചെയ്യാൻ ഓസ്ട്രേലിയയിൽ പോയത്. പഠന ശേഷം മകളും ജോലിയുമായി അവിടെ തന്നെ സ്ഥിരതാമസമാക്കിയ ഇന്ദു കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തി. മകൾക്ക് നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ നിന്നു തിരികെ നാട്ടിലെത്തിയതെന്ന് ഇന്ദു പറയുന്നു. ഇപ്പോൾ തിരുവനന്തപുരം ഇന്റർ നാഷനൽ സ്കൂളിൽ അധ്യാപികയാണ് ഇന്ദു. മകളെയും അവിടെ ചേർത്തു. അധ്യാപനത്തിനൊപ്പം എഴുത്തിലേക്കും ചിത്രരചനയിലേക്കും നീങ്ങാനും ഇന്ദു സമയം കണ്ടെത്തുന്നുണ്ട്.
ഖാസിപത്രി ഓപ്പറേഷൻ (ജെ&കെ) : 25 ഏപ്രിൽ 2014
2014 ഏപ്രിൽ 25ന്, ഷോപിയാൻ ജില്ലയിലെ ഖാസിപത്രി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളിൽ പ്രതിയായ ജയ്ഷെ മുഹമ്മദ് കമാൻഡർ അൽത്താഫ് വാനി ഉൾപ്പെടെ ചില ഹാർഡ്‌കോർ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് റൈഫിൾസ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു. മേജർ മുകുന്ദ് വരദരാജൻ്റെ നേതൃത്വത്തിലായിരുന്നു ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ തീരുമാനിച്ചത്. ഇത് പ്രകാരം മേജർ മുകുന്ദ് തൻ്റെ സൈനികരോടൊപ്പം 30 മിനിറ്റിനുള്ളിൽ സംശയാസ്പദമായ സ്ഥലത്ത് എത്തി.
ഇരുനില കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചുതാമസിക്കുന്നതെന്ന് മനസ്സിലാക്കിയ മുകുന്ദിന്റെ സൈന്യം കെട്ടിടം പൂർണമായും വളഞ്ഞു. എന്നാൽ ഇത് തിരിച്ചറിഞ്ഞ ഭീകരർ സൈന്യത്തെ വെല്ലുവിളിക്കാൻ തുടങ്ങി. ഇതോടെ കെട്ടിടത്തിന്റെ വാതിൽ തകർത്ത് തുരുതുരാ വെടിച്ചുകൊണ്ട് സൈന്യം അകത്ത് പ്രവേശിച്ചു. ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആദ്യത്തെ ഭീകരനെ വെടിവച്ചു വീഴ്ത്തിയ മേജർ മുകുന്ദ് ഔട്ഹൗസിനുള്ളിലേയ്ക്ക് ഒരു ഗ്രനേഡ് എറിഞ്ഞു. വൻ സഫോടനത്തിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ഇതിനിടെ സൈനിക ഉദ്യോഗസ്ഥൻ വിക്രം സിങ്ങിനു നേരെ വെടിയുതിർത്ത് അൽത്താഫ് വാനി ഓടിരക്ഷപ്പെട്ടു. പിന്നാലെ സൈന്യവും കുതിച്ചു. ആപ്പിൾ മരത്തിന്റെ മറവിൽ ഒളിച്ചിരുന്ന അൽത്താഫ് വാനിയെ വളഞ്ഞ സൈന്യം വെടിവയ്പ്പ് നടത്തി. എന്നാൽ ഈ സമയത്ത് ഇടവിട്ട് മാത്രമാണ് അൽത്താഫ് വാനി നിറയൊഴിച്ചത്. ഇതോടെ അയാളുടെ വെടിയുണ്ട തീരാറായി എന്ന് മനസ്സിലാക്കിയ മുകുന്ദ് കാത്തിരുന്നു. അവസാന ബുള്ളറ്റും തീർന്നുവെന്ന് മനസ്സിലാക്കിയ സൈന്യം നിർണ്ണായക നീക്കം നടത്തി. തന്ത്രപരമായ ഇടപെടലിൽ അൽത്താഫ് വാനി കൊല്ലപ്പെട്ടു.
മേജർ മുകുന്ദിന്റെ സമയോചിത ഇടപ്പെടലും നേതൃപാടവവും തന്ത്രപരമായ തീരുമാനവും ആ ഓപ്പറേഷന്റെ വിജയത്തിനു കാരണമായി. എന്നാൽ ആ വിജയത്തിന്റെ ശോഭ പെട്ടന്ന് തന്നെ മങ്ങുകയായിരുന്നു. ഭീകരരുമായുള്ള ഏറ്റമുട്ടലിൽ മൂന്ന് വെടിയുണ്ടകൾ മുകുന്ദിന്റെ ശരീരത്തിൽ തറച്ചു. ഓപ്പറേഷൻ പൂർത്തിയായതും മേജർ കുഴഞ്ഞുവീണു. ഉടൻ ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും റെജിമെന്റൽ മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. 31-ആം വയസ്സിൽ തൻ്റെ കർത്തവ്യനിർവ്വഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച മേജർ മുകുന്ദിന് രാജ്യത്തിൻ്റെ പരമോന്നത പുരസ്‌കാരമായ അശോക് ചക്ര നൽകി ആദരിച്ചു. ഭാര്യ ഇന്ദു റബേക്ക വർഗീസ് വളരെ ധീരമായി തലയുയർത്തി നിന്ന് അശോക ചക്ര ഏറ്റുവാങ്ങിയത് രാജ്യം ഉറ്റുനോക്കിയിരുന്നു. ‘മുകുന്ദ് ജീവിച്ചിരുന്നെങ്കിൽ അശോക ചക്ര വാങ്ങുക ഏറ്റവും അഭിമാനത്തോടെയാകും. അതുതന്നെയേ ഞാനും ചെയ്തുള്ളൂ. എൻ്റെ കണ്ണുനീരാകരുത്, മുകുന്ദിൻ്റെ ധീരതയാകണം ലോകം കാണുന്നത്.’, എന്നായിരുന്നു അശോക ചക്ര സ്വീകരിച്ച ശേഷം ബർക്കാ ദത്തുമായുള്ള അഭിമുഖത്തിൽ ഇന്ദു പറഞ്ഞത്.