Unnikannan Mangalam Dam: ‘താഴ്ന്നജാതിക്കാരനായ നിനക്ക്, ഈ കുടവയറും വെച്ച് എങ്ങനെ പൈസ കിട്ടും?’; പരിഹസിച്ചെന്ന് ഉണ്ണിക്കണ്ണൻ
Unnikannan Mangalam Dam - Casteist Remarks: തനിക്ക് നേരെ ഒരാൾ ജാതിയധിക്ഷേപ, ബോഡി ഷെയിമിങ് പ്രസ്താവനകൾ നടത്തിയെന്ന് ഉണ്ണിക്കണ്ണൻ മംഗലം ഡാം. തനിക്ക് വേണ്ട തുക പറഞ്ഞപ്പോഴായിരുന്നു ആക്ഷേപമെന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.

തനിക്ക് നേരെ ജാതിയധിക്ഷേപമുണ്ടായെന്ന ആരോപണവുമായി വിജയ്‌യെ കാൽനടയായി യാത്ര ചെയ്ത് കണ്ട ഉണ്ണിക്കണ്ണൽ മംഗലം ഡാം. ഉദ്ഘാടനത്തിന് വിളിച്ചപ്പോഴായിരുന്നു തനിക്ക് ദുരനുഭവമുണ്ടായത്. ‘താഴ്ന്നജാതിക്കാരനായ നിനക്ക്, ഈ കുടവയറും വെച്ച് എങ്ങനെ പൈസ കിട്ടും?’ എന്നായിരുന്നു തന്നോടുള്ള ചോദ്യമെന്ന് ഉണ്ണിക്കണ്ണൻ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
“ഞാൻ പറഞ്ഞു, ഈ എമൗണ്ട് തന്നാലേ വരൂ എന്ന്. എൻ്റെ പൈസ പറയുമ്പോൾ നിങ്ങൾ ഇങ്ങനെ പറയുന്നതെന്തിനാണെന്ന് ചോദിച്ചു. മുതലെടുക്കേണ്ട കാര്യമില്ലല്ലോ. ഞാൻ രണ്ടുമൂന്ന് വിഡിയോ ഇട്ടുകൊടുത്തു. എന്നിട്ട് ആളെന്നെ വിളിച്ചിട്ട് പറഞ്ഞു, ‘1500 രൂപയും കോഴിയും കുമ്പളങ്ങയും തരും, വന്നിട്ട് പോ. ഈ ഈ താഴ്ന്ന ജാതി, ഈ കറുത്തവനെങ്ങനെയാണ് കിട്ടുക, നിൻ്റെ കുടവയറും കൊണ്ട് നിനക്കൊന്നും കിട്ടില്ല’ എന്ന്.”- ഉണ്ണിക്കണ്ണൻ പറഞ്ഞു.




തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ തമിഴ്നാട്ടിലേക്ക് കാൽനടയായി പോയപ്പോഴാണ് ഉണ്ണിക്കണ്ണൻ മംഗലം ഡാം വാർത്തകളിൽ ഇടം പിടിച്ചത്. വിജയിയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കഴുത്തിൽ അണിഞ്ഞായിരുന്നു യാത്ര. പാലക്കാട് ജില്ലയിലെ മംഗലം ഡാം സ്വദേശിയായ ഉണ്ണിക്കണ്ണൻ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ വിജയ്‌യെ കണ്ട് സംസാരിച്ചിരുന്നു. 2025 ജനുവരി ഒന്നിന് ആരംഭിച്ച യാത്രയുടെ 35ആം ദിവസമാണ് ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടത്. ഫെബ്രുവരി നാലിനായിരുന്നു കൂടിക്കാഴ്ച. ഇയാൾ തന്നെ ഇക്കാര്യം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. വിജയ്‌യെ കണ്ടുമുട്ടിയെന്നും അദ്ദേഹവുമായി പത്ത് മിനിട്ടോളം സംസാരിച്ചു എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. വിജയ്‌യുടെ ടീം വിഡിയോ എടുത്തിരുന്നെങ്കിലും ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള കോസ്റ്റ്യൂം ആയിരുന്നതിനാൽ അത് പുറത്തുവിടാനാവില്ല. അതുകൊണ്ടാണ് അദ്ദേഹവുമൊത്തുള്ള ദൃശ്യങ്ങൾ പങ്കുവെക്കാത്തത് എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.
പ്രശസ്തനായതിന് പിന്നാലെ ബിഗ് ബോസ് ഷോയിലേക്ക് പോകാനുള്ള ആഗ്രഹവും ഉണ്ണിക്കണ്ണൻ തുറന്നുപറഞ്ഞു. ബിഗ് ബോസിൽ നിന്ന് വിളിച്ചാൽ പോകും എന്ന് പറഞ്ഞ ഉണ്ണിക്കണ്ണൻ നാലാം ക്ലാസുകാരനായ തന്നെ അങ്ങനെ വിളിക്കുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞിരുന്നു.