Marco vs KGF : വളർത്തുനായയുടെ പേര് റോക്കി! മാർക്കോയിൽ ഉണ്ണി മുകുന്ദൻ യഷിനെ അപമാനിച്ചുയെന്ന് കെജിഎഫ്, കന്നഡ ആരാധകർ
Marco vs KGF Controversy : പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധേയമായ ചിത്രമാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ. ചിത്രത്തിൻ്റെ ഒടിടി പതിപ്പും കൂടി റിലീസായതോടെ ഉണ്ണി മുകുന്ദൻ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേർന്നിരിക്കുകയാണ്. എന്നാൽ അതോടൊപ്പം മാർക്കോ ഇപ്പോൾ വിവാദത്തിലും ഉൾപ്പെട്ടിരിക്കുകയാണ്.

മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും വിയലൻസ് നിറഞ്ഞ ചിത്രമെന്ന ടാഗ് ലൈനോട് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ. എ സർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള മലയാളം ചിത്രങ്ങളിൽ ഏറ്റവും വലിയ ജയം നേടിയ സിനിമയും കൂടിയാണ് മാർക്കോ. 100 കോടി ക്ലബിൽ ഇടം നേടിയ ഉണ്ണി മുകുന്ദൻ ചിത്രത്തിന് വടക്കെ ഇന്ത്യയിലുള്ള പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. പിന്നാലെ മാർക്കോ ഒടിടിയിൽ എത്തിയതോടെ ഉണ്ണി മുകുന്ദൻ ചിത്രത്തിന് കൂടുതൽ പേരിലേക്കെത്താനും സാധിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ചിത്രം ഒരു വിവാദത്തിലുൾപ്പെട്ടിരിക്കുകയാണ്. സിനിമയിലെ ഒരു രംഗം കന്നഡ സൂപ്പർ താരം യഷിനെ അപമാനിച്ചുയെന്നാണ് ചിലർ വിവാദമായി ഉന്നയിക്കുന്നത്. യഷിനെയും താരം അഭിനയിച്ചിട്ടുള്ള കെജിഎഫ് എന്ന ചിത്രത്തെയും മലയാള സിനിമയും ഉണ്ണി മുകുന്ദനും അപമാനിച്ചുയെന്നാണ് കന്നഡ സിനിമ ആരാധകർ ആരോപിക്കുന്നത്. സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ വളർത്തുനായയ്ക്ക് റോക്കി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതാണ് കെജിഎഫ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നതെന്നാണ് ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നത്.
തൻ്റെ വളർത്തുനായയുടെ പേര് റോക്കിയെന്നാണെന്ന് പറഞ്ഞതിന് ശേഷം ഉണ്ണി മുകുന്ദൻ്റെ കഥാപാത്രം തുപ്പുന്ന സീൻ ഉയർത്തികൊണ്ടാണ് കെജിഎഫ് ആരാധകർ തങ്ങളുടെ ഇഷ്ടതാരത്തെ അപമാനിച്ചുയെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കെജിഎഫിനെക്കാളും വയലൻസും ആക്ഷൻ സീനുകളും നിറഞ്ഞ സിനിമയെന്ന് പേരിൽ വടക്കെ ഇന്ത്യയിലുള്ളവർ ആഘോഷിക്കുന്നതാണ് മറ്റൊരുത്തരത്തിൽ യഷ് ആരാധകരെ ചൊടുപ്പിക്കുന്നത്. അതേസമയം മാർക്കോയെ കെജിഎഫുമായി താരതമ്യം ചെയ്യുന്നത് തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുമോദനമാണെന്നാണ് മാർക്കോയുടെ പ്രൊമോഷൻ സമയത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞത്.
ഹനീഫ് അദേനിയാണ് മാർക്കോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യൂബ് എൻ്റർടെയ്മെൻ്റസിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ യുക്തി തരേജ, കബീർ ധുഹാൻ സിങ്, സിദ്ധിഖ്, അഭിമന്യു ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെജിഎഫിൻ്റെ സംഗീത സംവിധായകൻ രവി ബസ്റൂറാണ് മാർക്കോയ്ക്കും സംഗീതം നൽകിയിരിക്കുന്നത്. ചന്ദ്രു സെൽവരാജാണ് മാർക്കോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ.