Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Marco Movie to Release on South Korea: ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് 'മാർക്കോ'.
ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേക്ഷക പ്രീതി നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ‘മാർക്കോ’ ദക്ഷിണ കൊറിയയിൽ റിലീസിന് ഒരുങ്ങുങ്ങയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷം ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ‘മാർക്കോ’.
ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ദക്ഷിണ കൊറിയൻ വിനോദ മേഖലയിലെ തന്നെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ ഒന്നായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൊറിയയിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഓപ്പണിങ് ആണ് മാർക്കോയ്ക്ക് ലഭിക്കാൻ പോകുന്നത്. ഏപ്രിൽ മാസത്തോടെ ആയിരിക്കും ചിത്രം കൊറിയയിൽ റീലീസാവുക. റിപോർട്ടുകൾ പ്രകാരം 100 സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. അതേസമയം, മാർക്കോയുടെ ഈ സുവർണ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമയും രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: ടോളിവുഡിനെയും വിറപ്പിച്ച് ഉണ്ണി മുകുന്ദൻ; തെലുങ്ക് ആദ്യദിന കളക്ഷൻ പുറത്ത്; തമിഴിൽ കൈയടി നേടുമോ?
“ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി ‘മാർക്കോ’യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. വേൾഡ് ക്ലാസ് എന്ന് ഞങ്ങൾ കരുതുന്ന, മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ വല്ലാതെ ആകർഷിച്ചു. അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവ് ഈ ചിത്രത്തിന് ഉണ്ട്. ലോക സിനിമയിലെ ഈ ശക്തമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ” നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ പറഞ്ഞു.
ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർക്കോ’ ഡിസംബര്‍ 20നാണ് തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും ശക്തമായി തന്നെ മുന്നേറുകയാണ്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജഗദീഷ്, അഭിമന്യു എസ് തിലകൻ, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ,യുക്തി തരേജ, സിദ്ദീഖ് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരന്നത്. കേരളത്തിൽ മാത്രമല്ല ഹിന്ദിയിലും റിലീസ് ചെയ്ത ചിത്രം വന്‍ പ്രകടനമാണ് നോര്‍ത്ത് ഇന്ത്യയിൽ കാഴ്ചവയ്ക്കുന്നത്. ചിത്രം റിലീസായി 14-ാം ദിനം പിന്നിടുമ്പോൾ, മാർക്കോ ബോക്സ് ഓഫീസിൽ ആഗോളതലത്തിൽ നേടിയത് 76.75 കോടി കളക്ഷനാണ്.