Marco: ബോളിവുഡിനെയും ഞെട്ടിച്ച് മാർക്കോയുടെ കുതിപ്പ്; 13-ാം ദിനത്തിലും ‘വയലൻസ്’ തരംഗം, ആകെ എത്ര നേടി?
Marco Movie Second Week Collection: മാർക്കോയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്ക്. ഹിന്ദിയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയ ‘മാർക്കോ’ തരംഗം സൃഷ്ടിക്കുകയാണ്. 2024 ഡിസംബർ 20-ന് തീയ്യറ്ററുകളിൽ എത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയാകുകയാണ്. ഹിന്ദിയിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്ക്.
വയലൻസ് പ്രമേയമാക്കി ഒരുക്കിയ മാർക്കോ ഇതിനകം 71 കോടി രൂപയിലധികം കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു എന്നാണ് സാക്നിൽക് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ച് 13-ാം ദിനം പിന്നിടുമ്പോൾ, മാർക്കോ വിദേശത്ത് നിന്ന് മാത്രം നേടിയത് 21 കോടി രൂപയിലേറെ കളക്ഷനാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് കളക്ഷൻ ഉയർത്താൻ സാധിക്കുന്നുണ്ട്. ഇതോടെ ഈ കുതിപ്പ് തുടർന്നാൽ ആരൊക്കെ വീഴുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം, നടന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി എത്തിയ ‘മാർക്കോ’ ആദ്യ ദിനം ആഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത് 10.8 കോടി രൂപയാണ്. വയലൻസ് പ്രമേയമാക്കി ഒരുക്കിയ ചിത്രമായത് കൊണ്ടുതന്നെ ‘മാർക്കോ’യ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയത്. എന്നിരുന്നാലും, ചിത്രത്തിന്റെ കുതിപ്പിന് ഇതൊരു തടസ്സമായില്ല. ആദ്യ ദിനം ഇന്ത്യൻ ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് മാത്രം ചിത്രം നേടിയത് 4.3 കോടി രൂപയാണ്. 30 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് മാർക്കോ. ആ അവകാശവാദത്തിന് നൂറ് ശതമാനം നീതി പുലർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമ കണ്ട പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ഒരുക്കിയ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി നിർവഹിച്ചത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ്. 2019 ജനുവരി 18ന് റീലീസായ ഹനീഫ് അദേനി ചിത്രം ‘മിഖായേലിന്റെ’ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോയുടെ നിർമാണം. ഉണ്ണി മുകുന്ദന് പുറമെ ചിത്രത്തിൽ അഭിമന്യു തിലകൻ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരന്നു. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബസ്രൂർ ആണ്.