Marco Box Office Collection: 100 കോടി ക്ലബ്ബിൽ ‘മാർക്കോ’; സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ
Marco Crossed 100 Crore Collection: കേരളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രത്തിന് വൻ പ്രതികരണം ആണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ ബോളിവുഡ് ചിത്രങ്ങളെ പോലും മറികടന്ന് മുന്നേറുകയാണ് മാർക്കോ.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്കോ’. മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഒടുവിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കളക്ഷൻ നേടിയിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ‘മാർക്കോ’. ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്സ് എന്റർടൈൻമെൻറ്സും നടൻ ഉണ്ണി മുകുന്ദനുമാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.
ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
കേരളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രത്തിന് വൻ പ്രതികരണം ആണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ ബോളിവുഡ് ചിത്രങ്ങളെ പോലും മറികടന്ന് മുന്നേറുകയാണ് മാർക്കോ. 34 ഷോകളിൽ ആണ് മാർക്കോ ആരംഭിച്ചത്. എന്നാൽ, ചിത്രം റിലീസായി രണ്ടാഴ്ച പിന്നിടുമ്പോൾ 1327 സ്‌ക്രീനുകളിലായി 3000ത്തിൽ അധികം ഷോകളിലേക്ക് അത് വർധിച്ചു. കൂടാതെ, ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ദക്ഷിണ കൊറിയൻ റീലീസ് സംബന്ധിച്ച പ്രഖ്യാനം എത്തിയത്. ദക്ഷിണ കൊറിയൻ വിനോദ മേഖലയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ ഒന്നായ നൂറി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷൻ റൈറ്റ്സ് സ്വന്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രമായ ‘ബാഹുബലി’യ്ക്ക് ശേഷം ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് ‘മാർക്കോ’. ഏപ്രിൽ മാസത്തോടെ ആയിരിക്കും ചിത്രം കൊറിയയിൽ പ്രദർശനത്തിനെത്തുക. ‘മാർക്കോ’യുടെ ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമയും രംഗത്തെത്തിയിരുന്നു.
വയലൻസ് പ്രമേയമാക്കി ഒരുക്കിയ ‘മാർക്കോ’ മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ്’ ചിത്രം എന്ന ടാഗോടെയാണ് പ്രദർശനത്തിനെത്തിയത്. സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റോട് കൂടി ഡിസംബർ 20-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിർമാണം. ഉണ്ണി മുകുന്ദന് പുറമെ ജഗദീഷ്, അഭിമന്യു എസ് തിലകൻ, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ,യുക്തി തരേജ, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.
നിവിൻ പോളി നായകനായ ഹനീഫ് അദെനി ചിത്രം ‘മിഖായേലി’ന്റെ സ്പിൻ ഓഫ് ചിത്രമായാണ് ‘മാർക്കോ’ ഒരുക്കിയിരിക്കുന്നത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചത് ഷമീർ മുഹമ്മദാണ്. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസ്രൂർ ആണ് മാർക്കോയിലെ ഗാനങ്ങൾ ഒരുക്കിയത്.