Unni Mukundan: ഒടുവിൽ ഉണ്ണി മുകുന്ദനും പെട്ടു! ‘ബേസിൽ യൂണിവേഴ്സി’ലേക്ക് പുതിയൊരാൾ കൂടി; വീഡിയോ വൈറൽ
Unni Mukundan Entered the Basil Universe: ഒടുവിൽ ബേസിൽ യൂണിവേഴ്സിൽ കയറി നടൻ ഉണ്ണി മുകുന്ദനും. ഷേക്ക് ഹാൻഡിനായി താരം ഒരു കുട്ടിക്ക് കൈ നീട്ടിയെങ്കിലും കുട്ടി കൈ കൊടുത്തില്ല. ഈ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്
ഷേക്ക് ഹാൻഡിന് കൈ നീട്ടി തിരിച്ച് കൈ തരാതിരിക്കുമ്പോൾ ചമ്മി പോകുന്ന അവസ്ഥയ്ക്ക് സോഷ്യൽ മീഡിയ നൽകിയ പേരാണ് ‘ബേസിൽ യൂണിവേഴ്‌സ്’. നടനും സംവിധായകനുമായ ബേസില്‍ ജോസഫിലൂടെയാണ് ഈ സംഭവം വൈറലാകുന്നത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സൂപ്പര്‍ ലീഗിനിടെ ബേസില്‍ ഒരു താരത്തിന് കൈ നീട്ടിയെങ്കിലും, അതുകാണാതെ പോയ താരം അടുത്തുണ്ടായിരുന്ന പൃത്വിരാജിന് കൈകൊടുത്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അന്ന് മുതലാണ് ഷേക്ക് ഹാൻഡിന് പോയിട്ട് കൈ കിട്ടാതെ ചമ്മിയവരെ സോഷ്യല്‍ മീഡിയ ബേസില്‍ യൂണിവേഴ്‌സിലെ അംഗങ്ങളാക്കി തുടങ്ങിയത്. മമ്മൂട്ടി, ടൊവിനോ തോമസ്, മന്ത്രി വി. ശിവന്‍കുട്ടി, സൂരജ് വെഞ്ഞാറമൂട് ഉൾപ്പടെയുള്ളവർ ഇന്ന് ബേസില്‍ യൂണിവേഴ്‌സിലെ ‘അംഗങ്ങളാ’ണ്. ഒടുവിലിതാ നടൻ ഉണ്ണി മുകുന്ദനും ഈ ക്ലബ്ബിലെ അംഗമായിരിക്കുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന പുതിയ ചിത്രം ഫെബ്രുവരി 21നാണ് റിലീസായത്. തീയറ്ററിൽ പോയി ഷോ കണ്ട് പുറത്തിറങ്ങിയ ഉണ്ണി മുകുന്ദനെ ഒരു കൂട്ടം ഓൺലൈൻ മാധ്യമങ്ങളും ആരാധകരും ചേർന്ന് വളഞ്ഞു. ഇതിനിടെ ആണ് ഉണ്ണി ഷേക്ക് ഹാൻഡിനായി ഒരു കുട്ടിക്ക് കൈ നീട്ടിയത്. എന്നാൽ കുട്ടി കൈ കൊടുക്കാതെ താരത്തോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ ഉണ്ടായിരുന്നവരിൽ ചിലർ ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ‘ഉണ്ണി മുകുന്ദനും പെട്ടു’ എന്ന തമാശ ക്യാപ്ഷനോടെ പ്രചരിക്കുന്ന ഈ വീഡിയോ ആണിപ്പോൾ വൈറൽ.
ALSO READ: റോബിനു വേണ്ടി ഉപവാസം അനുഷ്ഠിച്ച് ആരതി; കര്‍വാ ചൗത് ആഘോഷങ്ങളുടെ ചിത്ര പങ്കുവച്ച് താരങ്ങൾ
വൈറലാകുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ:
അങ്ങനെ ഉണ്ണി മുകുന്ദനും പെട്ട് 👀
Unni Mukundan is also trapped by the TBU Curse.#UnniMukundan #GetSetBaby pic.twitter.com/PSFpyDYt5L
— Content Media (@contentmedia__) February 22, 2025
ഗെറ്റ് സെറ്റ് ബേബി
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ വിനയ് ഗോവിന്ദ് ഒരുക്കിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരും അണിനിരക്കുന്നു. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറിൽ സുനിൽ ജെയിനും, സജിവ് സോമൻ,പ്രകാഷലി ജെയിനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രാജേഷ് വൈ വി, അനൂപ് രവീന്ദ്രൻ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് ആണ് സംഗീതം പകർന്നത്.