Suresh Gopi: ‘സിനിമ പാഷനാണ്; അതില്ലെങ്കിൽ ഞാൻ ചത്തു പോകും’; സുരേഷ് ഗോപി
ഇതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കിൽ താൻ രക്ഷപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെപ്റ്റംബർ 6 ന് ഒറ്റകൊമ്പൻ തുടങ്ങുമെന്നും അഭിനയിക്കാൻ അനുവാദം തേടിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുവാദം കിട്ടിയില്ലെങ്കിലും സിനിമ ചെയ്യുമെന്നും താരം പറഞ്ഞു. സെപ്റ്റംബർ ആറിന് ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു.
Also read-Hema Committee Report : പേരുകള്‍ ആരുടേയൊക്കെയെന്ന് അലട്ടുന്നു; ‘അമ്മ’ യോഗം ഇന്ന്
തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിരന്തരമായ ആവശ്യത്തിന്റെ പേരിലാണ് താത്പര്യമില്ലാതിരുന്നിട്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിലുള്ള പ്രതികരണവും അദ്ദേഹം നടത്തുകയുണ്ടായി. സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും അങ്ങനെ ചിന്തിക്കുന്നവരാണ് വിഘടനവാദികളെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. അത് താൻ 25 വർഷം മുമ്പേ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രിയായ ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. 2020ൽ പ്രഖ്യാപിച്ച ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങുകയായിരുന്നു. പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകൾ ഉണ്ടാകുന്നു എന്നതായിരുന്നു പ്രധാന ആരോപണം.