Ullozhukku Movie : ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്; പുരുഷകേന്ദ്രീകൃത സമൂഹത്തിൻ്റെ സ്ത്രീപക്ഷ വായന

Ullozhukku Movie An Absolute Masterclass : അടിയൊഴുക്ക് അഥവാ ഉള്ളൊഴുക്ക് പോലെ ശക്തമായ സംഘർഷങ്ങൾക്കിടയിൽ ജീവിക്കുന്ന സ്ത്രീകളുടെ കഥയാണ് ഉള്ളൊഴുക്ക്. അവർക്ക് അവരുടെ ശരികളുണ്ട്. സമൂഹം അവർക്ക് കല്പിച്ചുകൊടുത്ത ശരികളുമുണ്ട്. ഒടുവിൽ രണ്ട് പേരും അവരവരുടെ ശരിയിലുറച്ചുനിൽക്കുകയാണ്.

Ullozhukku Movie : ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്; പുരുഷകേന്ദ്രീകൃത സമൂഹത്തിൻ്റെ സ്ത്രീപക്ഷ വായന

Ullozhukku Movie (Image Courtesy- Social Media)

Published: 

24 Jun 2024 14:55 PM

ജോളി ജോസഫ് പ്രതിയായ കൂട്ടക്കൊലപാതകങ്ങളുമായ ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘കറി ആൻഡ് സയനൈഡ്; ദി ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെൻ്ററിയുടെ ടൈറ്റിൽ കാർഡുകളിലൊരിടത്താണ് ക്രിസ്റ്റോ ടോമി എന്ന പേര് ആദ്യമായി കേൾക്കുന്നത്. ‘യെവനാരാടാ, നെറ്റ്ഫ്ലിക്സിനൊരു ഡോക്യുമെൻ്ററിയൊക്കെ ചെയ്യാൻ’ എന്ന അപരിചിതത്വം ഡോക്യുമെൻ്ററി കണ്ട് കഴിഞ്ഞപ്പോൾ അവസാനിക്കുകയും ചെയ്തു. അവതരണത്തിൽ ചില ചില്ലറ പിശകുകളുണ്ടെങ്കിലും വെൽ ക്രാഫ്റ്റഡായ, ടെക്നിക്കലി മികച്ച ഒരു ഡോക്യുമെൻ്ററിയായിരുന്നു കറി ആൻഡ് സയനൈഡ്.

കുറച്ചുനാളുകൾക്ക് ശേഷം പാർവതിയും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ കാണുന്നു. അവിടെ, റിറ്റൺ ആൻഡ് ഡയറക്ടഡ് ബൈ ക്രിസ്റ്റോ ടോമി എന്ന് കാണുമ്പോൾ ‘കൊള്ളാം, ഇവൻ ഫീച്ചർ ഫിലിമും ചെയ്യുമോ?’ എന്ന് അതിശയിക്കുന്നു. വളരെ പെട്ടെന്ന് മറ്റൊരു വാർത്ത അറിയുന്നു. ഈ ഉള്ളൊഴുക്ക് ആമിർ ഖാൻ നയിച്ച ജൂറി മാർക്കിട്ട, ദേശീയാടിസ്ഥാനത്തിൽ 35,000 തിരക്കഥകളിൽ നിന്ന് ഫസ്റ്റടിച്ച തിരക്കഥയാണ്. രണ്ടാം സ്ഥാനത്തുവന്ന തിരക്കഥ കുറച്ചുനാൾ മുൻപ് സിനിമയായി പുറത്തുവന്ന് ദേശീയാടിസ്ഥാനത്തിൽ ശ്രദ്ധ നേടിയ ലാപതാ ലേഡീസ്.

ഉള്ളൊഴുക്ക് കാണണമെന്ന് തീരുമാനിച്ച പോയിൻ്റായിരുന്നു അത്. ലാപതാ ലേഡീസ് പോലെ തമാശയും റൊമാൻസും ചേർത്ത് പറയുന്ന കഥയല്ല ഉള്ളൊഴുക്ക്. വളരെ റോ ആയ വികാരങ്ങൾ അങ്ങനെ തന്നെ പകർത്തിവെക്കുന്ന ചലച്ചിത്ര ഭാഷ്യമാണ്. മലയാളം ജന്മം നൽകിയ നടിമാരിൽ വച്ച് ഏറ്റവും മികച്ചവരിൽ പെടുത്താവുന്ന ഉർവശിയും സമകാലിക മലയാള സിനിമയിലെ ശ്രദ്ധേയ നടി പാർവതിയും ഇവർക്ക് ചുറ്റും പ്രശാന്ത് മുരളിയും അലൻസിയറുമൊക്കെ അസാധ്യപ്രകടനങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നൊരു സിനിമ.

കഥയുടെ പ്രമേയം ഏറെക്കുറെ സാധാരണയാണ്. ലോകത്തെല്ലായിടത്തും നടക്കുന്നൊരു കഥ. പ്രണയമുള്ളിടത്തുണ്ടാവാനിടയുള്ളൊരു സംഭവം. പലപ്പോഴും ആ കഥ പുരുഷന്മാരിലൂടെ സഞ്ചരിച്ച്, അവരിലൂടെ സംസാരിച്ച്, അവർ പറയുന്നിടത്ത് അവസാനിക്കലാണ് പതിവ്. എന്നാൽ, ഇവിടെ ലീലാമ്മയും (ഉർവശി) അഞ്ജുവും (പാർവതി) ചേർന്നാണ് ആ കഥയ്ക്ക് ഭാഷ്യമുണ്ടാക്കുന്നത്. ആ കഥയിലെതിർവശത്തുള്ളത് ആൺ കരുത്തുകളാണ്. ആത്യന്തികമായി ആ ആൺകരുത്തിനോട് കലഹിച്ചാണ് ഈ പെണ്ണുങ്ങൾ കഥാന്ത്യത്തിൽ ഒരു തോണിയിലൊമിച്ചിരുന്ന് കുട്ടനാടിൻ്റെ പെരുമഴപ്പെയ്ത്തിലേക്ക് സഞ്ചരിക്കുന്നത്.

Also Read: Turbo OTT Updates: ഒടിടിടി ആയി, ഇനി ടർബോ എവിടെ കാണാം?

സിനിമയിൽ എപ്പോഴും മഴയും വെള്ളപ്പൊക്കവുമാണ്. കുട്ടനാട്ടിൽ അതല്ലാതെ മറ്റെന്താണ്. ആകാശത്ത് കാർമേഘത്തിൻ്റെ നിഴൽ കാണുമ്പോൾ മുണ്ടും നൈറ്റിയും കയറ്റിക്കുത്തി, തോണി തയ്യാറാക്കി, ഏത് നേരവും സാധനങ്ങൾ വാരിക്കെട്ടാൻ തയ്യാറായി ജീവിക്കുന്ന കുറേ ജനങ്ങൾ. വെള്ളപ്പൊക്കത്തിൽ നീന്തുക എളുപ്പമല്ല. കെട്ടിക്കിടക്കുന്ന വെള്ളമല്ലേ എന്ന് ചിന്തിച്ച് ചാടിയാൽ ഒഴുക്കെടുക്കുമെന്നുറപ്പ്. വെള്ളപ്പൊക്കത്തിൽ നീന്താൻ എക്സ്പേർട്ടുകൾക്കേ പറ്റൂ. കാണുമ്പോൾ ശാന്തമായ ഉപരിതലമാണെന്ന് കരുതി കൈയൊന്നയച്ചാൽ അടിയൊഴുക്കില്പെട്ട് നിലയില്ലാതെ ജീവനൊടുങ്ങും. അടിയൊഴുക്ക് അല്ലെങ്കിൽ ഉള്ളൊഴുക്ക്, പുറമേ നിന്ന് കാണാനാവില്ല. അതറിയാൻ ഉള്ളിലേക്കിറങ്ങണം. അതിൽ പെടണം. ഇവിടെ, ആത്യന്തികമായി അതിൽ പെടുന്നത് പെണ്ണുങ്ങളാണ്. ലീലാമ്മയും അഞ്ജുവും. സിസ്റ്ററാൻ്റിയും ഷേബയും അഞ്ജുവിൻ്റെ അമ്മയുമൊക്കെ ഒരു പരിധി വരെ ഈ ഒഴുക്കറിയുന്നുണ്ട്. ഷേബ അത് അറിയുന്നേയുള്ളൂ, മനസിലാക്കുന്നില്ല. അവരുടെ ജീവിതത്തിലെ ആണുങ്ങൾ, അഞ്ജുവിൻ്റെ അപ്പച്ചനും രാജീവും ഈ ഒഴുക്കിൽ കാര്യമായി പെടുന്നുമില്ല, അതറിയാൻ മെനക്കെടുന്നുമില്ല. അവസാനം, അപ്പച്ചൻ ഇത് അറിയുന്നെങ്കിലും അയാൾ കൂടുതലറിയാൻ തയ്യാറാവുന്നില്ല.

പൊട്ടും പൊടിയും പറഞ്ഞാൽ പോലും സ്പോയിലറാകുന്ന കഥാഗതിയാണ് സിനിമയ്ക്കുള്ളത്. സാർവദേശീയമായ കഥയാണെങ്കിൽ പോലും തിരക്കഥയും കഥാപാത്രങ്ങളുടെ നിർമ്മിതിയുമാണ് സിനിമയെ ഒരു പടി മുകളിലേക്കുയർത്തുന്നത്. മറ്റുള്ളവർക്ക് ശരിയെന്ന് കരുതി തെറ്റുചെയ്യുന്ന മനുഷ്യർ സിനിമയിലുണ്ട്. ‘നിനക്ക് നല്ലത് വരാനേ ഉദ്ദേശിച്ചുള്ളൂ’ എന്ന, കണ്ണീര് കൊണ്ട് കാഴ്ചമറയുന്ന കുമ്പസാരത്തിനു മുന്നിൽ ‘സാരമില്ല, പോട്ടെ’ എന്ന് പറയുന്നതിനപ്പുറമെന്ത് ചെയ്യാനാണ്. ഇങ്ങനെ നല്ലത് ധരിച്ച് തന്നെ വിഷമിപ്പിച്ചവരോട് അഞ്ജുവിൻ്റെ മറുപടി ‘സാരമില്ല, പോട്ടെ’ എന്നതാണ്. ഒന്ന്, ഒന്നും പറയാതെ കയ്യിൽ ചേർത്തുപിടിക്കുക. രണ്ട്, ലീലാമ്മയ്ക്കൊപ്പം വള്ളത്തിൽ കയറിയിരിക്കുക. വളരെ ശക്തിയുള്ള രണ്ട് ഫ്രെയിമുകൾ.

മലയാളത്തിൽ പയറ്റിത്തെളിഞ്ഞ ഉർവശി എന്ന നടനവിസ്മയത്തിനൊപ്പം പിടിച്ചുനിൽക്കാൻ കഴിഞ്ഞു എന്നതാണ് പാർവതിയുടെ വിജയം. എങ്കിലും സിനിമ കഴിയുമ്പോൾ രെജിസ്റ്റർ ചെയ്യപ്പെടുക ഉർവശിയുടെ ലീലാമ്മ തന്നെയാണ്. ചില ഭാവഭേദങ്ങൾ, കയ്യനക്കങ്ങൾ, ശബ്ദവ്യതിയാനങ്ങൾ. ഉർവശി ലീലാമ്മയായി പരകായപ്രവേശം നടത്തുന്ന അത്ഭുതവിദ്യ. വളരെ സട്ടിലായ പെരുമാറലുകളുടെ, കയ്യടക്കത്തിൻ്റെ അഭിനയകല.

പാർവതിയും ലഭിച്ച റോൾ മനോഹരമാക്കി. അഞ്ജു എന്ന കഥാപാത്രത്തിൻ്റെ ആർക്കിനൊപ്പം കൃത്യമായി വളരാൻ പ്രേക്ഷകന് പാർവതി ഇടം നൽകുന്നുണ്ട്. ചെറിയ റോളാണെങ്കിലും ഷോർട്ട് ഫിലിമുകളുടെ ഫഹദ് ഫാസിൽ പ്രശാന്ത് മുരളിയും ഗംഭീര പ്രകടനം കാഴ്ചവച്ചു. തമാശറോളുകൾക്കപ്പുറം പ്രശാന്തിലൊരു അസാമാന്യ നടനുണ്ട്. അലൻസിയർ പതിവുപോലെ വേഷം മനോഹരമാക്കി.

സാങ്കേതിക വശങ്ങൾ പരിഗണിക്കുമ്പോൾ സുഷിൻ ശ്യാമിൻ്റെ സംഗീതവും ഷെഹ്‌നാദ് ജലാലിൻ്റെ ക്യാമറയുമൊക്കെ മെച്ചപ്പെട്ടുനിന്നെങ്കിലും കിരൺ ദാസിൻ്റെ എഡിറ്റിന് ഒരു മാർക്ക് കൂടുതൽ കൊടുക്കാം.

ചുരുക്കത്തിൽ ഇക്കൊല്ലം മലയാളത്തിലിങ്ങിയതിൽ ഏറ്റവും ശക്തമായ സിനിമയെന്ന് ഉള്ളൊഴുക്കിനെ വിശേഷിപ്പിക്കാം.

 

 

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍