Tovino Thomas:’ഇത് നീയാണോ’; മണിയനായി മേക്കപ്പ് ഇട്ട തന്നെ ആദ്യമായി കണ്ടത് ദുൽഖറാണെന്ന് ടൊവിനോ
Tovino Thomas:തീയറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് തന്നെ എആര്‍എം 50 കോടി ക്ലബില്‍ പ്രവേശിച്ചിരിക്കുകയാണ്. ടൊവിനോയുടെ കരിയറില്‍ തന്നെ 50 കോടി ക്ലബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണിത്.
തീയറ്ററിൽ ഗംഭീര പ്രകടനം കാഴ്ചവച്ചുകൊണ്ട് ടൊവിനോ തോമസ് നായകനായ എആർഎം പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച മണിയൻ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ എആർഎമ്മിലെ മണിയനായി മേക്കപ്പ് ഇട്ട് എത്തിയ തന്നെ ആദ്യമായി കാണുന്നത് ദുൽഖർ സൽമാൻ ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ടോവിനോ തോമസ്. ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പ്രതികരണം.
മണിയനായി മേക്കപ്പ് ഇട്ട എന്നെ ആദ്യമായി കാണുന്നത് ദുൽഖറാണ്. അന്ന് മുകളിലത്തെ നിലയിൽ മറ്റൊരു സിനിമയുടെ ഭാഗമായി ദുൽഖറും ഉണ്ടായിരുന്നു. രണ്ട് പേർക്കും നൈറ്റ് ഷൂട്ടായിരുന്നു. ഞാൻ പിറകിൽ കൂടി ചെന്ന് പേടിപ്പിക്കാൻ ശ്രമിച്ചു. ദുൽഖർ പെട്ടെന്ന് തിരിഞ്ഞു നോക്കി, ”ഇത് നീയാണോ” എന്ന് ചോദിച്ചു. ദുൽഖർ ഷൂട്ടിന് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു,’ ടൊവിനോ പറഞ്ഞു.
ടൊവിനോ തോമസ് ട്രിപ്പിൾ റോളിലാണ് ചിത്രത്തിൽ എത്തുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെയാണ് ടോവിനോയുടെ വേഷങ്ങൾ. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആദ്യമായാണ് ടോവിനോ മൂന്ന് വേഷങ്ങളിൽ എത്തുന്നത്. അതേസമയം താരത്തിന്റെ 50ാമത് ചിത്രമായിട്ടാണ് എആര്‍എം തിയേറ്ററുകളില്‍ എത്തിയത്. ബോക്‌സോഫീസിലെ ഓണത്തിനു ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുകയാണ് അജയന്റെ രണ്ടാം മോഷണം. കൂടുതല്‍ കളക്ഷനും ടൊവിനോ തോമസ് ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്. തീയറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് തന്നെ എആര്‍എം 50 കോടി ക്ലബില്‍ പ്രവേശിച്ചിരിക്കുകയാണ്. ടൊവിനോയുടെ കരിയറില്‍ തന്നെ 50 കോടി ക്ലബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 2018 എന്ന ചിത്രവും 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ഈ ചിത്രം പിന്നീട് ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 26.85 കോടി രൂപയാണ്. ചിത്രം 2ഡിയിലും ത്രീഡിയിലും റിലീസ് ചെയ്തിട്ടുണ്ട്. മുപ്പത് കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.