ARM Movie: ‘അജയന്റെ രണ്ടാം മോഷണത്തിൽ’ മലയാളികളുടെ സൂപ്പർ താരവും; സസ്പെൻസ് പുറത്തുവിട്ട് ടൊവിനോ
Tovino Thomas Reveals Mohanlal Presence in ARM: 'അജയന്റെ രണ്ടാം മോഷണം' സിനിമയിൽ മലയാളം സൂപ്പർ താരത്തിന്റെ സാന്നിധ്യം പങ്കുവെച്ച് ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയാണ് ടൊവിനോ സസ്പെൻസ് പുറത്തുവിട്ടത്.
നവാഗതനായ ജിതിൻ ലാലിൻറെ സംവിധാനത്തിൽ ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും. ഫെയ്‌സ്ബുക്കിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മോഹൻലാലിൻറെ വരവ് ചിത്രത്തിന് ഒരു പുതിയ തലം നൽകുമെന്ന് ടൊവിനോ കുറിച്ചു. ചിത്രത്തിന്റെ ഭാഗമായതിന് താരം മോഹൻലാലിന് നന്ദിയും അറിയിച്ചു.
ചിത്രം റിലീസ് ചെയ്യുന്നതിന്റെ കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ടൊവിനോ സർപ്രൈസ് പങ്കുവെച്ചത്. ‘അജയന്റെ രണ്ടാം മോഷണം’ ഓണം റിലീസായി ഇന്നാണ് (സെപ്റ്റംബർ 12) തീയേറ്ററുകളിൽ എത്തുന്നത്. ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് വേഷങ്ങളാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ബേസിൽ ജോസഫ്, രോഹിണി, ഹരിഷ് ഉത്തമൻ, നിഷാന്ത് സെയ്ത്, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വർഗീസ്, സുധീഷ്, മാല പാർവതി, മധുപാൽ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എആർഎമ്മിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ദിബു നൈനാൻ തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ.