Narivetta Movie: ആദ്യ ഗാനം തന്നെ ട്രെൻഡിങ്ങിൽ; ടൊവിനോയുടെ നരിവേട്ടയിലെ ‘മിന്നൽവള’ ഏറ്റെടുത്ത് പ്രേക്ഷകർ
Narivetta Movie Songs: 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' എന്ന് ഗാനമാണ് യൂട്യൂബിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്.

മലയാള സിനിമ പ്രേമികളുടെ ഇഷ്ട താരം ടൊവീനോ തോമസിന്റെ പുതിയ ചിത്രം ‘നരിവേട്ടയിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. ‘മിന്നൽവള കൈയിലിട്ട പെണ്ണഴകേ…’ എന്ന് ഗാനമാണ് യൂട്യൂബിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തത്. ഗാനം റിലീസ് ചെയ്ത് 48 മണികൂറിനുള്ളിൽ രണ്ടര ലക്ഷത്തിലധികം കാഴ്ചകാരാണ് വീഡിയോ കണ്ടത്. ഇതോടെ ട്രെൻഡിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ‘നരിവേട്ടയിലെ ആദ്യ ഗാനം.
ടൊവീനോ പ്രധാന നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ പ്രിയംവദാ കൃഷ്ണയാണ് നായിക. നടൻ പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഗാനത്തിൽ ഇരുവരുടെയും പ്രണയ നിമിഷങ്ങളാണ് കാണിക്കുന്നത്. ‘മിന്നൽവള കൈയിലിട്ട പെണ്ണഴകേ.. എന്ന ആരംഭിക്കുന്ന ഗാനം രചിച്ചത് കൈതപ്രമാണ്. ജെയ്‌ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ ഗാനത്തിന് ഈണമിട്ടത്. സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്.
ഗാനത്തിലെ വരികളും ഈണവും ആലാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടിനെ പശ്ചാത്തലമാക്കി ഒരുക്കിയ ഗാനം ദൃശ്യഭംഗി കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
അതേസമയം ചിത്രത്തിൽ പോലീസ് കോൺസ്റ്റബിളായാണ് ടൊവിനോ എത്തുന്നത്. വർഗീസ് പീറ്റർ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനൊയ്ക്ക് പുറമെ ചിത്രത്തിൽ പ്രശസ്ത തമിഴ് നടനായ ചേരനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായാണ് ചേരൻ മലയാള സിനിമയിൽ ഭാഗമാകുന്നത്.
ഇവർക്കു പുറമെ സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം ഒരുക്കിയിരിക്കുന്നത്.