Bernard Hill: ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
ദ റെസ്‌പോണ്ടര്‍ എന്ന ടിവി പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഈ പരമ്പര ഞായറാഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്
പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ട്രൈലോജി, ടൈറ്റാനിക് എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു ബെര്‍ണാഡ്. ബാര്‍ബറ ഡിക്സണാണ് എക്സില്‍ ഈ വാര്‍ത്ത പങ്കുവെച്ചത്.
ദ റെസ്‌പോണ്ടര്‍ എന്ന ടിവി പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഈ പരമ്പര ഞായറാഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. അതിനിടയിലാണ് ബെര്‍ണാഡിന്റെ വിയോഗം. 5 പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷത്തിലൂടെയാണ് ബെര്‍ണാഡ് ശ്രദ്ധേയനാകുന്നത്. ഈ കഥാപാത്രം മാത്രം മതി ബെര്‍ണാഡ് എന്ന കലാകാരനെ ഓര്‍മിക്കാന്‍. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും ടെലിവിഷനിലും ബെര്‍ണാഡ് അഭിനയിച്ചിട്ടുണ്ട്.
11 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച താരമെന്ന ബഹുമതിയും ബെര്‍ണാഡിനുള്ളത് തന്നെയാണ്. 1944ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ബെര്‍ണാഡ് ഹില്ലിന്റെ ജനനം. നാടകത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയതിന് ശേഷം 1970 മുതല്‍ അഭിനയരംഗത്ത് സജീവമായി.
1975 ല്‍ പുറത്തിറങ്ങിയ ഇറ്റ് കുഡ് ഹാപ്പെന്‍ റ്റു യു ആണ് ഹില്ലിന്റെ ആദ്യ സിനിമ. പിന്നീട് 1976 ല്‍ ഗ്രാനഡ ടെലിവിഷന്‍ പരമ്പരയായ ക്രൗണ്‍ കോര്‍ട്ടിലും വേഷമിട്ടിരുന്നു. ബിബിസിക്കുവേണ്ടി അലന്‍ ബ്ലീസ്‌ഡെയ്ല്‍ ഒരുക്കിയ പ്ലേ ഫോര്‍ ടുഡേയിലെ, യോസര്‍ ഹ്യൂ എന്ന കഥാപാത്രമാണ് ബെര്‍ണാഡിനെ വളര്‍ത്തിയത്. റിച്ചാര്‍ഡ് അറ്റന്‍ബെറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തില്‍ സാര്‍ജെന്റ് പുത്‌നാം എന്ന വേഷത്തിലും ഹില്‍ അഭിനയിച്ചിട്ടുണ്ട്.