Mammootty – Tiny Tom: ‘എൻ്റെ ഫൈറ്റ് നീ ചെയ്തതാണെന്ന് ആളുകൾ പറയും’; ട്രോളുകൾ മമ്മൂട്ടിയെ ബാധിക്കുന്നുണ്ടെന്ന് ടിനി ടോം
Tiny Tom On Trolls Connecting Him With Mammootty: ട്രോളുകൾ കാരണം മമ്മൂട്ടിയുടെ അടുത്ത് ഇപ്പോൾ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ടിനി ടോം. ട്രോളുകൾ മമ്മൂട്ടിയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താനുമായി ബന്ധപ്പെടുത്തിയുള്ള ട്രോളുകൾ മമ്മൂട്ടിയെ ബാധിക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. മമ്മൂട്ടിയുടെ ബോഡി ഡബിളായി അഭിനയിച്ചതിൻ്റെ പേരിൽ പുറത്തുവരുന്ന ട്രോളുകളെപ്പറ്റിയാണ് ടിനി ടോമിൻ്റെ പ്രതികരണം. മമ്മൂട്ടിയെ കാണാൻ ചെന്ന സമയത്ത് ‘എൻ്റെ ഫൈറ്റ് നീ ചെയ്തതാണെന്ന് ആളുകൾ പറയും’ എന്ന് മമ്മൂട്ടി പറഞ്ഞെന്നും ഒരുമിച്ച് ഒരു ഫോട്ടോ പോലും എടുക്കാൻ കഴിയുന്നില്ലെന്നും ടിനി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടാണ് ടിനിയുടെ പ്രതികരണം.
“മമ്മൂക്കയുടെ അടുത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. കണ്ണൂർ സ്ക്വാഡ് സിനിമയുടെ ലൊക്കേഷൻ എൻ്റെ വീടിനടുത്തായിരുന്നു. അപ്പോൾ ഞാൻ മമ്മൂക്കയുടെ അടുത്ത് പോയി സംസാരിച്ചു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ഇനിയിപ്പോ എൻ്റെ ഫൈറ്റ് നീയാണ് ചെയ്തതെന്ന് ഇവരൊക്കെ പറയുമെന്ന്. ഞാൻ ആകെ മൂന്ന് പടത്തിലേ അദ്ദേഹത്തിൻ്റെ ബോഡി ഡബിൾ ആയിട്ടുള്ളൂ. അദ്ദേഹം തന്നെ കഷ്ടപ്പെട്ട് വെയിലത്തുനിന്ന് ചെയ്യുന്നതാണ്. എല്ലാവരും ഈ കാണുന്ന വെയിലത്ത് തന്നെയാണ് നിൽക്കുന്നത്. എസിയിലിരുന്നാലും ആക്ഷൻ എന്ന് പറയുമ്പോൾ ആരായാലും വെയിലത്ത് നിൽക്കണ്ടേ. അങ്ങനെ ആയുസ് കളഞ്ഞ് പണിയെടുക്കുന്നവരെയാണ് ഫാൻ ഫൈറ്റിൻ്റെ പേരിൽ അവഹേളിക്കുന്നത്. നമുക്ക് ഭയങ്കര വിഷമം തോന്നും. നമ്മളൊക്കെ ബഹുമാനിക്കേണ്ട, അഭിമാനിക്കേണ്ടയാളാണ്. ഇപ്പോൾ ഒരുമിച്ച് ഫോട്ടോ ഇടാൻ പറ്റാത്ത അവസ്ഥയായി.”- ടിനി ടോം പറഞ്ഞു.




നിലവിൽ മമ്മൂട്ടി മഹേഷ് നാരായണൻ്റെ മൾട്ടി സ്റ്റാറർ – ബിഗ് ബജറ്റ് സിനിമയിലാണ് അഭിനയിക്കുന്നത്. രോഗബാധയെ തുടർന്ന് ഒരു മാസത്തോളം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. തിരികെ സിനിമയിൽ ജോയിൻ ചെയ്തെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
1995ൽ പുറത്തിറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ടിനി ടോം കരിയർ ആരംഭിക്കുന്നത്. 2010ൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് എന്ന സിനിമയിലെ സുബ്രൻ എന്ന കഥാപാത്രമായിരുന്നു ടിനിയുടെ കരിയറിലെ ബ്രേക്ക് ത്രൂ.