Thudarum Movie: ഷണ്മുഖനും അയാളുടെ കാറും തമ്മിലുള്ള ആത്മബന്ധം; തുടരും സിനിമയിലെ വിൻ്റേജ് ലാലേട്ടൻ
Thudarum Movie - Mohanlal: മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം മെയ് രണ്ടിന് റിലീസാവുമെന്നാണ് സൂചന. മോഹൻലാലിൻ്റെ ഷണ്മുഖൻ എന്ന കഥാപാത്രവും അയാളുടെ കാറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയിൽ പറയുകയെന്നും സൂചനയുണ്ട്.

തുടരും സിനിമയുടെ ട്രെയിലർ റിലീസായപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത് വിൻ്റേജ് മോഹൻലാലിൻ്റെ മാനറിസങ്ങളായിരുന്നു. ഇടയ്ക്കെവിടെയോ നഷ്ടമായിപ്പോയ കണ്ണുകളിലെ തീവ്രതയും അഭിനയത്തിലെ ലാളിത്യവും സാധാരണക്കാരൻ്റെ വിലാസങ്ങളും തുടരും ട്രെയിലറിൽ ആരാധകർ കണ്ടു. തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മെയ് രണ്ടിന് തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സിനിമയിൽ ഷണ്മുഖൻ എന്ന ടാക്സി ഡ്രൈവറിൻ്റെ റോളിലാണ് മോഹൻലാൽ എത്തുക. വെറും ഫാമിലി ഡ്രാമ എന്നതിനപ്പുറം ദൃശ്യം പോലെ ത്രില്ലർ എലമെൻ്റുകളുള്ള സിനിമയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനൊപ്പം ഷണ്മുഖനും അയാളുടെ കാറും തമ്മിലുള്ള ആത്മബന്ധവും സിനിമ പറയുമെന്ന് സൂചനകളുണ്ട്. ട്രെയിലറിൽ തന്നെ ഇതിൻ്റെ സൂചനകൾ നൽകിയിരുന്നു. ഇതോടെയാണ് ഇത്തരത്തിലുള്ള നറേഷനിലൂടെയാണ് സിനിമ പോകുന്നതെന്ന് സോഷ്യൽ മീഡിയ വാദിക്കുന്നത്.
ഓപ്പറേഷൻ ജാവയ്ക്കും സൗദി വെള്ളയ്ക്കയ്ക്കും ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. മോഹൻലാൽ ഷണ്മുഖനെന്ന ടാക്സി ഡ്രൈവറാവുമ്പോൾ ഷണ്മുഖൻ്റെ ഭാര്യ ലളിതയായി ശോഭന അഭിനയിക്കുന്നു. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും തമ്മിൽ ഒന്നിക്കുന്നത്. കെആർ സുനിലുമായിച്ചേർന്ന് തരുൺ മൂർത്തി തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമ നിർമ്മിക്കുന്നത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം. ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻ പിള്ള രാജു, ബിനു പപ്പു തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു.




2025 ജനുവരി 30നാണ് ആദ്യം സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവച്ചു. ഒടിടി കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് സിനിമയുടെ റിലീസ് മാറ്റിവച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി കരാർ എടുത്തിരിക്കുന്നതെന്ന് സൂചനകളുണ്ട്. ഇതിനിടെ മോഹൻലാലിൻ്റെ പൃഥ്വിരാജ് ചിത്രം എമ്പുരാൻ പുറത്തിങ്ങുമെന്നതിനാൽ തുടരും സിനിമയുടെ റിലീസ് മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.