Thudarum Movie: ലാലേട്ടനെ തട്ടുപൊളിപ്പൻ പാട്ടിൽ കാണാം; ‘തുടരും’ വിൻ്റേജ് മോഹൻലാലിൻ്റെ തിരിച്ചുവരവെന്ന സൂചനനൽകി തരുൺ മൂർത്തി
Thudarum Movie Update Mohanlal: 'തുടരും' സിനിമയുമായി ബന്ധപ്പെട്ട് ഒരു തട്ടുപൊളിപ്പൻ പാട്ട് പുറത്തുവരുമെന്ന് സംവിധായകൻ തരുൺ മൂർത്തി. ട്രെയിലറൊക്കെ നേരത്തെ തയ്യാറാക്കിവച്ചിട്ടുണ്ടെന്നും എമ്പുരാന് ശേഷമാവും സിനിമയുടെ റിലീസെന്നും തരുൺ മൂർത്തി അറിയിച്ചു.

മോഹൻലാലിൻ്റെ ഏറെ പ്രതീക്ഷയുള്ള ‘തുടരും’ എന്ന സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളുമായി സംവിധായകൻ തരുൺ മൂർത്തി. സിനിമയുമായി ബന്ധപ്പെട്ട് ഒരു തട്ടുപൊളിപ്പൻ പാട്ട് ഒരുങ്ങുന്നുണ്ടെന്ന് തരുൺ മൂർത്തി പറഞ്ഞു. നേരത്തെ, സിനിമ മെയ് മാസത്തിൽ റിലീസാവുമെന്ന് നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു.
“ട്രെയിലറും കാര്യങ്ങളുമൊക്കെ നേരത്തെ തയ്യാറാക്കിവച്ചിരിക്കുകയാണ്. എമ്പുരാന് ശേഷം വരുന്ന സിനിമയായും തുടരും. ടീസറും ട്രെയിലറുമെല്ലാം തയ്യാറാണ്. എമ്പുരാനൊപ്പം റിലീസ് ചെയ്യാൻ പറ്റിയ സാഹചര്യമുണ്ടായാൽ അങ്ങനെ ചെയ്യും. പ്രമോയുടെ കാര്യങ്ങളൊക്കെ പ്ലാനിലുണ്ട്. ലാലേട്ടനും അതിൽ താത്പര്യമുണ്ട്. അത് പക്ഷേ, സിനിമയ്ക്കുള്ളിലുള്ള പാട്ടല്ല. നമ്മുടെയൊക്കെ ആഗ്രഹം, ലാലേട്ടനെ വച്ച് സിനിമ ചെയ്യുമ്പോൾ, ഒപ്പമുള്ളവരുടെ എല്ലാവരുടെയും ആഗ്രഹമാണ്, ഒരു ആഘോഷപ്പാട്ട്. തീയറ്ററിലേക്ക് ആളെ എത്തിക്കാനുള്ള ഒരു പ്രമോ സോങ്. ഇപ്പഴത്തെ സോഷ്യൽ മീഡിയ മാർക്കറ്റിങിൻ്റെ ഭാഗമായിട്ട് അങ്ങനെയൊരു പ്രമോ സോങ് ചെയ്യാൻ പ്ലാനുണ്ട്. ആ പാട്ടൊക്കെ ആയിവന്നിട്ടുണ്ട്. ഷൂട്ടും കാര്യങ്ങളും എങ്ങനെയാണ്, എപ്പോഴാണ് ചെയ്യാൻ പറ്റുക എന്ന് വ്യക്തത വന്നിട്ടില്ല.”- തരുൺ മൂർത്തി പറഞ്ഞു.
പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷമാവും തങ്ങളുടെ സിനിമയുടെ റിലീസ് എന്നായിരുന്നു നിർമ്മാതാവ് രഞ്ജിത്ത് അറിയിച്ചത്. ഈ വർഷം മാർച്ച് 27നാണ് എമ്പുരാൻ റിലീസാവുക. അത് കഴിഞ്ഞാവും തുടരും തീയറ്ററുകളിലെത്തുക. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തുടരും റിലീസായേക്കുമെന്നാണ് തരുൺ മൂർത്തിയും അറിയിച്ചത്. 2025 ജനുവരി 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയാണ് ഒടിടി പ്ലാറ്റ്ഫോമിൻ്റെ ആവശ്യപ്രകാരം മെയ് മാസത്തിലേക്ക് മാറ്റിയത്.




Also Read: Thudarum Movie: തുടരും മെയിൽ റിലീസാകും? നിർമ്മാതാവ് തന്നെ വ്യക്തമാക്കുന്നു
കെആർ സുനിലും സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തുടരും സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന സിനിമയിൽ ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യും. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ് സിനിമയുടെ എഡിറ്റ്. സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മോഹൻലാലിൻ്റെ നായികയായി ശോഭനയാണ് സിനിമയിലെത്തുക. ഷണ്മുഖൻ എന്ന ടാക്സി ഡ്രൈവറിൻ്റെ റോളിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഷണ്മുഖൻ്റെ ഭാര്യാ കഥാപാത്രമായാണ് ശോഭന എത്തുക. ഇവർക്കൊപ്പം ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു, ബിനു പപ്പു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തും.