Thudarum Movie: പഴയ ലാലേട്ടനെ ഇനി കാണാൻ സാധിക്കില്ല; ഇപ്പോൾ അദ്ദേഹത്തിൻ്റേത് പുതിയ ശൈലി: വെളിപ്പെടുത്തലുമായി തരുൺ മൂർത്തി
Mohanlal Has New Acting Style: തുടരും സിനിമയിൽ പഴയ മോഹൻലാലിനെ കാണാൻ കഴിയില്ലെന്ന് സംവിധായകൻ തരുൺ മൂർത്തി. പുതിയ ശൈലിയിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. അത് തന്നെയാണ് തൻ്റെ സിനിമയിലുമുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ‘തുടരും’ എന്ന പുതിയ സിനിമയിൽ പഴയ ലാലേട്ടനെ കാണാൻ സാധിക്കില്ലെന്ന് സംവിധായകൻ തരുൺ മൂർത്തി. അദ്ദേഹം ഇപ്പോൾ പുതിയ ശൈലിയിലാണ് അഭിനയിക്കുന്നത്. അതാവും തൻ്റെ സിനിമയിലും അദ്ദേഹം പിന്തുടരുക എന്നും തരുൺ മൂർത്തി പറഞ്ഞു. മോഹൻലാലും ശോഭനയും ഒന്നിക്കുന്ന സിനിമ മെയ് മാസത്തിൽ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
“അതൊരു നടൻ തീരുമാനിക്കുന്നതാണ്. ഒരു മുണ്ടും ഷർട്ടും റബ്ബർ ചെരിപ്പുമിട്ട് നിന്നാൽ അദ്ദേഹമൊരു സാധാരണക്കാരനായി മാറും. അതുകൊണ്ട് തന്നെ അതൊരു വലിയ വെല്ലുവിളിയൊന്നുമായിരുന്നില്ല ഈ സിനിമയിൽ. പഴയ ലാലേട്ടനെ തിരികെകിട്ടുക എന്നൊരു മൈൻഡ്സെറ്റ് നമ്മൾ വെക്കാതിരിക്കുന്നതാണ് നല്ലത്. പഴയ ലാലേട്ടൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലെ ഇമോഷൻസുണ്ട്. എല്ലാവരും പുതിയതാണ്. അദ്ദേഹത്തിൻ്റെ അഭിനയരീതിയിലും അദ്ദേഹത്തിൻ്റെ വോയിസ് മോഡുലേഷനിലുമൊക്കെ പുതിയ ശൈലിയുണ്ട്. ലാലേട്ടന് കിട്ടിയ ഏറ്റവും വലിയ പോസിറ്റീവെന്നാൽ, അദ്ദേഹത്തെ എൻ്റെ അമ്മയ്ക്കിഷ്ടമാണ്, അച്ഛനിഷ്ടമാണ്, ഭാര്യക്കിഷ്ടമാണ്, ഭാര്യയുടെ അമ്മയ്ക്കിഷ്ടമാണ്, എൻ്റെ മകനിഷ്ടമാണ്. അവൻ പുലിമുരുകൻ ഫാനാണ്. അപ്പോ ഇത്രയും തലമുറകളെ ഇഷ്ടപ്പെടുത്തിയ നടനാണ്. ആ തലമുറകളെ എങ്ങനെ ഇഷ്ടപ്പെടുത്താമെന്ന് നോക്കിയാമതി.”- തരുൺ മൂർത്തി പറഞ്ഞു.




സിനിമയുടെ കഥ എങ്ങനെയാണ് ശോഭനയോട് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. താൻ ഉറക്കമെഴുന്നേറ്റപ്പോൾ തന്നെ ശോഭന വിഡിയോ കോൾ ചെയ്തെന്നും ഡ്രസ് പോലും ശരിയായി ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെ, പെട്ടെന്ന് ബനിയനൊക്കെ എടുത്തിട്ട് കോളെടുത്ത് കഥ പറയുകയായിരുന്നു. ശോഭന തന്നെ സിനിമയിൽ ഡബ്ബ് ചെയ്യണമെന്നാവശ്യപ്പെട്ടു. ക്യാരക്ടർ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ചുതരാൻ പറഞ്ഞപ്പോൾ ഓരോ സീനിലും എന്താണ് വേണ്ടതെന്ന് തമിഴിൽ താൻ നിരന്തരം വോയിസ് നോട്ട് അയച്ചു. അപ്പോൾ, മലയാളത്തിലയക്കൂ, തമിഴിൽ ഇമോഷൻ അറിയാൻ കഴിയുന്നില്ലെന്ന് ശോഭന. അങ്ങനെ താൻ മലയാളത്തിൽ വോയിസയയ്ക്കുകയായിരുന്നു എന്നും തരുൺ മൂർത്തി പറഞ്ഞു.
കെആർ സുനിലുമായിച്ചേർന്ന് തിരക്കഥയൊരുക്കി തരുൺ മൂർത്തിയുടെ സംവിധാനത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമയുടെ നിർമ്മാണം. ഷാജി കുമാറിൻ്റേതാണ് ക്യാമറ. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ് സിനിമയുടെ എഡിറ്റ്. സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്. ആശിർവാദ് റിലീസ് ആ്ൺ വിതരണം. ഫർഹാൻ ഫാസിൽ, ആർഷ ബൈജു, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തും.