Thudarum Movie: ഉറക്കമെഴുന്നേറ്റപ്പോൾ ശോഭനയുടെ വിഡിയോ കോൾ; ഞാൻ ശരിക്ക് ഡ്രസ് പോലും ഇട്ടിട്ടില്ലായിരുന്നു; ‘തുടരും’ കഥ പറഞ്ഞതെങ്ങനെയെന്ന് സംവിധായകൻ
Thudarum Movie - Shobana: തുടരും എന്ന മോഹൻലാൽ സിനിമയിൽ നായികയാവാൻ താൻ എങ്ങനെയാണ് ശോഭനയോട് കഥ പറഞ്ഞതെന്ന് വിശദീകരിച്ച് സംവിധായകൻ തരുൺ മൂർത്തി. ഉറക്കമെഴുന്നേറ്റപ്പോൾ തന്നെ ശോഭന വിഡിയോ കോൾ ചെയ്തെന്നും താനപ്പോൾ ശരിക്ക് ഡ്രസ് പോലും ഇട്ടിട്ടില്ലായിരുന്നു എന്നും തരുൺ മൂർത്തി പറഞ്ഞു.

മോഹൻലാൽ നായകനായെത്തുന്ന തുടരും എന്ന സിനിമ മെയ് മാസത്തിൽ റിലീസാവുമെന്നാണ് വിവരം. ജനുവരിയിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിൻ്റെ നിർദ്ദേശപ്രകാരമാണ് മാറ്റിവച്ചത്. പിന്നീട് നിർമാതാവ് ജി സുരേഷ് കുമാറാണ് സിനിമയുടെ റിലീസ് തീയതിയെപ്പറ്റി സൂചന നൽകിയത്. ശോഭനയാണ് സിനിമയിലെ നായിക. ശോഭനയോട് താൻ കഥപറഞ്ഞതെങ്ങനെയെന്ന് തരുൺ മൂർത്തി വെളിപ്പെടുത്തിയിരുന്നു.
“ഞാനും റൈറ്ററും പ്രോഡ്യൂസറുമൊക്കെച്ചേർന്ന് ഇത് ശോഭന മാമിനോട് പറയാമെന്ന് തീരുമാനിച്ചു. പക്ഷേ, മാം അഭിനയിക്കുമോ എന്നറിയില്ല. അപ്പോൾ നിർമാതാവ് പറഞ്ഞു, പണ്ട് ഞാൻ സിനിമയിലൊക്കെ വർക്ക് ചെയ്ത് ശോഭന മാമിനെ പരിചയമുണ്ട്, ഒന്ന് പറഞ്ഞുനോക്കാമെന്ന്. അങ്ങനെ അദ്ദേഹം വിളിച്ച് കാര്യം പറഞ്ഞു. മോഹൻലാലിനെ വച്ച് ഒരു സംവിധായകൻ സിനിമ ചെയ്യുന്നുണ്ട്. ശോഭന അഭിനയിക്കുമോ എന്ന് ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞു. അപ്പോൾ, ഡയറക്ടറോട് തന്നെ വിളിക്കാൻ പറയൂ എന്ന് ശോഭന മാം പറഞ്ഞു. രാവിലെ ഒന്ന് ഫ്രഷ് ഒക്കെ ആയിട്ട് ഇരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. അങ്ങനെ ഒരു ഏഴ് മണിയായപ്പോ എണീറ്റ് ഞാൻ ശോഭന മാമിന് മെസേജയച്ചു. ‘ഇത് തരുൺ മൂർത്തിയാണ്. കഥ പറയാം’ എന്നായിരുന്നു മെസേജ്. ആ മെസേജ് റീഡ് ചെയ്ത ഉടൻ വിഡിയോ കോൾ വന്നു. ഞാൻ ഡ്രസ് പോലും ഇട്ടിട്ടില്ല. പെട്ടെന്ന് ബനിയനൊക്കെ ഇട്ടിട്ട് ഉറക്കപ്പിച്ചിലാണ് കഥ പറയുന്നത്.”- തരുൺ മൂർത്തി വ്യക്തമാക്കി.




“പറഞ്ഞോളൂ, എന്താണ് ഞാൻ ചെയ്യേണ്ടത് എന്നായിരുന്നു ശോഭന മാമിൻ്റെ ചോദ്യം. കഥാപാത്രം ഇങ്ങനെയാണെന്ന് ഞാൻ വിശദീകരിച്ചു. എല്ലാ കാര്യങ്ങളും പറഞ്ഞു. മാം തന്നെ സിനിമയിൽ ഡബ്ബ് ചെയ്യണം. തമിഴ് കൾച്ചറുള്ള ക്യാരക്ടറാണ് എന്നുപറഞ്ഞു. അപ്പോൾ, ‘ഓക്കെ ഞാൻ ചെയ്യാം’ എന്ന് മാം മറുപടി പറഞ്ഞു. എത്ര ദിവസം വേണമെന്ന് ചോദിച്ചപ്പോൾ അതിന് മറുപടി പറയാൻ പറ്റുന്ന സ്റ്റേജിൽ ഞങ്ങൾ എത്തിയിട്ടില്ല. ഞാൻ പറഞ്ഞു, ‘ഒരു 20-25 ദിവസം വേണം’. എങ്കിൽ പ്രൊഡക്ഷനോട് വിളിക്കാൻ പറയൂ. അയാം റെഡി. ഗോ അഹെഡ് എന്ന് മാം പറഞ്ഞു. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ആ ക്യാരക്ടർ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് വോയിസ് നോട്ട് അയക്കാൻ പറഞ്ഞു. ഞാനങ്ങനെ ഓരോ സീനിലും എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്ന തമിഴിൽ വോയിസ് അയച്ചു. അപ്പോൾ, മലയാളത്തിലയക്കൂ, തമിഴിൽ ഇമോഷനില്ല എന്ന് പറഞ്ഞു. അങ്ങനെ ഞാൻ മലയാളത്തിൽ അയച്ചു. ഭയങ്കര പ്രൊഫഷണലാണ്.”- തരുൺ മൂർത്തി വിശദീകരിച്ചു.