Thudarum Movie: ‘എവർഗ്രീൻ കോംബോ’ വീണ്ടും, എന്നിട്ടും തുടരും പ്രമോഷന് മോഹൻലാൽ-ശോഭന എത്തിയില്ല? കാരണം പറഞ്ഞ് തരുൺ മൂർത്തി
Tharun Moorthy About Mohanlal-Sobhana Combo: നീണ്ട 15 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മലയാളികളുടെ ‘എവർഗ്രീൻ കോംബോ’ വീണ്ടും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തരുൺ മൂർത്തി സംവിധാനം ചെയ്യത് മോഹൻലാൽ നായകനായി എത്തുന്ന തുടരും എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് മോഹൻലാൽ-ശോഭന കൂട്ടുക്കെട്ട് തന്നെയാണ്. നീണ്ട 15 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഏപ്രിൽ 25 നാണ് തീയറ്ററുകളിൽ ചിത്രം എത്തുന്നത്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ച് കഴിഞ്ഞിരുന്നു.ബുക്കിങ് ആരംഭിച്ച് 24 മണിക്കൂർ കഴിയുമ്പോഴേക്കും പ്രീ സെയില്‍ ആയി ഒന്നര കോടിക്ക് മുകളില്‍ സ്വന്തമാക്കാന്‍ തുടരുമിന് സാധിച്ചുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. ചിത്രത്തിന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഒരു പ്രമോഷൻ പരിപാടിക്കും മോഹൻലാലും ശോഭനയും പങ്കെടുത്തില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഭാഗമാകുന്നില്ല എന്നതിന് മറുപടി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി.
മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറയുന്നത്.ഇപ്പോൾ നിങ്ങൾക്ക് ഒരു ആഗ്രഹമുണ്ട് ലാലേട്ടനെയും ശോഭന മാഡത്തെയും കാണാൻ. അത് കണ്ട് ആസ്വദിക്കേണ്ടത് തിയറ്റേറിലാണ്. ഇപ്പോൾ സിനിമയുടെ പിന്നണി പ്രവർത്തകരാണ് സംസാരിക്കേണ്ടതെന്നും സിനിമയുടെ റിലീസിന് ശേഷം മുന്നണി പ്രവർത്തകർ സംസാരിക്കുമെന്നും തരുൺ പറഞ്ഞു. നിലവിൽ ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടി അവരെ തങ്ങൾ ഉപയോഗിക്കില്ലെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നാളെ രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.