ഈ വിപ്ലവത്തിൽ ഡബ്ല്യുസിസിക്ക് പങ്കില്ലെന്ന് പറയുന്നവരോട്; 2017ലെ ആ കൂടിക്കാഴ്ചയാണ് എല്ലാത്തിനും തുടക്കമിട്ടത് | The Women in Cinema Collectives intervention transforms Malayalam cinema forever with Hema Committee Report Malayalam news - Malayalam Tv9

WCC : ഈ വിപ്ലവത്തിൽ ഡബ്ല്യുസിസിക്ക് പങ്കില്ലെന്ന് പറയുന്നവരോട്; 2017ലെ ആ കൂടിക്കാഴ്ചയാണ് എല്ലാത്തിനും തുടക്കമിട്ടത്

Published: 

30 Aug 2024 12:20 PM

WCC Justice Hema Committee : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒഴിവാക്കാനാവാത്ത പേരാണ് ഡബ്ല്യുസിസി അഥവാ വിമൻ ഇൻ സിനിമ കളക്ടീവ്. ട്രോൾ പേജുകൾ അങ്ങനെയല്ല പറയുന്നതെങ്കിലും ഹേമ കമ്മറ്റി രൂപീകരിക്കപ്പെടാനും ഈ തുറന്നുപറച്ചിലുകൾ ഉണ്ടാവാനും കാരണമായത് ഡബ്ല്യുസിസിയുടെ ഇടപെടലുകളായിരുന്നു.

WCC : ഈ വിപ്ലവത്തിൽ ഡബ്ല്യുസിസിക്ക് പങ്കില്ലെന്ന് പറയുന്നവരോട്; 2017ലെ ആ കൂടിക്കാഴ്ചയാണ് എല്ലാത്തിനും തുടക്കമിട്ടത്

WCC Justice Hema Committee (Image Courtesy - Social Media)

Follow Us On

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പലരും പല പ്രമുഖർക്കെതിരെയും നടത്തിയ വെളിപ്പെടുത്തലുകളിൽ മലയാള സിനിമാ മേഖല വിറങ്ങലിച്ച് നിൽക്കുകയാണ്. മുകേഷും സിദ്ധിഖും ജയസൂര്യയും അടക്കം നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഇരയാക്കപ്പെട്ടവർ രംഗത്തുവന്നു. തുറന്നുപറച്ചിലുകൾക്കൊടുവിൽ ഇവർക്കെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. അമ്മ എക്സിക്യൂട്ട് കമ്മറ്റിയാകെ രാജിവച്ച് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി. ഇതിനെല്ലാം വഴിയൊരുക്കിയത് മലയാള സിനിമയിലെ വേറിട്ട ശബ്ദമായിരുന്നു. ഡബ്ല്യുസിസി അഥവാ വിമൻ ഇൻ സിനിമ കളക്ടീവ്.

ഡബ്ല്യുസിസിക്ക് ഈ വിപ്ലവത്തിൽ പങ്കില്ലെന്നൊക്കെയുള്ള ഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രോൾ പേജുകളിൽ ഉൾപ്പെടെ ഈ തരത്തിലാണ് വ്യാഖ്യാനങ്ങൾ. ഹേമ കമ്മറ്റി റിപ്പോർട്ടിലെ സ്ഥാപക അംഗത്തെ ചുറ്റിപ്പറ്റിയും രേവതിക്കെതിരെയെന്ന് മറ്റൊരാൾ പറഞ്ഞ ആരോപണത്തെ ചുറ്റിപ്പറ്റിയും ഡബ്ല്യുസിസി ട്രോൾ പേജുകളിലെ കോമഡി പീസാണ്. സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരും എന്നാണ് പഴഞ്ചൊല്ല്. അതിന് മുൻപ് നുണയെ പിടിച്ചുകെട്ടണം. കാലം മുന്നോട്ടുപോകുമ്പോൾ മറവിയുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെ മറന്നവരെ ചിലർ ഓർമിപ്പിക്കാം.

Also Read : Hema Committee Report: ‘തൊടുപുഴയിലെ ലൊക്കേഷനിൽ ലൈംഗികാതിക്രമം’, ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസ്; പരാതി നൽകിയത് തിരുവനന്തപുരം സ്വദേശിയായ നടി

2017ൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെ അതേ വർഷമാണ് വിമൻ സിനിമാ കളക്ടീവ് അഥവാ ഡബ്ല്യുസിസി രൂപീകരിക്കപ്പെടുന്നത്. മലയാള സിനിമാ സെറ്റുകളിൽ ഒളിഞ്ഞും തെളിഞ്ഞും നടന്നുവന്നിരുന്ന ഗൂണ്ടായിസത്തിൻ്റെയും ലൈംഗികാതിക്രമങ്ങളുടെയും പരിധി വിട്ട ആ സംഭവത്തോടെ കുറച്ച് സ്ത്രീകൾ ഒരുമിച്ചു. 2017 നവംബർ ഒന്നിന് സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു. രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായി ഡബ്ല്യുസിസി ചെയ്തത് സിനിമാ സെറ്റിൽ ഇൻ്റേണൽ കംപ്ലൈൻ്റ്സ് കമ്മറ്റി (ഐസിസി) വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകുകയായിരുന്നു. സ്ത്രീകളെ ജോലി സ്ഥലത്തുനിന്നുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്ന് തടയാൻ 2013ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു പെറ്റീഷൻ. 2022ൽ ഹൈക്കോടതി ഈ അപ്പീൽ പരിഗണിച്ച് ഉത്തരവിറക്കിയത് പോരാട്ടത്തിൻ്റെ ബാക്കിപത്രം.

2017 മെയ് 19ന് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു. മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കണമെന്ന ആവശ്യവുമായാണ് അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചു. അങ്ങനെയാണ് 2018 മെയ് മാസത്തിൽ ജസ്റ്റിസ് ഹേമയുടെ നൃതൃത്വത്തിൽ ഹേമ കമ്മറ്റി രൂപീകരിക്കപ്പെടുന്നത്. പഴയകാല നടി ശാരദയും ഐഎഎസ് ഓഫീസർ കെബി വത്സല കുമാരിയും അടങ്ങുന്നതായിരുന്നു കമ്മറ്റി. ഏതാണ്ട് ഒന്നരക്കോടി രൂപ ചിലവഴിച്ച് കമ്മറ്റി മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിച്ചു. നടിമാരും നടന്മാരും സംവിധായകരുമടക്കമുള്ളവരുമായി സംസാരിച്ച് കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കി. അതിക്രമങ്ങൾ നേരിട്ടവരെ കമ്മറ്റിയ്ക്ക് മുന്നിലെത്തിക്കുന്നതിൽ ഡബ്ല്യുസിസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

Also Read: Hema Committee Report: ‘ഡബ്ല്യൂസിസിയുടെ പരിശ്രമം പാഴായില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി സാമന്ത

രൂപീകരിക്കപ്പെട്ട് ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മറ്റി 295 പേജുള്ള, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിച്ചത്. കമ്മറ്റി രൂപീകരിക്കാൻ കാണിച്ച ഉത്സാഹം ഇടത് സർക്കാർ റിപ്പോർട്ട് പുറത്തുവിടാൻ കാണിച്ചില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് അഞ്ച് വർഷമാണ്. ഒടുവിൽ ഈ വർഷം ഓഗസ്റ്റ് 19ന് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങളും അവരുടെ സ്വകാര്യതയ്ക്ക് കോട്ടം വരുത്തുന്ന വിവരങ്ങളും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. അങ്ങനെ 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജ് ഒഴിവാക്കി 233 പേജുകൾ പുറത്തുവിട്ടു. ഇതോടെ താരക്കസേരകൾ ഇളകി. മലയാളിയുടെ വീട്ടകങ്ങളിൽ ചർച്ചകളുണ്ടായി. റിപ്പോർട്ട് പുറത്തുവന്നതോടെ വെളിപ്പെടുത്തലുകളുണ്ടായി. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നടത്തിയ ആരോപണങ്ങൾ സിനിമാ മേഖലയെയാകെ ഞെട്ടിച്ചു. ഒടുവിൽ രഞ്ജിത്ത് സ്ഥാനം രാജിവച്ചു. മുൻപും സമാന പരാതി പറഞ്ഞിട്ടുള്ള നടി അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിനെതിരായ പരാതി ആവർത്തിച്ചു. ഇതോടെ സിദ്ധിഖ് രാജിവച്ചു. ജോയിൻ്റ് സെക്രട്ടറി ബാബുരാജിനെതിരെ ആരോപണമുയർന്നതിന് പിന്നാലെ ഭരണസമിതിയാകെ രാജിവച്ച് ഭീരുക്കളായി. പിന്നാലെ മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയ പ്രമുഖ നടന്മാർ ഉൾപ്പെടെ നടന്മാരും സംവിധായകരും പ്രൊഡക്ഷൻ എക്സിക്യൂട്ടിവുമാരും അസിസ്റ്റൻ്റ് ഡയറക്ടർമാരും മേക്കപ്പ് മാന്മാരും അടക്കമുള്ളവർക്കെതിരെ വെളിപ്പെടുത്തലുകളുണ്ടായി. ഇവരിൽ പലർക്കെതിരെയും കേസെടുത്തു. എല്ലാത്തിൻ്റെയും തുടക്കം സിനിമയിലെ കുറച്ച് സ്ത്രീകൾ ഒരുമിച്ച് ഉറച്ചുനിൽക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു. ആ ഉറച്ചുനില്പിൻ്റെ പേരാണ് ഡബ്ല്യുസിസി.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version