Nadigar Sangam: തമിഴ് സിനിമാ മേഖലയിലെ അതിക്രമം; പരാതി നല്‍കാന്‍ സമിതിയെ നിയോഗിച്ച് നടികര്‍സംഘം; നടി രോഹിണി അധ്യക്ഷ
തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിറകെ തമിഴ് സിനിമ മേഖലയിലെ അതിക്രമം തടയിടാൻ നടികർ സംഘം രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയിതാ സിനിമ മേഖലയിൽ നടക്കുന്ന അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമിതിക്കുള്ളിലെ പ്രവർത്തനം അത്ര സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യർഥിച്ചു. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികർസംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തുമെന്നും . ഇതിലൂടെ പരാതികൾ അറിയിക്കാമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പരാതികൾ സൈബർ പോലീസിന് കൈമാറും.
അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ടെന്നും രോഹിണി പറഞ്ഞു. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും. മാധ്യമങ്ങൾക്ക് മുന്നിൽ പരാതികൾ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.