Kpop Mystery: നിറമാർന്ന ലോകത്തിന്റെ ഇരുണ്ട വശം! കൊറിയൻ വിനോദ ലോകത്തെ വളയുന്ന ദുരൂഹത

The Dark Side of K-Pop: കൊറിയൻ വിനോദ മേഖലയെ പിന്തുടരുന്ന ദുരൂഹതയുടെ ചുരുളഴിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഉണ്ടായ ഏഴ് താരങ്ങളുടെ ആത്മഹത്യ, ഏജൻസികളും താരങ്ങളും തമ്മിൽ നടക്കുന്ന പോരാട്ടം, തുടങ്ങി ഒരുപാട് കഥകളുണ്ട് കൊറിയൻ ലോകത്തിന് പറയാൻ .

Kpop Mystery: നിറമാർന്ന ലോകത്തിന്റെ ഇരുണ്ട വശം! കൊറിയൻ വിനോദ ലോകത്തെ വളയുന്ന ദുരൂഹത
Updated On: 

04 Nov 2024 18:59 PM

2000-ത്തിന്റെ തുടക്കത്തിലാണ് ലോകമെമ്പാടും കൊറിയൻ അലയടിക്കുന്നത്. ആ പ്രതിഭാസത്തിന് ‘ഹല്യൂ’ അഥവാ ‘കൊറിയൻ വേവ്’ എന്ന പേരും ലഭിച്ചു. ‘ആരാധകരുടെ ആഗ്രഹത്തിനൊത്ത് നിൽക്കുന്ന താരങ്ങൾ’ എന്നതാണ് കൊറിയൻ വിനോദ മേഖല പിന്തുടരുന്ന ടാഗ് ലൈൻ എന്നുവേണമെങ്കിൽ നമുക്ക് പറയാം. ആരാധകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച്, അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരങ്ങൾ ജീവിക്കേണ്ടത്. തിരഞ്ഞെടുക്കുന്ന പാട്ടുകളുടെയും, സിനിമകളുടെയും കാര്യത്തിൽ മാത്രമല്ല, സ്വകാര്യ ജീവിതത്തിനും ഇത് ബാധകമാണ് എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.

മുൻപന്തിയിൽ നിൽക്കുന്ന മറ്റു രാജ്യങ്ങളോടൊപ്പം എത്താനുള്ള ഓട്ടത്തിലാണോ ദക്ഷിണ കൊറിയ, അതോ നിലവിലുള്ള സ്ഥാനം നിലനിർത്താനുള്ള പരക്കം പാച്ചിലാണോ? അവിടുത്തെ സംവിധാനങ്ങൾ സ്കൂൾ കാലഘട്ടം മുതൽ ഓരോരുത്തരിലും സമ്മർദ്ദം അടിച്ചേൽപ്പിക്കാൻ ആരംഭിക്കുന്നു. അത് ജീവിതാവസാനം വരെ തുടരുന്നു. ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ. അതിനുള്ള പ്രധാന കാര്യങ്ങൾ മേല്പറഞ്ഞതൊക്കെ തന്നെയാണ്.

ഇത്തരം സമ്മർദ്ദങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൊറിയൻ വിനോദ മേഖലയെയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഉണ്ടായ ഏഴ് താരങ്ങളുടെ ആത്മഹത്യ അത് സൂചിപ്പിക്കുന്നു. വളരെ കുറച്ച് കാലത്തിന്റെ ഇടവേളയിലാണ് ഇതൊക്കെ സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിൽ ഭൂരിഭാഗം പേരും സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കപ്പെട്ടതുമാണ്.

വിഷാദം ഒടുവിൽ എന്നെ കീഴ്പ്പെടുത്തി ( ജൊങ്-ഹ്യുൻ )

ഒമ്പത് വർഷക്കാലം കൊറിയൻ സംഗീത ബാൻഡായ ഷൈനിലെ പ്രധാന ഗായകനായിരുന്ന കിം ജൊങ്-ഹ്യുൻ, 2017-ൽ തന്റെ 27-ാം വയസിലാണ് ആത്മത്യ ചെയ്തത്. മരണവാർത്ത പുറം ലോകം അറിഞ്ഞതിൻ്റെ പിറ്റേന്ന്, താരത്തിന്റെ ഒരു കുറിപ്പും പുറത്തു വന്നിരുന്നു. “ഞാൻ മാനസികമായി തകർന്നു. പതിയെ പതിയെ പിടികൂടിയ വിഷാദം, ഒടുവിൽ എന്നെ പൂർണമായും കീഴ്പ്പെടുത്തിയിരിക്കുന്നു” എന്നാണ് ജൊങ്-ഹ്യുൻ അവസാനമായി എഴുതിയത്. എന്നാൽ, ഇതിലും കൂടുതൽ ആരാധകരെ ഞെട്ടിച്ചതെന്തെന്നാൽ, ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊതുപരിപാടികളിൽ താരം പങ്കെടുത്തിരുന്നു. ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ട താരം ഉള്ളിലൊതുക്കുന്ന വിഷമം ആരും തിരിച്ചറിഞ്ഞില്ല.

25 വയസിൽ മരിച്ച സുല്ലി

എഫ് (എക്സ്) എന്ന ബാൻഡിലൂടെ കൊറിയൻ വിനോദ മേഖലയിൽ അരങ്ങേറ്റം കുറിച്ച സുല്ലി, 2015-ലാണ് സിനിമ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബാൻഡ് വിടുന്നത്. പിന്നീട് സിനിമയിൽ സജീവമായിരുന്ന താരത്തെ, 2019-ൽ തന്റെ 25-ാം വയസിലാണ് ആത്മഹത്യ ചെയ്ത നിലയിൽ മുറിയിൽ നിന്നും കണ്ടെത്തുന്നത്. അന്ന് വലിയ വിവാദങ്ങൾക്ക് ഇടവെച്ചിരുന്ന ‘നോ ബ്രാ’ എന്ന കാംപെയ്നിന് താരവും പിന്തുണ അറിയിച്ചിരുന്നു. ഇതിൽ സുള്ളിക്കെതിരെ സൈബർ ആക്രമണം ശക്തമായതോടെ, താരം സിനിമ ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഇതിനു പിന്നാലെയാണ് മരണം.

‘ഗുഡ് ബൈ’ ഗൂഹാര


സുല്ലിയുടെ അടുത്ത സുഹൃത്തായിരുന്നു ഗൂഹാര. സുല്ലിയുടെ ആത്മഹത്യക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഗൂഹാരയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ‘കാര’ എന്ന സംഗീത ബാൻഡിലെ അംഗമായിരുന്ന താരം 2019-ൽ തന്റെ 28-ാം വയസിലാണ് ആത്മത്യ ചെയുന്നത്. കാമുകനോടൊപ്പമുള്ള ലൈംഗിക വീഡിയോ പുറത്തുവന്നതിനെ തുടർന്ന്, താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സമ്മർദ്ദം സഹിക്കവയ്യാതെ ഒടുവിൽ, തന്റെ ചിത്രത്തോടൊപ്പം ‘ഗുഡ് ബൈ’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം ഗൂഹാര ആത്മഹത്യ ചെയ്യുകയായിരുന്നു.

ALSO READ:കുറവിനെ കരുത്താക്കിയ മൂന്ന് ചെറുപ്പക്കാര്‍; അറിയാം ബിഗ് ഓഷ്യൻ എന്ന സംഗീത ബാൻഡിനെ കുറിച്ച്

ഗൂഹാരയുടെ ആത്മത്യക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ചാ ഇൻഹാ

ഗൂഹാരയുടെ ആത്മത്യക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് നടൻ ചാ ഇൻഹയെ സിയോളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 29 വയസായിരുന്നു. ‘സർപ്രൈസ് യു’ എന്ന സംഗീത ബാൻഡിലെ അംഗമായിരുന്ന താരം 2017-ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ മരണ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് താരങ്ങളെ പോലെ ഒരു തരത്തിലുള്ള സൈബർ ആക്രമണങ്ങളും അദ്ദേഹം നേരിട്ടിരുന്നില്ല.

സൊങ് യൂ-ജങ്

അഭിനേത്രിയും മോഡലുമായിരുന്ന സൊങ് യൂ-ജങ് 2021-ൽ തന്റെ 26-ാം വയസിലാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയുടെ കാരണം അവരുടെ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചലനമില്ലാതെ കിടന്ന മൂൻബിൻ

ആസ്ട്രോ എന്ന പ്രശസ്ത കൊറിയൻ സംഗീത ബാൻഡിലെ അംഗമായിരുന്ന മൂൻബിൻ 25-ാം വയസിലാണ് ആത്മഹത്യ ചെയ്യുന്നത്. സിയോളിലെ സ്വവസതിയിൽ ചലനമില്ലാതെ കിടന്ന മൂൻബിനെ മാനേജരാണ് ആദ്യം കണ്ടത്. അന്വേഷണത്തിൽ ആത്മഹത്യ ആണെന്ന് തെളിഞ്ഞെങ്കിലും കാരണം വ്യക്തമല്ല. അദ്ദേഹത്തിന്റെ സഹോദരി മൂൻസുഅ ‘ബില്ലി’ എന്ന സംഗീത ബാൻഡിലെ അംഗമാണ്.

ഹേസൂവിൻ്റെ രഹസ്യക്കുറിപ്പ്

ഗായിക ഹേസൂവിനെ 2023-ലാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 29 വയസായിരുന്നു. ഗായിക മരിക്കുന്നതിന് മുമ്പ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് കണ്ടെത്തിയിരുന്നെങ്കിലും, അതിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

ALSO READ: സൈനിക സേവനത്തിന് ബിടിഎസ് വാങ്ങുന്നത് മറ്റുള്ളവരെക്കാൾ ശമ്പളം; ബിടിഎസിലെ അംഗങ്ങൾ നേടുന്നത് എത്ര?

അതികഠിനമായ പരിശീലനങ്ങൾക്കൊടുവിൽ

ഇതിനു പുറമെയാണ് 2000-ത്തിന്റെ തുടക്കത്തിൽ ആത്മഹത്യ ചെയ്ത താരങ്ങളുടെ കണക്ക്. അതികഠിനമായ പരിശീലനങ്ങൾക്കൊടുവിലാണ് ഓരോ താരത്തെയും ബാൻഡിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. ട്രെയിനിങ് കാലയളവിൽ ഇവർക്ക് പാട്ട്, ഡാൻസ്, റാപ്പ്, മോഡലിംഗ്, അഭിനയം തുടങ്ങിയവയ്ക്ക് പരിശീലനം നൽകുന്നു. ഓരോ ട്രെയിനിങ് സെഷനും മണിക്കൂറുകളോളം നീണ്ടു നിൽക്കും. ഈ ട്രെയിനിങ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അരങ്ങേറ്റം അറിയിച്ച താരങ്ങളുമുണ്ട്, അഞ്ചാറ് വർഷങ്ങൾ വരെ ട്രെയിനിങ് ചെയ്യേണ്ടി വന്നവരുമുണ്ട്. എന്നാൽ, ട്രെയ്‌നിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അരങ്ങേറാൻ സാധിക്കണമെന്നുമില്ല. ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചാണ് ഒടുവിൽ അവർ സ്വപ്നത്തിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ, അവിടെ കാത്തിരിക്കുന്നത് അതിലും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്.

അഭിനേതാക്കളെക്കാൾ ഗായകർക്കാണ് സമ്മർദ്ദം ഒരുപടി കൂടുതലുള്ളത്. അവർക്കായി പ്രത്യേക നിയമങ്ങൾ തന്നെയുണ്ട്. ഏജൻസികളുമായുള്ള കരാർ പൂർത്തിയാകുന്നത് വരെ താരങ്ങൾ പ്രണയിക്കാനോ, പ്രണയിക്കുന്നത് പുറം ലോകം അറിയാനോ പാടില്ല. ബോയ് ഗ്രൂപ്പുകൾ ഗേൾ ഗ്രൂപ്പിലെ അംഗങ്ങളുമായും, തിരിച്ചും സംസാരിക്കുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു നിശ്ചിത ശരീരഭാരം നിലനിർത്തണം. ഇല്ലെങ്കിൽ അതിതീവ്രമായ ഡയറ്റുകളിൽ ഏർപ്പെടേണ്ടി വരും. ഇരുണ്ട നിറമുള്ള താരങ്ങളെ മാറ്റി നിർത്തുന്ന പ്രവണതയും ഉണ്ട്. കൊറിയ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ഓടിയെത്തുന്ന ചിത്രം ‘വെളുത്ത മെലിഞ്ഞ ശരീരമുള്ളവർ’ എന്നാണ്. ഈ ഇമേജ് നിലനിർത്താൻ അവർ നിർബന്ധിതരാവുന്നു. കമ്പനികൾ മാത്രമല്ല, ‘സേസാങ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആരാധകരും ഇതിന് കാരണമാണ്. അവർ സാധാരണ ആരാധകരിൽ നിന്നും വ്യത്യസ്തമായി, താരങ്ങളെ വിടാതെ പിന്തുടരുന്നവരാണ്. പരിധിയിലും കൂടുതൽ തീവ്രമായി സ്നേഹിക്കുന്നതും പ്രശ്‌നമാണ്.

അടുത്തിടെ, ന്യൂ ജീൻസ് എന്ന ഗേൾ ഗ്രൂപ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. അവർ സ്വന്തം ഏജൻസിയായ ഹൈബിനെതിരെ തൊഴിലിടത്തിലെ മാനസിക പീഡനം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിരിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടവെച്ചു. ഏജൻസിയുടെ ഭാഗത്ത് നിന്നും ഈ ബാൻഡ് പിരിച്ചുവിടാൻ ശ്രമം നടന്നുവെങ്കിലും വിഷയം വാർത്തയായതോടെ അത് നടക്കാതെ വന്നു. ഇത് സംബന്ധിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഏജൻസികൾക്ക് ഇതൊരു അടിയാണെങ്കിലും താരങ്ങളുടെ പിന്തുണ ഇവർക്കുണ്ട്. ഇനിയൊരു സുഹൃത്തിനെ കൂടി നഷ്ട്ടപ്പെടുത്താൻ തയ്യാറല്ലെന്നതിനാൽ, പല താരങ്ങളും ഇവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഈ വിഷയത്തോടെയെങ്കിലും കൊറിയൻ താരങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുമോ ഇല്ലയോ എന്നുള്ള കാര്യം നോക്കിക്കാണേണ്ടതാണ്.

Related Stories
Actor Abdul Nasar Pocso Case: നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
Parvathy Thiruvothu: ‘അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ; ആര് വന്നാലും എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു’; പാർവതി തിരുവോത്ത്
Ahaana Krishna: അത് പുലിയാണ് പൂച്ചയല്ല… രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ
Nayanthara-Dhanush: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ
Dileep-Manju Warrier: കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞ് മഞ്ജു കരഞ്ഞു, അമേരിക്കയില്‍ വെച്ചല്ല പ്രശ്‌നങ്ങള്‍ തുടങ്ങിയത്: ലിബേര്‍ട്ടി ബഷീര്‍
BTS Jin: ‘സോളോ കരിയറിന് വേണ്ടി ബാൻഡ് വിടില്ല, എന്റെ വേരുകൾ ഇവിടെയാണ്’; അഭ്യൂഹങ്ങൾ തള്ളി ബിടിഎസ് താരം ജിൻ
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി