Tharun Moorthy: ആ സാഡ് സ്‌മൈലിയിലാണ് അപകടം മനസിലായത്; നിഷാദിന്റെ മരണത്തെക്കുറിച്ച് തരുണ്‍ മൂര്‍ത്തി
Tharun Moorthy about Nishadh Yusuf: ആ രാത്രിയില്‍ നിഷാദ് ലാലേട്ടനൊപ്പം അഭിനയിച്ചു. തങ്ങള്‍ ടെന്‍ഡിലിരുന്ന് ഒരുമിച്ച് സംസാരിച്ചു, ചിരിച്ചു. നിഷാദ് ലാലേട്ടനൊപ്പം സെല്‍ഫിയുമെടുത്തു. കങ്കുവയുടെ പരിപാടിക്ക് പോകുവാണെന്നും പറഞ്ഞാണ് നിഷാദ് അവിടെ നിന്നും പോയത്. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ നന്ദിയും പറഞ്ഞാണ് പോയതെന്നും തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍-ശോഭന ജോഡി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന മലയാള ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോഴും ചിത്രത്തിന്റെ എഡിറ്ററായ നിഷാദ് യൂസഫ് ഇന്ന് സിനിമ കാണാനില്ലാത്തതാണ് അണിയറ പ്രവര്‍ത്തകരുടെ വേദന. കഴിഞ്ഞ ഒക്ടോബറിലാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടരും സിനിമയുടെ ഷൂട്ടിങ് തീരാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് നിഷാദിന്റെ മരണവാര്‍ത്ത കേള്‍ക്കുന്നതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിഷാദിനെക്കുറിച്ച് സംസാരിച്ചത്.
സൗദി വെള്ളക്കയിലും, ഓപ്പറേഷന്‍ ജാവയിലും നിഷാദ് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടായിരുന്നു. പറ്റിയ സ്‌പേസ് ഇല്ലാതിരുന്നതിനാല്‍ അതില്‍ കൊടുത്തില്ല. തുടരും സിനിമയില്‍ നിഷാദിനെ കൊണ്ട് ഒരു സീന്‍ അഭിനയിപ്പിച്ചുവെന്ന് തരുണ്‍ പറഞ്ഞു.
”ആ സമയത്ത് പാലക്കാട് ഷൂട്ടിങ് നടക്കുന്നതിനിടെ തമിഴ്‌നടന്‍ ആര്‍.ജെ. ബാലാജി വിളിച്ചു. അദ്ദേഹം വിളിച്ചിട്ട് നിഷാദിനെ കണക്ട് ചെയ്ത് തരാമോയെന്ന് ചോദിച്ചു. പുതിയ സൂര്യ സിനിമയുടെ പ്രോജക്ടിന്റെ ഭാഗമായിരുന്നു അത്. ഓള്‍റെഡി കങ്കുവ എഡിറ്റ് ചെയ്തു കഴിഞ്ഞ സമയമാണ്. വീണ്ടുമൊരു സൂര്യ പ്രോജക്ട് വരുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് അവനുണ്ട്. പോയി ചെയ്യണമെന്നും, എഡിറ്റില്‍ ഇനിയുള്ള 10 വര്‍ഷം നിന്റെ വര്‍ഷമാണെന്നും ഞാന്‍ പറയുമായിരുന്നു”- തരുണിന്റെ വാക്കുകള്‍.




ആ രാത്രിയില്‍ നിഷാദ് ലാലേട്ടനൊപ്പം അഭിനയിച്ചു. തങ്ങള്‍ ടെന്‍ഡിലിരുന്ന് ഒരുമിച്ച് സംസാരിച്ചു, ചിരിച്ചു. നിഷാദ് ലാലേട്ടനൊപ്പം സെല്‍ഫിയുമെടുത്തു. സ്‌പോട്ട് എഡിറ്റിങിന് വന്ന ഷെഫീഖ് എന്ന ഒരു പയ്യനുണ്ടായിരുന്നു. ഷെഫീഖിന്റെ എഡിറ്റിങ് നല്ല രസമാണ്. നമ്മള്‍ പറയുന്നതിലും മുകളില്‍ എഡിറ്റ് ചെയ്യുന്നയാളാണ് ഷെഫീഖ്. സാധാരണ സ്‌പോട്ട് എഡിറ്റര്‍മാരുടെ എഡിറ്റിങ് നിഷാദ് കാണാറില്ല. ഷെഫീഖിന്റെ എഡിറ്റിങ് കണ്ടുനോക്കാന്‍ നിഷാദിനോട് പറഞ്ഞു. വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ ഹെഡ്‌സെറ്റും വെച്ച് നിഷാദ് ഷെഫീഖിന്റെ എഡിറ്റിങ് കാണുന്നതാണ് കണ്ടത്. വേറൊരാള്‍ എഡിറ്റ് ചെയ്യുന്നത് നിഷാദ് ഇത്ര കൗതുകത്തോടെ കാണുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും തരുണ്‍ വ്യക്തമാക്കി.
എല്ലാം കഴിഞ്ഞപ്പോള്‍ ‘കൊള്ളാമെടാ’ എന്ന് നിഷാദ് ഷെഫീഖിനോടും പറഞ്ഞു. അതും ആദ്യമായിട്ടാണ് കാണുന്നത്. കാരണം നിഷാദ് അങ്ങനെയും ഒരാളോടും പറയാറില്ല. ‘മച്ചാനെ, ഞാന്‍ കങ്കുവയുടെ പരിപാടിക്ക് പോകുവാ’ണെന്നും പറഞ്ഞാണ് നിഷാദ് അവിടെ നിന്നും പോയത്. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ നന്ദിയും പറഞ്ഞാണ് പോയതെന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.
ഷൂട്ടിങ് തീരുന്നതിന് മൂന്ന് ദിവസം മുമ്പ് പുലര്‍ച്ചെ നാല് മണിയോളമായി റൂമിലെത്തിയപ്പോള്‍. മൂന്ന് മണിക്ക് ബോബി ചേട്ടന്‍ (നടന്‍ ബോബി കുര്യന്‍) ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസേജ് അയച്ചിട്ടുണ്ടായിരുന്നു. നമ്മുടെ നിഷാദ് പോയി എന്നായിരുന്നു മെസേജ്. തനിക്ക് ഒന്നും മനസിലായില്ല. അപ്പോള്‍ തന്നെ ബോബി ചേട്ടനെ വിളിച്ചു. എടുത്തില്ല. ആ മെസേജിന്റെ കൂടെ ഒരു സാഡ് സ്‌മൈലിയുണ്ടായിരുന്നു. അതോടെയാണ് അതില്‍ ഒരു അപകടമുണ്ടെന്ന് മനസിലായത്. താഴത്തെ റൂമിലുണ്ടായിരുന്ന ബിനു ചേട്ടനെ വേഗം വിളിച്ചു. കുറേ പേരെ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. അവസാനം ബിനു ചേട്ടന്‍ ഖാലിദ് റഹ്‌മാനെ വിളിച്ചു. അപ്പോഴാണ് മരണം അറിയുന്നത്. അതൊരു ഷോക്കായിരുന്നുവെന്നും തരുണ്‍ വ്യക്തമാക്കി.