Tharun Moorthy: പ്രേമം സെൻസർ കോപ്പി പുറത്തായതുകൊണ്ടാണ് ഓപ്പറേഷൻ ജാവ ഉണ്ടായത്; വെളിപ്പെടുത്തി തരുൺ മൂർത്തി
Tharun Moorthy About Operation Java: ഓപ്പറേഷൻ ജാവ എന്ന സിനിമ സംഭവിക്കാൻ കാരണം പ്രേമം സിനിമയുടെ സെൻസർ കോപ്പി റിലീസായതുകൊണ്ടെന്ന് തരുൺ മൂർത്തി. ഷൈജു ഖാലിദാണ് ഇക്കാര്യം ആദ്യം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ആദ്യ സിനിമയായ ഓപ്പറേഷൻ ജാവ ഉണ്ടാവാൻ കാരണം പ്രേമം സിനിമയുടെ സെൻസർ കോപ്പി പുറത്തായതുകൊണ്ടെന്ന് സംവിധായകൻ തരുൺ മൂർത്തി. 2021ൽ പുറത്തിറങ്ങിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ നായകനാക്കിയുള്ള തുടരും എന്ന സിനിമയാണ് ഇനി തരുൺ മൂർത്തിയുടേതായി പുറത്തിറങ്ങാനുള്ളത്.
ഓപ്പറേഷൻ ജാവ സംഭവിച്ചത് ആകസ്മികമായാണെന്ന് തരുൺ മൂർത്തി പറഞ്ഞു. ഷൈജു ഖാലിദിനോടും സമീർ താഹിറീനോടും മറ്റ് സബ്ജക്ടുകൾ സംസാരിച്ചുകൊണ്ടിരിക്കെ റഷീദിൻ്റെ ഫ്ലാറ്റിൽ പ്രേമം സെൻസർ കോപ്പി ലീക്കായത് അന്വേഷിക്കാൻ സൈബർ സെൽ ഉദ്യോഗസ്ഥരൊക്കെ വന്നിരുന്നു. അൻവർ റഷീദ് ഇതിൻ്റെ കുറേ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞു. തിരികെ പോകുന്ന സമയത്ത് ഷൈജു ഖാലിദാണ് ചോദിക്കുന്നത്, ഇതിലൊരു സിനിമയുണ്ടല്ലോ എന്ന്. കുറേ ഇൻഫർമേഷൻ പലയിടങ്ങളിൽ നിന്ന് കിട്ടുന്നുണ്ട്. പോലീസിന് സഹായം ചെയ്തുകൊടുക്കുന്നത് രണ്ട് പയ്യന്മാരാണെന്ന് ഇതിനിടെ അൻവർ റഷീദ് പറഞ്ഞു. അങ്ങനെ സുഹൃത്ത് വിഷ്ണു ഇവരെ കാണാൻ പോയി. അവർ പറഞ്ഞതൊക്കെ സുഹൃത്ത് മൊബൈലിൽ റെക്കോർഡ് ചെയ്തു. അവരിൽ നിന്ന് കുറേ കാര്യങ്ങൾ കിട്ടി. ഒരു 40 മിനിട്ടിൻ്റെ കണ്ടൻ്റ് അവർ തന്നെ തന്നു എന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.




ഈ കഥയായതുകൊണ്ട് പലരും കേൾക്കാൻ തയ്യാറായിരുന്നു. നടന്ന സംഭവങ്ങൾ കാരണമാണ് സിനിമയിലെ ഫിക്ഷനും ആളുകൾ വിശ്വസിച്ചത്. ഷൈജു ഖാലിദാണ് എനിക്ക് ധൈര്യം തന്നത്. സൈബർ പോലീസുമായി ബന്ധപ്പെട്ട കഥകൾ അങ്ങനെയില്ലെന്നും ഇത് നല്ല സിനിമയാവുമെന്നും അദ്ദേഹം പറഞ്ഞു. അതിൻ്റെ പണി തുടങ്ങിയപ്പോഴാണ് ആക്ഷൻ ഹീറോ ബിജു സംഭവിച്ചത്. അങ്ങനെയായപ്പോൾ ഷൈജു ഖാലിദിന് ഇതിലുള്ള താത്പര്യം പോയി. പക്ഷേ, ഇത് എൻ്റെ മനസിൽ കിടന്നു. ഒന്നാമത് തന്നെ ഇൻഡസ്ട്രിയിലുള്ള ആളുകൾ കാണും. പിന്നെ ആളുകളും കാണും. അൽഫോൺസ് പുത്രനോറ്റും അൻവർ റഷീദിനോടും അനുവാദം വാങ്ങണമായിരുന്നു. അൽഫോൺസിനോട് കൃത്യമായി സംസാരിക്കാനായില്ല. അൻവർ റഷീദ് പറഞ്ഞു, സത്യം സത്യമായി പറയണമെന്ന്. അങ്ങനെയെങ്കിലേ ഉപയോഗിക്കാവൂ എന്ന് പറഞ്ഞിരുന്നു. സിനിമ റിലീസിൻ്റെ അന്ന് അദ്ദേഹം കണ്ടിട്ട് നന്ദി പറഞ്ഞു എന്നും തരുൺ മൂർത്തി വിശദീകരിച്ചു.