തുടരും പ്രീ സെയിൽ ബസൂക്കയെ വെട്ടി; വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ മോഹൻലാൽ
Thudarum Advance Booking: ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ആദ്യ മണിക്കൂർ പിന്നീടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന തുടരും. ചിത്രം നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. ഇതിനു മുന്നോടിയായി സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ആദ്യ മണിക്കൂർ പിന്നീടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ രണ്ട് കോടിക്ക് മുകളിൽ പ്രീ സെയ്ൽസ് നേടിയതായാണ് റിപ്പോർട്ട്. ഇതോടെ പ്രീ സെയിലില്‍ മമ്മൂട്ടി നായകനായി എത്തിയ ‘ബസൂക്ക’യെ കടത്തിവെട്ടിയിരിക്കുകയാണ് മോഹൻലാലിന്റെ ‘തുടരും’.
അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്.
ഈ വർഷം മലയാള സിനിമയിലെ റെക്കോര്‍ഡ് പ്രീ സെയില്‍ നേടിയ ചിത്രം എമ്പുരാനാണ്. എമ്പുരാന്‍റെ കേരള അഡ്വാന്‍സ് ബുക്കിംഗ് 11.69 കോടിയുടേത് ആയിരുന്നു. ഇതിനു ശേഷം രണ്ടാം സ്ഥാനത്താണ് തുടരും. ബസൂക്കയുടെ കേരള പ്രീ സെയില്‍സ് (ആകെ) 1.50 കോടിയും നസ്‍ലെന്‍ ചിത്രം ആലപ്പുഴ ജിംഖാനയുടേത് 1.40 കോടിയും ആയിരുന്നു.
അതേസമയം ഒരു ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശോഭന കൂട്ടുക്കെട്ട് വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇവർക്ക് പുറമെ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.