Tech billionaire ankur marriage: ഈജിപ്തിലെ അസ്തമയ സൂര്യൻ്റെ കിരണങ്ങളെ തൊട്ടറിഞ്ഞ് അങ്കുർ വിവാഹിതനായി
ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഗോൾഡൻ, സിൽവർ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വധുവായ എറിക്കയുടെ വേഷം.
വിവാഹം ഗംഭീരമാക്കാൻ കോടികൾ ചെലവഴിക്കാൻ പോലും ഇന്ന് ആർക്കും മടയില്ല. ആഡംബര വിവാഹങ്ങൾ ഈയിടയായി നമ്മുടെ നാട്ടിലും സാധാരണമാണ്. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കുർ ജെയ്ൻ്റെ വിവാഹമാണ് വൈറലായിരിക്കുന്നത്.
മുൻ ഡബ്ല്യുഡബ്ല്യുഇ താരം എറിക ഹാമണ്ടിനെയാണ് അങ്കുർ ജീവിതസഖിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിവാഹം നടന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേയും ഗിസയിലെ ഗ്രേറ്റ് സ്ഫിങ്കിന്റേയും സാക്ഷിയാക്കിയാണ് അങ്കുർ എറിക്കയെ സ്വന്തമാക്കിയത്. ടെക്ക് കമ്പനിയായ ബിൽറ്റ് റിവാർഡിന്റെ സിഇഒയാണ് അങ്കുൽ.
അങ്കുറിന്റെ പിതാവ് നവീൻ കെ ജെയ്ൻ ഉത്തർ പ്രദേശുകാരനാണെങ്കിലും അങ്കുർ ന്യൂയോർക്കിലാണ് താമസം. വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. അങ്കുറിന്റെ മാതാപിതാക്കളായ നവീനും അനു ജെയിനും എറിക്കയുടെ മാതാപിതാക്കളായ ടോന്യയും വിൽ ഹാമണ്ടും വിവാഹത്തിൽ പങ്കെടുത്തു. ഇവർക്കൊപ്പം അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കാനെത്തി.
വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും പുതിയ ജീവിതത്തിന്റെ തുടക്കത്തിന് എന്തുകൊണ്ടും യോജിച്ച സ്ഥലമായിരുന്നു ഈജിപ്‌തെന്നും അങ്കുർ പറഞ്ഞു. എല്ലാതരത്തിലുള്ള സാമ്പ്രദായിക കാര്യങ്ങളും ഉപേക്ഷിച്ച വിവാഹത്തിന് ബ്രൈഡൽ പാർട്ടിയോ വെഡ്ഡിങ് കേക്കോ ഉണ്ടായിരുന്നില്ല. പൂക്കൾ കൊണ്ട് വേദി അലങ്കരിക്കുന്നതും പൂർണമായി ഒഴിവാക്കിയിരുന്നു.
ഈജിപ്തിലെ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. പ്രൈവറ്റ് ജെറ്റിലാണ് അതിഥികളെല്ലാം ഈജിപ്തിലെത്തിയത്. പുലർച്ചെ അഞ്ച് മണി വരെ ആഘോഷങ്ങൾ നീണ്ടുനിന്നു. അതിഥികൾക്കായി വിഭവസമൃദ്ധമായ അത്താഴമാണ് ഒരുക്കിയിരുന്നത്. ഇതിനൊപ്പം കലാകാരൻമാരുടെ പാട്ടും നൃത്തവുമെല്ലാം അരങ്ങേറി.
ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഗോൾഡൻ, സിൽവർ നിറങ്ങൾ ചേർന്ന ലെഹങ്കയായിരുന്നു വധുവായ എറിക്കയുടെ വേഷം. അച്ഛന്റെ കൈപിടിച്ചാണ് എറിക വിവാഹ വേദിയിലെത്തിയത്. പിന്നിൽ ട്രെയ്ൻ പിടിച്ച് എറിക്കയുടെ കൂട്ടുകാരുമുണ്ടായിരുന്നു. ഇരുവരും വിവാഹത്തിന് ശേഷം പരസ്പരം ചുംബിച്ചു.
വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെയാണ് അങ്കുർ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്വപ്‌നം പോലെയാണ് ഈ വിവാഹം തോന്നുന്നതെന്ന് നിരവധി പേർ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.