Nadikar sankham :’പരാതി പരിഹാര സെല്‍ രൂപവത്കരിക്കും; കുറ്റക്കാര്‍ക്ക് 5 വര്‍ഷത്തേക്ക് വിലക്ക്’; ലൈംഗികാതിക്രമങ്ങൾക്കെതിരെ നടികർ സംഘം
സിനിമ മേഖലയിലെ ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി.
ചെന്നൈ: മലയാള സിനിമയിൽ നേരിട്ട പ്രശ്നങ്ങളും ചൂഷണങ്ങളും പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ഇതിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കുമെന്നും ഇത്തരത്തിലുള്ള ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കുമെന്നും നടികർ സംഘം രംഗത്ത്.
ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ് സിനിമയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികര്‍സംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പോലീസിന് കൈമാറും.
അതേസമയം സിനിമ മേഖലയിലെ ലൈംഗിക അതിക്രമ പരാതികൾ വനിത സിനിമാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിക്കരുതെന്ന് സംഘടന നിർദ്ദേശം നൽകി. പരാതി ഉണ്ടെങ്കിൽ ആദ്യം ഐസിസിയെ അറിയിക്കണമെന്നും സംഘടന പറഞ്ഞു. ടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ആണ് സർക്കുലർ തയാറാക്കിത്. ബുധനാഴ്ച രാവിലെ 11-നാണ് നടികര്‍ സംഘത്തിന്റെ യോഗം ചെന്നൈയില്‍ ചേര്‍ന്നത്. നടന്മാരായ നാസര്‍ (പ്രസിഡന്റ്), വിശാല്‍ (സെക്രട്ടറി), കാര്‍ത്തി (ട്രഷറര്‍) എന്നിവരാണ് നടികര്‍ സംഘത്തിന്റെ തലപ്പത്തുള്ളത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.