Nayanthara: ‘നയൻതാരയാണ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത്, അന്ന് ആ കോൾ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇല്ല’; തുറന്ന് പറഞ്ഞ് നടൻ
Thambi Ramaiah About Nayanthara: നയൻതാരയുടെ ആ കോളാണ് ഇന്ന് ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണമെന്ന് തമ്പി രാമയ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവൻെറയും വിവാഹ ഡോക്യുമെന്ററി ‘നയൻതാര ബിയോണ്ട് ദ ഫെയറിടെയ്ൽ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. നടനും നിർമ്മാതാവുമായ ധനുഷ് നിർമ്മിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തുന്നതിനുള്ള എൻഒസി നൽകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ നയൻതാര ധനുഷിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് സമൂഹ മാധ്യമത്തിലൂടെ ഒരു തുറന്ന കത്ത് പുറത്തുവിട്ടതോടെ പ്രശ്നം ആളിക്കത്താൻ ആരംഭിച്ചു. ഇതോടെ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും അവരുടെ കമ്പനിയായ റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ധനുഷ് കേസും ഫയൽചെയ്തു,.
സംഭവത്തിൽ നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് രംഗത്ത് വന്നത്. അതിനിടെ, ധനുഷിന്റെ വിവാഹ മോചന വാർത്തയ്ക്ക് പിന്നാലെ നയൻതാര നടത്തിയ ഒരു പരാമർശവും വിവാദമായി. ധനുഷിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി നടനെ ഉദ്ദേശിച്ചാണെന്ന് പലരും അഭിപ്രായപ്പെട്ടു. “നിങ്ങൾ ഒരാളുടെ ജീവിതം നുണ പറഞ്ഞ് നശിപ്പിക്കുമ്പോൾ, അത് ലോണായി കാണക്കാക്കുക, അത് നിങ്ങൾക്ക് പലിശ സഹിതം തിരികെ കിട്ടും” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇത്തരം വിമർശനങ്ങൾ ഉയരുന്ന സമയത്ത് നയൻതാരയെ കുറിച്ച് മുമ്പ് തമ്പി രാമയ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ അമ്മ മരിച്ച സമയത്ത് നയൻതാര വിളിച്ചതിനെകുറിച്ചാണ് തമ്പിരാമയ്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അമ്മ മരിച്ചപ്പോൾ താൻ വല്ലാതെ ഒറ്റക്കായി പോയെന്നും, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നയൻതാരയുടെ ആ കോളാണ് ഇന്ന് ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണമെന്നും തമ്പി രാമയ്യ വ്യക്തമാക്കിയിരുന്നു.
“അമ്മ മരിച്ചപ്പോൾ താൻ വല്ലാതെ തളർന്നു പോയിരുന്നു. അമ്മയായിരുന്നു തനിക്ക് എല്ലാം. അമ്മയുടെ മരണത്തോടെ താൻ കടുത്ത വിഷാദത്തിന് അടിപ്പെട്ടു. അന്ന് തന്റെ മകളുടെ വിവാഹം മാത്രമേ നടന്നിട്ടുള്ളൂ. മകന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ആത്മഹത്യയെക്കുറിച്ച് വരെ താൻ ചിന്തിച്ചു. ആ സമയത്ത് നാല് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. നിർമ്മാതാക്കൾക്ക് തന്റെ മരണം നഷ്ടമുണ്ടാക്കുമെന്ന് കരുതി. നയൻതാരയ്‌ക്കൊപ്പം അന്ന് ഡോറ എന്ന സിനിമയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് നയൻതാര തന്നെ വിളിക്കുന്നത്. അവർ അന്ന് എനിക്ക് പല യാഥാർഥ്യങ്ങളും മനസിലാക്കിതന്നു. അതിന് ശേഷം ആത്മഹത്യ ചിന്തകൾ ഇല്ലാതായി.
കൃത്യസമയത്ത് നയൻതാര വിളിച്ചില്ലായിരുന്നെങ്കിൽ തനിക്കെന്ത് സംഭവിക്കുമായിരുന്നെന്ന് ആലോചിക്കാൻപോലും പറ്റില്ല. അന്ന് തെറ്റായ തീരുമാനം എടുത്തിരുന്നുവെങ്കിൽ മകന്റെ വിവാഹം കാണാൻ കഴിയില്ലായിരുന്നു. പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നങ്ങളും ഈ ലോകത്തിൽ ഇല്ല. പ്രതിസന്ധികളുണ്ടാകുമ്പോൾ നമുക്ക് താഴെയുള്ളവരുടെ പ്രശ്നങ്ങൾ ചിന്തിച്ചാൽ നമ്മുടേത് ഒരു പ്രശ്നമല്ലെന്ന് മനസിലാകും” തമ്പിരാമയ്യ പറഞ്ഞു.