Tamil Actor Jayam Ravi :ഇനി മുതൽ ‘രവി മോഹൻ’; പേര് മാറ്റി തമിഴ് നടന്‍ ജയം രവി
Tamil Actor Jayam Ravi Changes Name: ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം അറിയിച്ചു.
ഏറെ ആരാധകരുള്ള തമിഴ് താരമാണ് നടൻ ജയം രവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. തന്റെ പേര് മാറ്റിയെന്നും ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ച്ത്.
ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാമെന്നും തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം ഇക്കാര്യം അറിയിച്ചത്. അതേസമയം താരത്തിന്റെ പുതിയ ചിത്രമായ പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈയുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് പേര് മാറ്റൽ. പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനാണ് ജയം രവി. താരം ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് പേരിന്റെ കൂടെ ജയം എന്ന് ചേർത്ത് ജയം രവി എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
View this post on Instagram
പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും ആരംഭിച്ചതായി താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറില്‍ എത്തുകയെന്നും താരം കുറിപ്പിൽ പറയുന്നു. പുതുമുഖങ്ങള്‍ക്കും അവസരങ്ങളൊരുക്കുന്ന അതേസമയം അര്‍ഥവത്തായ സിനിമകള്‍ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതേസമയം താരം പേര് മാറ്റിയതോടെ ഫാന്‍സ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ് ഫൗണ്ടേഷന്‍ എന്നാണ് ഇനി അറിയപ്പെടുക.
ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. നാളെ തിയറ്ററുകളിലെത്തുന്ന ചിത്രം റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്നതാണ്. രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കിരുത്തിഗ ഉദയനിധിയാണ്. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാനാകാത്തതിനാല്‍ ചിത്രത്തിന്റെ വിജയം ജയം രവിക്ക് അനിവാര്യമാണ്. ഇപ്പോൾ ബുക്ക് മൈ ഷോയില്‍ ട്രെൻഡിംഗായി ചിത്രം മാറിയിരിക്കുകയാണ്.ഈ വര്‍ഷം തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. 2026 ല്‍ തനി ഒരുവന്‍ രണ്ടാം ഭാഗവും പുറത്തെത്തും.