Delhi Ganesh Dies: തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
Actor Delhi Ganesh Passed Away: ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ സ്വവസതിയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.
ചെന്നൈ: മുതിർന്ന തമിഴ് നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ സ്വവസതിയിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ഡൽഹി ഗണേഷ് നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 1994ൽ നെല്ലായിയിൽ ജനിച്ച നടൻ ഭാരത് നാടക സഭ എന്ന ഡൽഹി നാടക സംഘത്തിലെ അംഗം കൂടി ആയിരുന്നു. അഭിനയം ആരംഭിക്കുന്നതിന് മുമ്പ് 1964-74 കാലഘട്ടത്തിൽ അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ALSO READ: ‘എന്റെ മോളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം’; വിവാഹ വിഡിയോയുടെ ട്രെയിലർ പുറത്ത്
തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ഡൽഹി ഗണേഷ് ക്യാരക്ടർ റോളുകളിൽ മാത്രമല്ല ഹാസ്യ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അവ്വൈ ഷണ്മുഖി, നായകൻ, മൈക്കൽ മദന കാമരാജൻ, സാമി, അയൺ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നടൻ വേഷമിട്ടു. കമൽ ഹാസൻ, രജനികാന്ത്, വിജയകാന്ത്, വിജയ് തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചു. അതേസമയം, കൊച്ചി രാജാവ്, പോക്കിരി രാജ, മനോഹരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനസിലും ഇടം നേടി.